Thu. Oct 22nd, 2026

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയിലായിരുന്ന ഭാര്യയെ കാണാന്‍ എത്തിയ യുവാവിനു ഭാര്യാപിതാവിന്റെ കൈ കൊണ്ടു ദാരുണാന്ത്യം. ഭാര്യയെ കാണാന്‍ എത്തിയ കൃഷ്ണ കുമാറാണു ഭാര്യാപിതാവിന്റെ കുത്തേറ്റു മരിച്ചത്. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം.

തിരുവനന്തപുരം വഞ്ചിയൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍. ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നു ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന ഇയാള്‍ നിലവിളിച്ചു കൊണ്ട് ഓടി.

അതേ ആശൂപത്രിയില്‍ തന്നെ ചികിത്സ നല്‍കി എങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ഭാര്യാപിതാവ് സുധാകരന്‍ സമ്മതിക്കാത്തതാണു കലഹത്തിനിടയാക്കിയത്. സുധാകരനാണു തന്നെ കുത്തിയത് എന്നു കൃഷ്ണകുമാര്‍ മൊഴി നല്‍കിട്ടുണ്ട്. ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസിനു സൂചന ലഭിച്ചു. ബിയര്‍ കുപ്പി പൊട്ടിച്ചാണു കുത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുധാകരന്‍ ഒളിവിലാണ്. നേമം സ്വദേശിയായ കൃഷ്ണകുമാര്‍ സെക്രട്ടറിയേറ്റിലെ താല്‍ക്കാലിക ജീവനക്കാരനാണ്.