പാറമടയിൽ കുളിയ്ക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു. ആറ്റിങ്ങൽ പള്ളിയ്ക്കൽ മൂന്നാംവിള ഞാറയിൽകോണത്ത് മൂന്ന് സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. ഞാറയിൽകോണം ഇടപ്പാറ ക്വാറിയിലായിരുന്നു അപകടം.
മൂന്നാംവിള ബീനാലയത്തിൽ സിറാജുദീൻ – ബീന ദമ്പതികളുടെ മകൾ സൈനബ(15) സിറാജുദീന്റെ സഹോദരൻ ജമാലുദീന്റെ മകൾ ജുമാന (16) മറ്റൊരു സഹോദരൻ സിറാജുദീന്റെ മകൾ ഷിഹാന (16) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. സിറാജുദീന്റെ ഉമ്മ നസീമാബീവി പുലർച്ചെ ഉംറയ്ക്ക് പോയിരുന്നു. ഇതിനായാണ് ബന്ധുക്കൾ സിറാജുദീന്റെ വീട്ടിലെത്തിയത്. തുടർന്ന് സഹോദരങ്ങളായ അഞ്ച് പേരാണ് ഇവരുടെ പുരയിടത്തിലുള്ള പാറമടയിൽ കുളിക്കാൻ പോയത്. ആദ്യം ഇറങ്ങിയ മൂന്ന് പേരും മുങ്ങിത്താഴുന്നത് കണ്ട് കരയിൽ നിന്ന രണ്ട് കുട്ടികൾ നിലവിളിച്ചു. ഇതുകേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആദ്യം രണ്ട് കുട്ടികളുടെയും പിന്നാലെ ഒരു കുട്ടിയുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.