Thu. Apr 25th, 2024

വരാപ്പുഴയിലെ കസ്റ്റഡി മരണത്തില്‍ സി.ഐയും എസ്.ഐയും അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഐ.ജി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ട്.

വരാപ്പുഴ സ്‌റ്റേഷന്റെ ചുമതലയുള്ള പറവൂര്‍ സി.ഐ ക്രിസ്പിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ട്. പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സി.ഐയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തല്‍. സി.ഐ, എസ്.ഐ എന്നീ ഉദ്യോഗസ്ഥരടക്കം നാല് ഉദ്യോഗസ്ഥരുടെ വീഴ്ച എടുത്തു പറയുന്ന റിപ്പോര്‍ട്ടാണ് ഡി.ജി.പിക്ക് കൈമാറിയത്. കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്ത് ഇന്ന് വരാപ്പുഴ സ്‌റ്റേഷനിലും ശ്രീജിത്തിന്റെ വീട്ടിലും എത്തി അന്വേഷണം നടത്തിയിരുന്നു.

നിലവില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെയാണ് സി.ഐ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തത്. വരാപ്പുഴയില്‍ വീട് കയറി ആക്രമിച്ചതിന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായി പോലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് തിങ്കളാഴ്ചയാണ് മരിച്ചത്. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദ്ദനം ഏറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡി മര്‍ദ്ദനമെന്ന ബന്ധുക്കളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്ത് ഉള്‍പ്പെടെ പതിനഞ്ചോളം വരുന്ന അക്രമികള്‍ വാസുദേവനെ വീട്ടില്‍ കയറി ആക്രമിച്ചുവെന്നാണ് കേസ്. ഇതില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയതോടെയാണ് ശ്രീജിത്ത് അടക്കമുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ആരോഗ്യനില വഷളായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ മരണം സംഭവിച്ചു.