Fri. Nov 20th, 2026

വാസുദേവന്റെ വീടാക്രമിച്ചത് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്ത് തന്നെയെന്ന് പൊലീസ്;ശ്രീജിത്ത് നിരപരാധിയെന്ന് വാസുദേവനന്റെ മകന്‍; പൊലീസ് ഊരാക്കുടുക്കിലേക്ക്; അറസ്റ്റ് ചെയ്തത് ആളുമാറി; യഥാര്‍ത്ഥ ‘ശ്രീജിത്ത്’ ഒളിവില്‍, ശ്രീജിത്തിന്റെ മരണം മര്‍ദനമേറ്റു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വീടാക്രമണത്തെ തുടർന്ന് വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടത്തിൽ വാസുദേവൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത പൊലീസുകാർക്ക് സസ്പെൻഷൻ. മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉറപ്പ് പ്രവർത്തകർക്ക് നൽകിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ തൽക്കാലം നടപടിയെടുക്കില്ല.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെയാണ് നടപടി. പൊലീസുകാരായ സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. എസ് ഐക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി.

അതേസമയം ശ്രീജിത്ത് കേസിൽ പ്രതി തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ശ്രീജിത്ത് നിരപരാധിയാണെന്ന് മരിച്ച വാസുദേവന്റെ മകൻ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

വിനീഷ് ഇന്ന് നടത്തിയ വെളിപ്പെടുത്തലും നേരത്തെ നൽകിയ മൊഴിയും തമ്മിൽ വെെരുദ്ധ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്തും സഹോദരനുമാണ് വീടാക്രമിച്ചതെന്നായിരുന്നു വിനീഷ് നേരത്തെ നൽകിയ മൊഴിയെന്നും ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിനീഷ് മൊഴി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ശ്രീജിത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മർദ്ദനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതായും മുറിവുകൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.പോലീസ് സര്‍ജന്‍ ഡോ.സക്കറിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വയറ്റില്‍ ആഴത്തില്‍ മുറിവേറ്റതായും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പൊലീസിന്റെ മര്‍ദനത്തിനെതിരെയുള്ള നിര്‍ണായക തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.

ശ്രീജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സമയത്ത് തന്നെ ആന്തരികാവയങ്ങള്‍ തകര്‍ന്നതായും ചെറുകുടലിനും, അടിവയറ്റിനും മുറിവേറ്റിരുന്നതായും വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ നേരത്തെതന്നെ പുറത്തു വന്നിരുന്നു. ഇവയെ സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.