അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതെ 15 മിനിറ്റിനുള്ളില്‍ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷനാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. അതേ സമയം, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഭാനടപടികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരന്തരമായി തടസപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ മാര്‍ച്ച് അഞ്ച് മുതല്‍ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം തുടര്‍ന്നിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി എംപിമാരും കാവേരി മാനേജ്മന്റെ് ബോര്‍ഡ് വിഷയത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാരും ബഹളം വെച്ചു. സമ്മേളനത്തിനിടെ ഉയര്‍ന്നുവന്ന ബാങ്ക് തട്ടിപ്പ് വാര്‍ത്തകളും സഭയെ പ്രക്ഷുബ്ധമാക്കി.രാജ്യസഭക്ക് 115 മണിക്കൂറും ലോക്സഭക്ക് 111 മണിക്കൂറുമാണ് നഷ്ടമായത്. 169.5 കോടിയാണ് സഭാനടപടികള്‍ തടസ്സപ്പെട്ടതിലുടെ ഖജനാവിന് നഷ്ടമായത്.
23 ദിവസത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ബാക്കിപത്രം കോടികളുടെ നഷ്ടം മാത്രം. ഈ സമ്മേളനത്തില്‍ കാര്യപരിപാടികളോ ക്രിയാത്മക ഇടപെടലുകളോ ഒന്നുമുണ്ടായില്ല. ഖജനാവിനു ആകെയുള്ള ആശ്വാസം ശമ്പളവും ആനുകൂല്യങ്ങളും വേണ്ടെന്നുവച്ച ഭരണപക്ഷത്തിന്റെ തീരുമാനം മാത്രമാണ്.
പ്രതിപക്ഷ ബഹളം കാരണമാണ് ലോക്സഭയിലും രാജ്യസഭയിലും കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടത്താന്‍ സാധിക്കാതെ പോയത്. ഇരുസഭകളും അനിശ്ചിത കാലത്തേക്കു പിരിഞ്ഞതോടെ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ നാണംകെട്ട റിക്കോഡും ഈ സമ്മേളന കാലത്ത് ഇരുസഭകളും സ്വന്തമാക്കി. ഒരു ദിവസം പോലും കാര്യപരിപാടികളിലേക്കു കടക്കാതിരുന്ന ആദ്യ ബജറ്റ് സമ്മേളനമെന്ന നാണംകെട്ട റിക്കോഡാണ് ഇരുസഭകളും സ്വന്തമാക്കിയത്.
അണ്ണാ ഡിഎംകെ എംപിമാരുടെ പ്രധാന പ്രതിഷേധം കാവേരി നദീജല തര്‍ക്കമായിരുന്നു. കര്‍ണാടകയിലെ എംപിമാര്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതിനെ എതിര്‍ക്കുന്നതിനും പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചു. പഞ്ചാബിലെ എംപിമാരുടെ ആവശ്യം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്നായിരുന്നു.
ആന്ധ്രാപ്രദേശ് എംപിമാരുടെ ആവശ്യം പ്രത്യേക സംസ്ഥാന പദവിയായിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍ രാജിവെച്ചു. ആദ്യ രാജി നല്‍കിയത് പിവി മുഥുന്‍ റെഡിയാണ്.