Sun. Nov 22nd, 2026

പാർട്ടിക്കുള്ളിൽ ന്യൂനപക്ഷനിലപാട് പ്രകടിപ്പിച്ച വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കരുത് എന്ന് പറയുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്ന് മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര് എന്ത് ഉത്തരവാദിത്വമേറ്റെടുക്കണം എന്ന് തീരുമാനിക്കുന്നത് പാർട്ടി നയത്തിന്റെ അടിസ്ഥാനത്തിലാണ്. പാർട്ടി പിളർപ്പിലേക്ക് നീങ്ങുമോ എന്ന് ചോദിച്ചപ്പോൾ നിങ്ങളെന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ നിരാശരാകേണ്ടി വരും എന്നായിരുന്നു മറുപടി.

സി.പി.എമ്മിൽ എല്ലായ്പ്പോഴും ഭൂരിപക്ഷനിലപാടും ന്യൂനപക്ഷ നിലപാടുമുണ്ട്. എല്ലാ രാഷ്ട്രീയ ചർച്ചകളിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നുവരും. പാർട്ടി സംഘടനാരീതി അനുസരിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ അനുയോജ്യമായ വേദികളിൽ ഏതംഗത്തിനും ഉന്നയിക്കാം. അങ്ങനെ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടി ചർച്ച ചെയ്തശേഷം കൂട്ടായി ഒരു തീരുമാനമെടുത്താൽ അതാകും പാർട്ടിയുടെ നയം.

കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ ഭേദഗതി കൊണ്ടുവരുന്ന ഓരോ പ്രതിനിധിക്കും അതിലുറച്ച് നിൽക്കാനും വോട്ടിംഗ് ആവശ്യപ്പെടാനും അവകാശമുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും അഞ്ചിലേറെ ഭേദഗതികൾ വോട്ടിനിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ വോട്ടിനിട്ട് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തശേഷം അന്തിമമായി തീരുമാനത്തിലെത്തിയാൽ പിന്നീട് ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഇല്ല. പ്രമേയം ഏതുരൂപത്തിൽ അംഗീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസ് പ്രതിനിധികളാണ്. സ്റ്റിയറിംഗ് കമ്മിറ്റിയായ പി.ബി നിർദ്ദേശിക്കുന്ന ചട്ടക്കൂടിനകത്ത് നിന്ന് കൊണ്ടായിരിക്കും ആ പ്രക്രിയ പൂർത്തിയാക്കുക.

പാർട്ടി ഭരണഘടനയനുസരിച്ച് കേന്ദ്രകമ്മിറ്റിയെയോ കീഴ്ഘടകങ്ങളെയോ സമ്മേളനത്തിൽ വച്ച് തിരഞ്ഞെടുക്കാനാണ് രഹസ്യബാലറ്റിംഗ്. അത് മത്സരമുണ്ടാവുന്ന ഘട്ടത്തിലാണ്. മറ്റൊരു തീരുമാനത്തിലും രഹസ്യബാലറ്റിംഗ് രീതിയില്ല. പാർട്ടിയുടേത് രാഷ്ട്രീയ, സംഘടനാ ചട്ടക്കൂടിനനുസരിച്ച് പ്രവർത്തിക്കാനുള്ള ഭരണഘടന മാത്രമാണ്. അല്ലാതെ രാജ്യത്തിന്റെ ഭരണഘടനയല്ല. കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള അഭിപ്രായം പ്രതിനിധികൾ പരസ്യമായി തന്നെയാണ് പാർട്ടികോൺഗ്രസ് വേദിയിൽ പ്രകടിപ്പിക്കുന്നത്. അപ്പോൾ പിന്നെ അത് അംഗീകരിക്കുന്നതിന് രഹസ്യവോട്ടെടുപ്പിന്റെ ആവശ്യമില്ല.

പാർട്ടി കോൺഗ്രസ് മുമ്പാകെ ഒരു കരട് രാഷ്ട്രീയപ്രമേയമേ അവതരിപ്പിച്ചിട്ടുള്ളൂ. ഭൂരിപക്ഷ രേഖയോ ന്യൂനപക്ഷ രേഖയോ കേന്ദ്രകമ്മിറ്റി രേഖയോ ബദൽ രേഖയോ ഒന്നുമില്ല. കരട് രാഷ്ട്രീയപ്രമേയം തയാറാക്കി പാർട്ടി അംഗങ്ങളിലേക്ക് എത്തിക്കുക എന്നത് കേന്ദ്രകമ്മിറ്റിയുടെ ചുമതലയാണ്. പാർട്ടി കോൺഗ്രസിന് രണ്ട് മാസം മുമ്പേ അത് സർക്കുലേറ്റ് ചെയ്യണം. ആ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ പിന്നീട് പാർട്ടി കോൺഗ്രസാണ് അത് പരിഗണിക്കേണ്ടത്. കേന്ദ്രകമ്മിറ്റിയേക്കാളും ഉയർന്ന വേദിയാണത്.

കരട് രാഷ്ട്രീയപ്രമേയം ജനറൽസെക്രട്ടറിമാർ തന്നെ അവതരിപ്പിക്കണമെന്നില്ല. ഇ.എം.എസ് ജനറൽസെക്രട്ടറിയായിരുന്നപ്പോൾ ബി.ടി. രണദിവെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന 17ാം പാർട്ടി കോൺഗ്രസിൽ സുർജിത് ആയിരുന്നു ജനറൽസെക്രട്ടറി. അന്ന് പ്രമേയം അവതരിപ്പിച്ചത് താനാണ്.