തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.എെ.വി ബാധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എച്ച്.എെ.വി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയിരുന്നതായി സ്ഥിരീകരണം. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. ചികിത്സയ്ക്കിടെ 48 പേരുടെ രക്തം കുട്ടിക്ക് രക്തം നൽകിയിരുന്നെന്നും ഇതിൽ ഒരാൾക്ക് എച്ച്.എെ.വി രോഗം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിൻഡോ പിരീഡിൽ ആയിരുന്നത് കൊണ്ടാണ് രോഗം തിരിച്ചറിയാതിരുന്നത്.
രക്താർബുദ ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച് എച്ച്.ഐ.വി ബാധയേറ്റെന്ന് സംശയിച്ച കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 13 മാസമായി ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും റഫർ ചെയ്തത് പ്രകാരം കഴിഞ്ഞ വർഷം മാർച്ച് ഒന്നിനായിരുന്നു കുട്ടിയെ ആർ.സി.സിയിൽ എത്തിച്ചത്. രക്തമാറ്റത്തിന് ശേഷം കുട്ടിക്ക് എച്ച്.ഐ.വി ബാധയാണെന്ന സംശയമുണ്ടാവുകയും ചെയ്തു.