സ്ത്രീകൾക്കെതിരായ ആക്രമണക്കേസുകളിൽ ജനപ്രതിനിധികൾ ഏറ്റവും കൂടുതൽ പ്രതിയായിരിക്കുന്നത് ബി.ജെ.പിയുടെ നേതാക്കളാണെന്ന് റിപ്പോർട്ട്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക്ക് റിഫോർമ്സ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സംഘടനകളാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് സംഘടനകൾ റിപ്പോർട്ട് പുറത്ത് വിട്ടത്.
ക്രിമിനൽ കേസുകളിൽ പ്രതികളായ 1580 ജനപ്രതിനിധികളാണ് രാജ്യത്തുള്ളത്. ഇതിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 48 കേസുകളുണ്ട്. ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന 12 ജനപ്രതിനിധികൾക്കാണ് സ്ത്രീ പീഡനക്കേസുള്ളത്. ശിവസേനയിൽ നിന്ന് ഏഴ് ജനപ്രതിനിധികളും തൃണമൂൽ കോൺഗ്രസിൽ നിന്ന് ആറ് ജനപ്രതിനിധികളുമാണ് പീഡനക്കേസുകളിൽ പ്രതിയായിട്ടുള്ളത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അഞ്ച് വർഷത്തിനിടെ സ്ത്രീ പീഡനക്കേസുകളിൽ പ്രതികളായ നിരവധി പേർക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവസരം നൽകിയത്. 47 പേർക്ക് ബി.ജെ.പി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയപ്പോൾ ബി.എസ്.പി 35 പേർക്കും കോൺഗ്രസ് 24 പേർക്കും അവസരം നൽകി.
സ്ത്രീപീഡനക്കേസിൽ ഉന്നാവോ ബി.ജെ.പി എം.എൽ.എയായ കുൽദീപ് സിംഗ് സേഗാർ പ്രതിയാവുകയും കത്വ സംഭവത്തിൽ പ്രതികളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്.