റോയി മാത്യു
കേരളത്തിലെ ചില ക്രൈസ്തവ സഭകളിലെ ബിഷപ്പുമാർ മരിച്ചു കഴിഞ്ഞാൽ മൃതശരിരം ഒരു കസേരയിയിൽ വെച്ചു കെട്ടി വലിയ ലോറിയിലോ തുറന്ന ബസിലോ കയറ്റി പട്ടണത്തിലൂടെ ഗതാഗതം മുടക്കി നടത്തുന്ന അശ്ലീല ഘോഷയാത്രയാണ് നഗരി കാണിക്കൽ – ഈ അറുബോറൻ കലാ പരിപാടി യുടെ പിന്നിലെ ക്രൈസ്തവ മൂല്യമെന്തെന്ന് ആർക്കും അറിഞ്ഞു കൂടാ – കുരിശ് മരണം വരിച്ച ക്രിസ്തുവിന്റെ സംസ്കാരം നടക്കുമ്പോൾ ഇമ്മാതിരി പൊതു ജനദ്രോഹമുണ്ടായിരുന്നുവോ എന്ന് ഈ അലമ്പ് പരിപാടി സംഘടിപ്പിക്കുന്നവരൊന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
ഇത്തരമൊരു ശവഘോഷയാത്രയിൽ പങ്കെടുക്കേണ്ടി വന്ന ഗതികേടിനെക്കുറിച്ച് മുൻ മന്ത്രി ലോനപ്പൻ നമ്പാടൻ തന്റെ ആത്മകഥയായ ” സഞ്ചരിക്കുന്ന വിശ്വാസി ” യിൽ എഴുതിയത് വായിക്കുക.
തിരുമേനിയുടെ മൃതദേഹവും റീത്തും
**************************************
ഗതാഗതമന്ത്രിയായിരുക്കുമ്പോള്‍ ഞാന്‍ കോട്ടയം റസ്റ്റ് ഹൗസില്‍ താമസിച്ച ഒരു ദിവസം. ഉമ്മന്‍ചാണ്ടി എന്നോടു പറഞ്ഞു; ‘ഞങ്ങളുടെ വലിയ തിരുമേനി കാലം ചെയ്തു. നമ്പാടന്‍ മാഷ് റീത്ത് വെയ്ക്കണം.’ ഞാന്‍ സമ്മതിച്ചു. അന്ന് ഉമ്മന്‍ചാണ്ടി എല്‍.ഡി.എഫിലാണ്. 1980-ല്‍ ആന്റണി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഇടതുചേരിയില്‍ നിന്നാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുസര്‍ക്കാരില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്നും മന്ത്രിമാരായത് വക്കം പുരുഷോത്തമന്‍, പി.സി. ചാക്കോ, എ.സി. ഷണ്‍മുഖദാസ്, ആര്യാടന്‍ മുഹമ്മദ് എന്നിവരായിരുന്നു. ഞാനും ഉമ്മന്‍ചാണ്ടിയും കുറച്ചു പ്രാദേശിക നേതാക്കളും, കാലം ചെയ്ത തിരുമേനിയുടെ മൃതദേഹത്തില്‍ റീത്തു വെയ്ക്കാന്‍ പുതുപ്പള്ളിയിലേക്കു പുറപ്പെട്ടു.
മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വരുന്നതും കാത്തു ഞങ്ങള്‍ ടൗണില്‍ നിന്നു. കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. അതുകണ്ടപ്പോള്‍ ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനോട് ഇപ്രകാരം അടക്കം പറഞ്ഞു. ‘ഈ തിരുമേനി വലിയ ജനസമ്മതനാണല്ലോ, കടകള്‍ എല്ലാം അടച്ചിട്ടുണ്ടല്ലോ’
അതുകേട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ സത്യം പറഞ്ഞു. ‘കറുത്ത കൊടി കുത്തിയ കടകള്‍ എല്ലാം ഞങ്ങളുടെ സഭയില്‍പ്പെട്ടവരുടേതാണ്. മറ്റു കടകളൊക്കെ അടച്ചത് ഈ തിരുമേനിയുടെ വിലാപയാത്ര കാണാതിരിക്കാനാണ്.” മെത്രാന്‍ കക്ഷികളുടെ കടകളാണ് അടച്ചത്, ബാവാകക്ഷികള്‍ കാണാതിരിക്കുവാനും!
മെത്രാന്‍- ബാവ കക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ കാലഘട്ടമായിരുന്നു അത്. കാലം ചെയ്ത തിരുമേനിയും ഉമ്മന്‍ചാണ്ടിയും മെത്രാന്‍ കക്ഷിയാണ്. ഞങ്ങള്‍ കുറെനേരം കാത്തു നിന്നപ്പോള്‍ ഒരു ലോറിയില്‍ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വരുന്നു. ലോറിയില്‍ പ്രായാധിക്യമുള്ള മൂന്നു തിരുമേനിമാര്‍ കസേരയിലിരിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. മൂന്നു പേരും വടി പിടിച്ചിരിക്കുന്നുണ്ട്. മൂവര്‍ക്കും യാതൊരു ചലനവുമില്ലായിരുന്നു. റീത്തു സമര്‍പ്പിക്കാന്‍ വേണ്ടി ലോറി നിര്‍ത്തി. മൂന്നു തിരുമേനിമാരില്‍ ആരാണ് മരിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. എവിടെയാണ് റീത്തു വെയ്ക്കണമെന്നറിയാതെ ഞാന്‍ അന്തംവിട്ടു. ഞാന്‍ ആംഗ്യഭാഷയില്‍ എവിടെയാണ് റീത്തു വെയ്‌ക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടിയോടു തിരക്കി. നടുവില്‍ വെച്ചോളാന്‍ ഉമ്മന്‍ചാണ്ടി ആംഗ്യം കാണിച്ചു. ഉമ്മന്‍ചാണ്ടിയുടെ സഭയിലെ മെത്രാന്മാര്‍ മരിച്ചാല്‍ കസേരയില്‍ ഇരുത്തിയാണ് സംസ്്കരിക്കുക. മൃതദേഹത്തിന്റെ ഇടതുംവലതും മറ്റു തിരുമേനിമാര്‍ ഇരിക്കുകയും ചെയ്യും. ഇതൊന്നും സുറിയാനി കത്തോലിക്കനായ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ നടുവില്‍ റീത്ത് വെച്ച ശേഷമാണ് ഇടതും വലതും ഇരുന്ന തിരുമേനിമാര്‍ ഒന്നനങ്ങിയത്!
റീത്തു സമര്‍പ്പിച്ച ശേഷം ഞാന്‍ പുറപ്പെടാന്‍ നേരത്തു മനോരമ പത്രാധിപര്‍ കെ.എം. മാത്യു എന്നോടിങ്ങനെ പറഞ്ഞു. ‘തിരുമേനിയുടെ ഏഴാം ചരമദിനത്തിനു നമ്പാടന്‍ വരണം.’
ഞാന്‍ സമ്മതിച്ചു. തിരുവനന്തപുരത്തെത്തി രണ്ടാം ദിവസം എന്റെ പ്രൈവറ്റ് സെക്രട്ടറി സി.ടി. ജോസഫ് ഒരു കത്തുമായി ഭയത്തോടെ എന്നെ സമീപിച്ചു. അയാളുടെ അവസ്ഥ കണ്ടു ഞാന്‍ എന്തു പറ്റിയെന്നു ചോദിച്ചു. കുറെയാളുകള്‍ ഒപ്പിട്ട ഒരു കത്ത് സി.ടി. ജോസഫ് എന്റെ നേര്‍ക്കു നീട്ടി. അത് അസഭ്യങ്ങള്‍ നിറഞ്ഞ ഒരു ഭീഷണിക്കത്തായിരുന്നു. കത്തില്‍ ഇപ്രകാരമായിരുന്നു.
‘റീത്തു വെച്ചതു പോട്ടെ, നീ ഏഴാം ചരമദിനത്തില്‍ വന്നാല്‍ നിന്റെ കൈയും കാലും വെട്ടും.”
ഞാന്‍ റീത്തു വെച്ചതില്‍ അമര്‍ഷം പൂണ്ട ബാവാകക്ഷിക്കാരാണ് കത്ത് എഴുതിയത്. തിരുമേനിയുടെ ഏഴാം ചരമദിനത്തില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു. പോകരുതെന്നു പ്രൈവറ്റ് സെക്രട്ടറിയും. ഞാന്‍ പത്രാധിപര്‍ കെ.എം. മാത്യുവിനു കൊടുത്ത വാക്കു ലംഘിക്കാന്‍ കഴിയില്ലായിരുന്നു. അതിനാല്‍ എസ്‌കോര്‍ട്ടും പൈലറ്റുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ഭയപ്പാടോടെയായിരുന്നു പരിപാടിയില്‍ സംബന്ധിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ അനുശോചനം രേഖപ്പെടുത്തി ഞാന്‍ സ്ഥലംവിട്ടു.
***********