Sat. Nov 21st, 2026

പ്രസവത്തിനായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിയ ശേഷം കാണാതായ യുവതി ഗർഭിണിയല്ലെന്ന് പരിശോധിച്ച ഡോക്ടർമാർ. ഇന്ന് കരുനാഗപ്പള്ളിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് യുവതി ഗർഭിണിയല്ലെന്ന് തെളിഞ്ഞത്. ഇതോടെ യുവതിയെ തിരഞ്ഞ് നാടുമുഴക്കെ അലഞ്ഞ പൊലീസും ബന്ധുക്കളുമാണ് വെട്ടിലായത്. അതേസമയം, സംഭവത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

മടവൂർ വിളക്കാട് പേഴുവിള വീട്ടിൽ അൻഷാദിന്റെ ഭാര്യ ഷംന ഷറഫുദ്ദീനെ(21)യാണ് കഴിഞ്ഞ ചൊവ്വാഴ്ച എസ്.എ.ടി ആശുപത്രിയിൽ നിന്നും കാണാതായത്. പ്രസവത്തിനായി അഡ്മിറ്റാകാൻ ഡോക്ടർമാർ തീയതി കുറിച്ച് നൽകിയതിനെ തുടർന്ന് ഭർത്താവിനും അടുത്ത ബന്ധുക്കൾക്കുമൊപ്പം എത്തിയതായിരുന്നു ഷംന. എന്നാൽ ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയ ഷംനയെ പിന്നീട് കാണാതാവുകയായിരുന്നു.

മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം മെഡിക്കൽ കോളേജിന് സമീപം കുമാരപുരത്തും പിന്നീട് കോട്ടയം, അതിരമ്പുഴ, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത് എന്നീ സ്ഥലങ്ങളിലെ മൊബൈൽ ടവർ പരിധിയിലും ആയിരുന്നു ഷംനയുടെ ഫോൺ. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ വെല്ലൂരിലും ഇന്ന് രാവിലെ ചെങ്ങന്നൂരിലും ഈ ഫോണിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനിടയിലാണ് നാടകീയമായി കരുനാഗപ്പള്ളിയിൽ നിന്നും യുവതിയെ കണ്ടെത്തുന്നത്. ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന യുവതിയെ കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവർമാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.

ആശുപത്രിയിൽ നിന്നും കാണാതായതിന് പിന്നാലെ തന്നെ ഷംന ഗർഭിണിയായിരിക്കില്ലെന്ന് സംശയം അന്വേഷണ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. പൂർണ ഗർഭിണിയാണെന്ന് ബന്ധുക്കൾ അവകാശപ്പെടുന്ന പെൺകുട്ടി എങ്ങനെയാണ് ഇത്രദൂരം സഞ്ചരിച്ചതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമോ എന്നും സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും ലഭിച്ചില്ല. എന്നാൽ താൻ ഗർഭിണിയാണെന്ന് യുവതി വീട്ടുകാരോട് പറഞ്ഞതെന്തിനാണെന്ന ചോദ്യം ഇനിയും ബാക്കി നിൽക്കുകയാണ്.