Fri. Mar 29th, 2024

ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പര സമ്മതപ്രകാരം നടത്തുന്ന വിവാഹം അസാധുവായി പ്രഖ്യാപിക്കാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം നടപടി നിയമവിരുദ്ധമാണ്. ഇത് നേരിടാനുള്ള മാര്‍ഗരേഖയും കോടതി പുറത്തിറക്കി

ഖാപ് പഞ്ചായത്തുകള്‍ ഇടപെട്ട് വിവാഹങ്ങള്‍ അസാധുവാക്കുന്ന നടപടി രാജ്യത്ത് പലയിടങ്ങളിലും നടക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദുരഭിമാനത്തിന്റെ പേരിലുള്ള ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ ചോദ്യം ചെയ്ത് എന്‍ജിഒ ആയ ശക്തിവാഹിനി 2010ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ശക്തിവാഹിനി കോടതിയെ സമീപിച്ചത്.

ദുരഭിമാന കൊല അടക്കമുള്ള ഖാപ് പഞ്ചായത്തുകളുടെ കിരാത നടപടികളില്‍ നേരതെ് സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്വന്ത ഇഷ്ടപ്രകാരം വിവാഹം കഴിച്ച ദമ്പതികളെ സംരക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഖാപ് പഞ്ചായത്തുകള്‍ സ്വയം മനസാക്ഷി സൂക്ഷിപ്പുകാരാകേണ്ടെന്നും വിവാഹം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രാജ്യത്ത് നിയമവും കോടതികളുമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം അസാധുവാണോയെന്ന് തീരുമാനിക്കാന്‍ നിയമമുണ്ടെന്നും ദമ്പതികള്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും പരമോന്നത കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു