Fri. Mar 29th, 2024

കസ്റ്റഡി മരണത്തിന്റെ രക്തക്കറ മായുംമുന്‍പേ നിരോധിത മൃഗബലി നടത്തി വിവാദം സൃഷ്ടിച്ച് കേരള പോലീസ്. പാലക്കാട് നെന്മാറ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണ് ക്ഷേത്രത്തില്‍ ആടിനെ അറുത്ത് മൃഗബലി നടത്തിയത്. നെന്മാറ വേല കുഴപ്പങ്ങളൊന്നും കൂടാതെ ഭംഗിമായി അവസാനിച്ചതിന്റെ പ്രത്യുപകാരമായിരുന്നു മൃഗബലി. പോലീസുകാര്‍ തന്നെയാണ് പൂജ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച കൊല്ലങ്കോട് ചിങ്ങന്‍ചിറ കറുപ്പസ്വാമി ക്ഷേത്രത്തിലാണ് പോലീസുകാര്‍ ആടിനെ കൊണ്ടുവന്ന് ബലി നല്‍കിയത്. മാതൃഭൂമി ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

മൃഗബലി നടക്കുന്നതിനു മുന്‍പ് ചില പോലീസുകാര്‍ മഫ്തിയില്‍ ഇവിടെ എത്തിയിരുന്നു. വൈകാതെ ആടിനെയും എത്തിച്ചു. സി.ഐയും എസ്.ഐയും അടക്കമുള്ളവര്‍ പോലീസ് വാഹനത്തിലാണ് ക്ഷേത്രത്തില്‍ എത്തിയത്. ബലി നടത്തിയ ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തി. അറുത്ത ആടിനെ പാചകം ചെയ്ത് ഭക്ഷണവും കഴിച്ച ശേഷമാണ് പോലീസ് സംഘം ഇവിടെനിന്ന് മടങ്ങിയത്.

വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും ഈ ക്ഷേത്രത്തില്‍ മൃഗബലി പതിവാണെന്നും നിരവധി പേര്‍ ഇതിനായി ഇവിടെ വന്നുപോകാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.പോലീസിന്റെ മൃഗബലി വിവാദമായതോടെ പാലക്കാട് എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു. ആലത്തുര്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാര്‍ക്കാണ് അന്വേഷണ ചുമതല.