മോഷ്ടാക്കളെ കീഴ്‌പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ സുജയാണ് താരം .ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ നാടോടിസ്ത്രീകളെയാണ് വനിതാകണ്ടക്ടറായ സുജ ഓടിച്ചിട്ട് പിടിച്ചത് .പുരുഷന്മാരുൾപ്പെടെ മറ്റുള്ള യാത്രക്കാരെല്ലാം നോക്കി നില്‍ക്കെയാണ് കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ആര്‍.സുജ മോഷ്ടാക്കളെ കീഴ്‌പ്പെടുത്തിയത്.കൈനകരി അയ്യന്‍പറമ്പ് വീട്ടില്‍ സരസ്വതിയുടെ മൂന്നര പവന്റെ മാലയാണ് തമിഴ്‌നാട് സ്വദേശികളായ കവിത (28), സരസ് (29 )എന്നിവർ ചേർന്ന് മോഷ്ടിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ന് ആലപ്പുഴയില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം.മോഷണം നടന്നത് യാത്രക്കാരെല്ലാം അറിഞ്ഞതോടെ യുവതികൾ ബസില്‍നിന്ന് ഇറങ്ങി ഓടി. ഇവർക്ക് പിന്നാലെ കണ്ടക്ടര്‍ സുജയും. ബസ് ചന്ദനകാവില്‍ എത്തിയപ്പോഴാണ് സംഭവം.നാട്ടുകാരിൽ ചിലരും സുജയെ സഹായിക്കാനെത്തി.ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.