കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ലില്‍ സര്‍ക്കാര്‍ സമീപനങ്ങൾ എല്ലാം ഉടായിപ്പ്. ഇന്നലെ ഗവര്‍ണര്‍ക്ക് ബില്ല് കൈമാറിയെന്ന് വിശദീകരിച്ച സര്‍ക്കാര്‍ ഇന്നു രാവിലെ 11.30നാണ് ബില്ല് രാജ്ഭവനില്‍ എത്തിച്ചത്. നിയമ സക്രട്ടറി രാജ്ഭവനിലെത്തിയാണ് ബില്ല് കൈമാറിയത്. തുടര്‍ന്ന് നിയമ സെക്രട്ടറിയും ഗവര്‍ണറും തമ്മില്‍ 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. ബില്ല് ഇന്നലെ രാജ്ഭവന് കൈമാറിയെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു.ഇക്കാര്യത്തില്‍ നിയമ സെക്രട്ടറിയോട് പി. സദാശിവം വാക്കാല്‍ വിശദീകരണം തേടി.
കോടതി ഉത്തരവുകള്‍ മറികടക്കരുതെന്ന ശക്തമായ മുന്നറിയിപ്പോടെ സുപ്രീംകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ഗവര്‍ണര്‍ പി. സദാശിവം ബില്ല് ഒപ്പിടാതെ തിരിച്ചയയ്ക്കാനാണ് സാദ്ധ്യതയെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണര്‍ നിയമസെക്രട്ടറിയെ വിളിച്ചു വരുത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്കു വിടാതെ തടഞ്ഞു വയ്ക്കാന്‍ ചട്ടം അനുവദിക്കാറില്ല. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബില്‍ പുനഃപരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ കൂടുതല്‍ വിശദീകരണം തേടി തിരിച്ചയയ്ക്കാം. അതേ സമയം ബില്‍ പുനഃപരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുനഃപരിശോധിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ അപ്പോള്‍ ആലോചിച്ചു തീരുമാനിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. ഗവര്‍ണറുടെ അനുമതിക്കായി അയച്ച ബില്‍ നിയമപരമായി നിലനില്‍ക്കുമോയെന്ന സംശയം ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രേഖാമൂലം തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
രണ്ടു തവണ സുപ്രീം കോടതി പുറത്താക്കിയ വിദ്യാര്‍ഥികളെ വീണ്ടും നിലനിര്‍ത്താനുള്ള ശ്രമം കോടതിയലക്ഷ്യമായി കണ്ടാല്‍ ചീഫ് സെക്രട്ടറിയോ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോ ആയിരിക്കും കോടതിയില്‍ പിന്നീട് സമാധാനം പറയേണ്ടിവരിക..
ബില്ലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിശദീകരണം നൽകിയിരുന്നു.