Mon. Nov 23rd, 2026

മക്കളുടെയും മാതാപിതാക്കളുടെയും അടക്കം നാലു കൊലപാതകങ്ങളും നടത്തിയത് സൗമ്യ തന്നെ: മക്കളെ കൊന്നത് ചോറില്‍ എലിവിഷം കലര്‍ത്തി; അച്ഛനും അമ്മയ്ക്കും വിഷം ചേര്‍ത്ത കറി നല്‍കി; കൊലപാതകങ്ങള്‍ക്കു പിന്നില്‍ വഴിവിട്ട ജീവിതം

പിണറായി പടന്നക്കാരിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യ​യെ പോലീസ് അറസ്റ്റ് ചെയ്തു. സൗമ്യ തന്നെയാണു കുറ്റകൃത്യത്തിനു പിന്നില്‍ എന്നു ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ സാഹചര്യത്തലാണ് അറസ്റ്റ്. സൗമ്യയെ കൂടാതെ മൂന്നു പേര്‍ കൂടി പോലീസ് കസ്റ്റഡയില്‍ ഉണ്ട്. പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

കൊലപാതകങ്ങള്‍ കൃത്യമായ ഗൂഢാലോചനയോടും ആസൂത്രണത്തോടെയുമാണ് നടത്തിയത് എന്നു പറയുന്നു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വഭാവികതയും വീട്ടിലെ പുരുഷ സുഹൃത്തുക്കളുടെ സാന്നിധ്യവുമാണ് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മരണങ്ങള്‍ എല്ലാം വിഷം ഉള്ളില്‍ ചെന്നാണ് എന്നു കണ്ടെത്തി.  അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണു സൗമ്യയും വിഷം കഴിച്ചത് എന്നും സൂചനയുണ്ട്.

ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ മരുന്നിലൂടെയോ വിഷം ഉള്ളില്‍ ചെന്നതാകാം എന്നു പറയുന്നു. പിഞ്ചുകുഞ്ഞ് അടക്കം എല്ലാവരും മരിച്ചതു കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തു അലുമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തു ആണ് എന്ന് അന്വേഷണ സംഘം ഏറക്കൂറെ ഉറപ്പിച്ചു കഴിഞ്ഞു. കമലയുടേയും ഭര്‍ത്താവു കുഞ്ഞിക്കണ്ണന്റെയും ആന്തീരകാവയവങ്ങളില്‍ ഇതേ വിഷാംശം കണ്ടെത്തിയതോടെയാണ് ദുരൂഹ മരണങ്ങളുടെ ചുരുളഴിഞ്ഞത്.

2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സൗമ്യയുമായി ബന്ധമുള്ള നാലു യൂവാക്കളെ ഇതിനോടകം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നാണ് സൂചന. എന്നാല്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

ഗൃഹനാഥനും കൊച്ചുമക്കളും ഉള്‍പ്പെടെ ഒരുവീട്ടില്‍ അടിക്കടിയുണ്ടായത് നാല് മരണങ്ങളാണ്. എന്നാല്‍ ഇവയെ കുറിച്ചൊന്നും അന്വേഷണവും നടന്നിരുന്നില്ല. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു നാലുപേരും വൈദ്യസഹായം തേടിയിരുന്നത്. കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു വിധേയമാക്കിയിരുന്നില്ല. എന്നാല്‍ ആ മാര്‍ച്ചില്‍ കമല മരിച്ചപ്പോള്‍ മൃതദേഹ പരിശോധന നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. മൃതദേഹ പരിശോധനയ്ക്കു ശേഷമാണ് കമലയുടെ ശരീരം സംസ്‌കരിച്ചത്. എന്നാല്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിരുന്നുമില്ല.