ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന ശുചിമുറിയിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കരിങ്കല്ലത്താണിയിലെ ഡോക്ടർ അബ്ദുൾ റഹ്മാന്റെ സ്വകാര്യ ക്ലിനിക്കിനോട് ചേർന്ന ശുചിമുറിയിൽ നിന്നാണ് രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ശുചിമുറിയിലെ ക്ലോസറ്റിൽ വെള്ളം കെട്ടിയതിനെ തുടർന്ന് പ്ലംബ്ബറെ വിളിച്ച് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തിയാണ് കുഞ്ഞിന്റെ ശരീരം പുറത്തെടുത്തത്. ശരീരത്തിൽ നിന്നും മറുപിള്ള വേർപെടുത്താത്ത നിലയിലാണ് ശരീരം കാണപ്പെട്ടത്. അതിനാൽ തന്നെ ശുചിമുറിയിൽ വച്ച് പ്രസവിച്ച് അവിടെ തന്നെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധനയ്ക്ക് വന്ന രോഗികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.