Tue. Nov 24th, 2026

ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തി ഉത്തർപ്രദേശ് സർക്കാർ. ഭീംറാവു അംബേദ്കർ എന്ന പേര് ഭീംറാവു റാംജി അംബേദ്കർ എന്ന് മാറ്റിയാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിറക്കിയത്. പഴയതും പുതിയതുമായ എല്ലാ സർക്കാർ രേഖകളിലും ഇതേ രീതി പിന്തുടരണമെന്നും സർക്കാർ ഉത്തരവിൽ ആവശ്യപ്പെട്ടു.

ഭരണഘടനയിൽ അദ്ദേഹം ഒപ്പ് വച്ചിരിക്കുന്നത് ഭീംറാവു റാംജി അംബേദ്കർ എന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ഉത്തർപ്രദേശ് ഗവർണർ റാം നായിക്കിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് പേര് മാറ്റമെന്നാണ് റിപ്പോർട്ട്. അംബേദ്കറുടെ പേരിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേര് കൂടി ചേർത്താണ് ആൺമക്കൾക്ക് പേരിടുക. ഹിന്ദി ഭാഷയിൽ അംബേദ്കറുടെ പേര് എഴുതുന്ന രീതി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

അതേസമയം, തങ്ങൾ ദളിത് വിരുദ്ധരല്ലെന്ന് ജനങ്ങളെ കാണിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നടത്തുന്ന നാടകമാണിതെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു. ബി.എസ്.പി – സമാജ് വാദി പാർട്ടി സഖ്യത്തിന്റെ രൂപീകരണത്തിൽ ബി,ജെ.പി സർക്കാർ പരിഭ്രാന്തരാണ്. തോൽവി മനസിലാകുമ്പോൾ ഇത്തരത്തിലുള്ള പുതിയ വിവാദങ്ങളും കൊണ്ട്വരുന്നത് ബി.ജെ.പിയുടെ ശീലമാണെന്നും സമാജ് വാദി നേതാവ് സുനിൽ സാജൻ ആരോപിച്ചു.