Fri. Mar 29th, 2024

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.സ്വത്തില്‍ 45 ശതമാനത്തോളം അനധികൃതമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ബിനാമികളായ ബാബുറാമിനെയും മോഹനനെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി.

മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കെ ബാബുവിനെതിരായ കേസ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് കെ. ബാബുവിനെതിരെ കേസ് എടുക്കുന്നത്. അന്വേഷണത്തില്‍ ബാബുവിന്റെ മരുമകനും, പിതാവും കര്‍ണ്ണാടകയിലെ കുടകില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും, ഇളയ മകളുടെ കല്യാണത്തിന് 200 പവന്‍ നല്‍കിയിട്ടുണ്ടെന്നും, രണ്ട് പെണ്‍മക്കള്‍ക്ക് ആഡംബര വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരിയില്‍ വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, ബാബുവിന്റെ വസതിയിലും മക്കളുടെ വീട്ടിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

കെ ബാബുവിന് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ കേസെടുത്തത്. തൃപ്പൂണിത്തുറ പ്രതികരണവേദി എന്ന ലെറ്റര്‍ഹെഡിലുള്ള കത്തില്‍ അനധികൃത സ്വത്തിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. തുടര്‍ന്ന് കത്തില്‍ രഹസ്യാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.