Fri. Apr 26th, 2024

ബാക്‌ടീരിയ രോഗ ബാധമൂലം ചത്ത താറാവുകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുന്നില്‍ കര്‍ഷകന്റെ പ്രതിഷേധം. ചെറുതന ആനാരി താനാകണ്ടത്തില്‍ ദേവരാജനാണു രോഗബാധയേറ്റ്‌ ചത്തതാറാവുകളെ വാഹനത്തില്‍ ആലപ്പുഴയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിനു മുന്നിലെത്തിച്ചു പ്രതിഷേധിച്ചത്‌. 15,000 താറാവുകളെ വളര്‍ത്തുന്ന ദേവരാജന്റെ അയ്യായിരത്തിലധികം താറാവുകള്‍ ചത്തതോടെയാണു പ്രതിഷേധവുമായി ജില്ലാ ഓഫീസിനു മുന്നിലെത്തിയത്‌.

പാസ്‌റ്റുറല്ല രോഗബാധമൂലമാണു ദേവരാജന്റെ താറാവുകള്‍ ചത്തത്‌. ഒരുമാസം മുമ്പ്‌ മൃഗാശുപത്രിയില്‍ ദേവരാജന്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നെങ്കിലും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിരുന്നില്ല. അറ്റാക്കെന്നു കര്‍ഷകര്‍ പറയുന്ന പാസ്‌റ്റുറല്ല രോഗം പടര്‍ന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനു താറാവുകളാണു പിടഞ്ഞുവീണു മരിച്ചത്‌. പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ താറാവുകളുടെ കൂട്ടത്തോടെയുള്ള മരണം ഒഴിവാക്കാനാകുമായിരുന്നെന്നാണു ദേവരാജന്‍ പറയുന്നത്‌.

വാക്‌സിന്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഭാഗത്തുനിന്നും അനാസ്‌ഥയുണ്ടായെന്നാരോപിച്ചാണ്‌ ഇന്നലെ രാവിലെ 11.15 നു പെട്ടിവണ്ടിയില്‍ ചത്തതാറാവുകളുമായി ദേവരാജന്‍ എത്തിയത്‌. പിന്നീട്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.സി. സുനില്‍കുമാറുമായി ചര്‍ച്ച നടത്തുകയും അടിയന്തരമായി വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്‌ ഉറപ്പുനല്‍കുകയും ചെയ്‌തു.

ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ തന്നെക്കുറച്ചു വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തതോടെയാണു കര്‍ഷകന്‍ പ്രതിഷേധം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 30 വര്‍ഷമായി താറാവ്‌ വളര്‍ത്തല്‍ മുഖ്യതൊഴിലായി സ്വീകരിച്ചയാളാണ്‌ ദേവരാജന്‍. കുട്ടനാട്‌ താലൂക്കില്‍ രണ്ടുലക്ഷം ഡോസ്‌ വാക്‌സിന്‍ രോഗപ്രതിരോധനത്തിനായി വേണമെന്നാണു വിലയിരുത്തപ്പെടുന്നത്‌.