Fri. Apr 19th, 2024

രഹ്ന ഫാത്തിമ

ഞാൻ എന്തുകൊണ്ട് #JusticeForAsifa എന്ന ഹാഷ്ടാഗ് ഉപയോഗിച്ചില്ല ?,ആ സംഭവത്തിനെതിരെ പ്രതികരിച്ചില്ല? എന്ന് ഒരുപാട് അറബി പേരുകാരും സംസ്കൃതം പേരുകാരുമായ എവിടേലും പെണ്ണിന്റെ തുണിമാറിക്കണ്ടാൽ ആസിഫാ സ്നേഹികളായി നടിച്ചു ഹാഷ്‌ടാഗും കൊണ്ട് ഓടിവരുന്ന സദാചാരികൾ ഇൻബോക്സിൽ വന്നു ചോദിക്കുകയും മറ്റുപോസ്റ്റുകൾക്കടിയിൽ വന്നു ‘എന്ത് വിഷയത്തിനും തുണിയഴിച്ചു പ്രതിഷേധിക്കുന്നവൾ എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല ?”എന്ന് രോദിക്കുകയും സെക്സ് ഷെയിമിങ്ങും സ്ലട്ട് ഷെയിമിങ്ങും നടത്തുകയും “നിന്റെയൊക്കെ പൂറ്റിലാണ് കമ്പി കയറ്റേണ്ടത് “എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്, അവരുടെ പ്രൊഫൈൽ പിക്കും ആസിഫയുടേതാണ് എന്നതാണ് വിരോധാഭാസം .

ഈ വിഷയത്തിൽ വർഗീയതക്ക് വലിയ പങ്കുണ്ടെങ്കിലും പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരെ പീഡോഫൈൽ എന്ന് പറയാതെ അതിനെ കക്ഷിരാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സംഘി അജണ്ട ആയി ആരോപിച്ചു നിസാരവത്കരിക്കുന്നതിനോട് യോജിക്കുന്നില്ല .മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലും മറ്റെന്തിന്റെ പേരിലായാലും പീഡിപ്പിക്കപ്പെടുന്നത് സ്ത്രീയോ പെണ്കുഞ്ഞോ ആണ് .അതിന് കാരണം സ്ത്രീയെ വസ്തുവല്കരിക്കുന്നതും ലൈംഗിക ദാരിദ്ര്യവും ലൈംഗികപരമായ അക്രമിക്കപെട്ടാൽ അതിൽ മാനക്കേട് തോന്നേണ്ടത് അക്രമിക്കപെട്ടവൾക്കാണ് എന്ന പൊതുബോധവുമാണ്.അല്ലാതെ ഇവിടെ നിയമമില്ലാഞ്ഞിട്ടോ ഇവർക്ക് നിയമപരിരക്ഷ കിട്ടിയിട്ടോ അല്ല .ഇരവത്കരിക്കാനും പ്രതിയായി ആരോപിക്കപെട്ടവരെ “അണ്ടി വെട്ടണം”എന്ന് ആക്രോശിക്കാനും കൂട്ടം ചേർന്നു ആക്രമിക്കാനും ആണ് എല്ലാവര്ക്കും താല്പര്യം അല്ലാതെ അങ്ങനെ സംഭവിക്കാനുണ്ടായ സാഹചര്യം ഇല്ലാതാക്കാനോ നാളെ ആരും പീഡിപ്പിക്കപ്പെടാത്ത സാമൂഹികസാഹചര്യം ശ്രഷ്ടിക്കാനോ ആരും മുൻകൈ എടുക്കുന്നില്ല.

എന്റെ നോട്ടത്തിൽ മോബ് വയലൻസ് പ്രതിഷേധക്കാരിൽ പിടിക്കപെട്ടവരും പിടിക്കപെടാത്തവരും എന്ന രണ്ടു വിഭാഗങ്ങളെ കാണാൻ കഴിയുന്നുള്ളൂ.പിടിക്കപെടാത്ത കുറ്റവാളികൾ പിടിക്കപ്പെട്ട കുറ്റവാളികളെ കൂട്ടംചേർന്നു ആക്രമിക്കുന്നു എന്നുമാത്രം.വർഗീയതയോ വെറുപ്പോ കൊണ്ട് ഒരു വ്യക്തിയോടോ വിഭാഗത്തിനോടോ കാമം തോന്നുമെന്ന്‌ ഞാൻ കരുതുന്നില്ല.ലൈംഗിക ദാരിദ്ര്യം തന്നെ ആണ് അതിനുകാരണം.

ജിൽ ഫിലിപോവിച് പറഞ്ഞത് ” വസ്ത്രമൊന്നു മാറുമ്പോൾ കാണുന്ന മുലയോ അരക്കെട്ടോ കാലുകളോ ,ചുവന്ന ലിപ്സ്റ്റിക്കോ അനിയന്ത്രിതമാം വിധം പ്രലോഭിപ്പിക്കുന്നതുകൊണ്ടല്ല ഒരാൾ ബലാത്സംഗിയാകുന്നത്; അത് അയാൾ സാഡിസ്റ്റും സ്ത്രീവിരുദ്ധനും ആയതുകൊണ്ടും, അയാൾ ജീവിക്കുന്ന സമൂഹം സ്ത്രീവിരുദ്ധതയെ ന്യായീകരിക്കുന്നതും വയലൻസ് പൗരുഷത്തിന്റെ സ്വാഭാവികലക്ഷണമായി പരിഗണിക്കുന്നതും കൊണ്ടാണ്.” എന്നാണ് .

ഇത്തരം പീഡനങ്ങളെ ഇല്ലാതാക്കാൻ ഞാൻ കാണുന്ന പ്രതിവിധി ചെറുപ്പത്തിലേ കുട്ടികളെ ആൺ പെൺ ട്രാൻസ് വ്യത്യാസമോ ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമോ രാഷ്രീയ വ്യത്യാസമോ കൂടാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സാഹോദര്യത്തോടെയും വളരാനുള്ള സാഹചര്യം ശ്രഷ്ടിക്കുകയും നമ്മുടെ മൗലിക അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും മറ്റുള്ളവരുടെ അവകാശത്തെ മാനിക്കാൻ പഠിപ്പിക്കുകയുമാണ് .ഹാഷ് ടാഗ് ക്യാമ്പയിനുകൾ കൊണ്ട് ഒരു വിഷയം സമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഒരു സാമൂഹ്യമാറ്റം കൊണ്ടുവരുവാനാകുമെന്നു ഞാൻ കരുതുന്നില്ല.

എന്റെ കുഞ്ഞുങ്ങൾ വളർന്നു വരുന്നതും ഈ സമൂഹത്തിലേക്കാണ് .അപ്പോൾ അവളുടെ സുരക്ഷിതത്വവും അവളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ആരെയും ഭയപ്പെടാതെ ജീവിക്കാൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് എന്റെ കടമയാണ്.ഞാൻ ഇത്രനാളും പറയുന്നതും പ്രവർത്തിക്കുന്നതും ഇതിനുവേണ്ടിയാണ് .ഒരു ആസിഫയോ ഒരു ഗൗരിയോ മാത്രമല്ല എന്റെ പ്രശനം, ഈ സെക്ഷ്വലി ഫസ്ട്രേറ്റഡ് ആയ സമൂഹത്തിൽ ജനിച്ചു വീഴുന്ന ഓരോ കുട്ടിയുടെ കാര്യത്തിലും എനിക്ക് ആകുലതയുണ്ട്.

പീഡനങ്ങൾ ഇല്ലാത്ത പരസ്പരബഹുമാനമുള്ള നല്ലൊരു സമൂഹ സൃഷ്ടിക്കായി എന്നാൽ കഴിയുന്നത് ഇത്തരം വിഷയങ്ങളിൽ എഴുതുകയും ബോധവത്കരണം നടത്തുകയും അവകാശ സമരം ചെയ്യുന്നവരോടൊപ്പം നിൽക്കുകയും സമാനചിന്താഗതിക്കാരുടെ ഗ്രൂപ്പുണ്ടാക്കി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയും ആണ് .

Date: A colourful delight ഞങ്ങൾ കുറച്ചുപേർ സാമൂഹ്യമാറ്റത്തിനായി സൃഷ്ടിച്ചെടുത്ത ഒരു ഫെയിസ്ബുക്ക് ഗ്രൂപ്പ് ആണ് .അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ തന്നെ ജെന്റർ ഇക്വാലിറ്റി യും, വർഗീയ ചിന്തകൾ ഇല്ലാത്ത സൗഹൃദവും മതേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുകയും ,കൺസൻറ് കൂടാതെ മറ്റുള്ളവരുടെ വെക്തി സ്വാതന്ത്ര്യത്തിൽ കൈകടത്താതിരിക്കാൻ പഠിപ്പിക്കലും ,നഗ്നതയും ലൈംഗീകതയും പാപമല്ലെന്നും അത് മനുഷ്യന്റെ ബെയിസിക്‌ നീഡ് ആണെന്നും സമൂഹത്തെ ബോധവൽക്കരിക്കുകയും സെക്സ് എഡ്യൂക്കേഷൻ കൊടുക്കുകയും മുൻവിധികൾ ഇല്ലാതെ കോൺഫിഡൻസോടെ സ്വയം പരിചയപെടുത്തുന്നതിനും മറ്റുള്ളവരോട് പരസ്പര ബഹുമാനത്തോടെ ഉള്ള ബന്ധങ്ങൾ ഉണ്ടാക്കാൻ ശീലിപ്പിക്കുകയും എല്ലാമാണ് .

അതിനായി ഓൺലൈനിൽ മാത്രം പരിചയമുള്ള സുഹൃത്തുക്കൾക്ക് പരസ്പരം നേരിൽ പരിചയപ്പെടാനും അടുത്തിടപഴകാനും ലിംഗഭേദമില്ലാതെ സുഹൃത്ബന്ധങ്ങൾ വളർത്താനുമായി മാസംതോറും ഞങ്ങൾ ഗ്രൂപ്പ് മീറ്റ് സംഘടിപ്പിക്കാറുണ്ട് .ഇത്തവണ അത് ഏപ്രിൽ 21നു കൊല്ലത്തുവെച്ചു ‘തിരയൊലി’ എന്നപേരിൽ സംഘടിപ്പിക്കുന്നു.ഹാഷ്ടാഗുകൾക്ക് അപ്പുറം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ മനസുള്ള സാമൂഹിക പ്രതിബദ്ധത ഉള്ള സമാന മനസ്കരായവർക്ക് ഗ്രൂപ്പിൽ ചേരുകയും മീറ്റുകളിൽ പങ്കെടുക്കുകയും ഞങ്ങളോടൊപ്പം ചേർന്ന് സാമൂഹിക,സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യാം .