ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ മദ്യപിച്ച് കിറുങ്ങിയ വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍. തമിഴ്നാടു ദിണ്ടിഗല്ലിലാണു സംഭവം. മദ്യപിച്ച് അവശയായി സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തമിഴ്‌നാട് പൊലീസ് സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി വകുപ്പിനു മുഴുവന്‍ നാണക്കേടാണ് എന്ന് ദിണ്ടിഗല്‍ പോലീസ് പറയുന്നു.
വഴിയരികില്‍ ഒതുക്കിയിട്ടിരുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ മദ്യപിച്ചത്. മദ്യപിച്ച് അവശയായ ഇവരോട് സുഹൃത്തുക്കള്‍ എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്. ഇതിന് മറുപടി പറയാനാകാതെ നാക്കു കുഴഞ്ഞാണ് ഉദ്യോഗസ്ഥ ഇരുന്നത്. യൂണിഫോം ധരിച്ചാണ് ഇവര്‍ മദ്യപിച്ചത് എന്നത് ചൂണ്ടിക്കാട്ടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.
വാഹനത്തില്‍ കൂടെയുണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണു വൈറലായത്. അതേസമയം പൊലീസുകാരി ഡ്യൂട്ടിയില്‍ ആയിരുന്നില്ല എന്നും ബന്ധു വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണു സംഭവം എന്നും ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ യൂണിഫോമില്‍ മദ്യപിച്ചത് കടുത്ത അച്ചടക്ക ലംഘനമാണ് എന്നാണ് പൊലീസിന്റെ നിലപാട്.