Fri. Apr 19th, 2024

ഇന്ന് ലോകജലദിനം. വെള്ളപ്പൊക്കം, വരള്‍ച്ച, ജലമലിനീകരണം എന്നിവ നമുക്ക് എങ്ങനെ കുറയ്ക്കാന്‍ കഴിയും? പരിഹാരങ്ങള്‍ നാം ഇതിനകം പ്രകൃതിയില്‍ കണ്ടെത്തുകയാണ് ലോക ജലദിനം 2018-ല്‍.

എല്ലാവര്‍ഷവും മാര്‍ച്ച് 22-നാണ് ലോകജലദിനമായി ആചരിക്കുന്നത്. റിയോ ഡി ജനീറോയില്‍ യുനൈറ്റഡ് നേഷന്‍സ് കണ്‍വെഷന്‍ ഓണ്‍ എന്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് ശുദ്ധജലം ആഘോഷക്കാന്‍ ഒരു അന്തരാഷ്ട്രദിനം ശുപാര്‍ശ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം 1993 മാര്‍ച്ച് 22 ന് ആദ്യത്തെ വാട്ടര്‍ദിനമായി ആചരിച്ചു.

ജലസ്രോതസ്സുകളെ സംബന്ധിച്ചിടത്തോളം ഒരു ആഗോള നിരീക്ഷണമാണ് ജലദിനം. ഒരു ജലദിനവും കൂടി നമുക്കുമുന്നിലൂടെ കടന്നുപോകുമ്പോള്‍ ജലസ്രോതസ്സുകളെ പരമാവധി സംരക്ഷിക്കേണ്ടതും നിലനിര്‍ത്തേണ്ടതും നമ്മുടെ കടമയാണ്. ‘ജലം അമൂല്യമാണ്.’ അതിനെ പാഴാക്കരുത്’ എന്ന ചിന്ത നമ്മുടെ മനസ്സില്‍ എപ്പോഴും നിലനില്‍ക്കണം. മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കണം. എന്നാല്‍ മാത്രമേ, നമ്മുടെ വരുംതലമുറയ്ക്ക് മലിനീകരണമില്ലാത്ത ശുദ്ധജലം ലഭ്യമാകൂ.

ജലരേഖയായ വാഗ്ദാനങ്ങള്‍; 33.5 കോടിയുടെ സംരക്ഷണ പദ്ധതി പാഴായി ഇത്തവണ ജലദിനം ആചരിക്കാതെവിടുകയാണ് തങ്ങളെന്ന് ശാസ്താംകോട്ട തടാകസംരക്ഷണ സമിതി.

രണ്ടുദശാബ്ദമായി ജലദിനാചരണവും സംരക്ഷണ പ്രതിജ്ഞയും മുടക്കാത്ത തടാക സംരക്ഷണ സമിതിയും നിരവധി അനുഭാവസംഘടനകളും ഇത്തവണ ജലദിനാചരണത്തിനുപോലും ഇറങ്ങാതെപ്രതിഷേധിക്കുകയാണ്.

വാഗ്ദാനങ്ങള്‍ ജലരേഖയാക്കി നാടിനെ വഞ്ചിച്ചതിനെതിരെയാണ് ഈ നിശബ്ദപ്രതിഷേധം. പോരാട്ടം തങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഇതിനര്‍ഥമില്ല. ഇന്നലെയും തലസ്ഥാനത്ത് വിജിലന്‍സ് അധികൃതര്‍ക്ക് പരാതിനല്‍കുന്നതിന് സമിതി നേതാക്കൾ എത്തിയിരുന്നു.

തടാകസംരക്ഷണമാവശ്യപ്പെട്ടുകൊണ്ടുള്ള സുദീര്‍ഘ സമരങ്ങള്‍ക്ക് ഒടുവില്‍ ഒരുമാസം നീണ്ട നിരാഹാരസമരം അവസാനിപ്പിക്കാന്‍ അന്ന് നേരിട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച പദ്ധതികള്‍ ഇനിയും നടപ്പായിട്ടില്ല. തടാകത്തില്‍നിന്നുമുള്ള അമിതജലചൂഷണത്തിന് പരിഹാരം വേണമെന്നായിരുന്നു പരിസ്ഥിതി സംഘടനകളുടെ ആവശ്യം.

പ്രതിദിനം നാലുകോടിയില്‍പരം ലിറ്റര്‍ ജലം വലിച്ചൂറ്റി എടുക്കുന്നതോടെ തടാകം വരളുകയാണ് തടാകത്തിന്റെ ജല വിതാനം താഴുമ്പോള്‍ ചുറ്റുമുള്ള ഗ്രാമങ്ങളാകെ വരണ്ടുണങ്ങുകയാണ്. കല്ലടആറ്റില്‍നിന്നും ജലം ശാസ്താംകോട്ട തടാക തീരത്തെ പ്‌ളാന്റില്‍ എത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച് അയയ്ക്കാമെന്നും തടാകത്തിലെ ജലോപഭോഗം കുറയ്ക്കാമെന്നുമായിരുന്നു പദ്ധതി.

19കോടിരൂപ കല്ലടആറ്റില്‍ തടയണക്കും 14.5കോടി രൂപ പമ്പുഹൗസിനും പൈപ്പുലൈനിനും എന്ന് പദ്ധതികണക്കാക്കി അനുവദിച്ചിരുന്നു. തടയണനിര്‍മ്മിക്കുന്നത് മണ്‍റോത്തുരുത്തിന്റെ നിലനില്‍പ്പിനെബാധിക്കുമെന്ന ഒരു വാദമുയരുകയും വിദഗ്ധപഠനമേതുമില്ലാതെ രാഷ്ട്രീയ നീക്കത്തിലൂടെ ഈ പദ്ധതി തടസപ്പെടുകയും ചെയ്തു.

അതിനിടെ പൈപ്പ് ഇടുവാന്‍ ആരംഭിച്ചിരുന്നു. പമ്പ് ഹൗസ് സ്ഥാപിക്കുന്ന സ്ഥലം സംബന്ധിച്ച് ഒരു കേസ് ഉണ്ടായതോടെ ഈ പരിപാടിയും മരവിപ്പിലായി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ ഒരു കാരണം പറഞ്ഞ് അത് നീട്ടിവയ്ക്കുന്നതിനാണ് അധികൃതര്‍ ശ്രദ്ധിച്ചതെന്ന് ആക്ഷേപം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്.

തടാകം കുറുകേ മുറിച്ചു കടന്നാണ് ആറ്റിലെ ജലം കൊണ്ടു വരേണ്ടിയിരുന്നത്. തടാകതീരം വരെയുള്ള പൈപ്പുവിന്യാസം നടന്നു. ബാക്കി പൈപ്പുകള്‍ തീരത്തിരുന്ന് കാടുകയറുകയാണ്. പദ്ധതി വൈകിയതോടെ 5.5കോടിയുടെ ബില്ലുമാറി കരാറുകാരനും മടങ്ങി. വെള്ളത്തിന് അടിയിലൂടെ വിന്യസിക്കേണ്ട വിലയേറിയ ഹൈ ഡെന്‍സിറ്റി പോളിഎത്തിലീന്‍ പൈപ്പുകളും കരയില്‍ ഇരിപ്പാണ്. ചൂടേറ്റാല്‍ തകരാര്‍ആകുന്ന ഈ പൈപ്പുകളും രണ്ടുവര്‍ഷമായി കരയില്‍ വെയിലുംമഴയുമേല്‍ക്കുകയാണ്. ഇത് തകരാറിലാകുന്നത് ആറ്റിലെ ജലം ചോര്‍ന്ന് തടാകജലത്തിലെത്തുവാനിടയാക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഈ ആശങ്കയുമുണ്ട്.

ദുരൂഹമായി വൈകി ഉപേക്ഷിച്ച പദ്ധതി സംബന്ധിച്ച് സമിതി അടക്കമുള്ളവരുടെ പരാതി പരിഗണിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഈ കേസ് പുനരുജ്ജീവിപ്പിക്കാനാണ് തടാകസംരക്ഷണ സമിതി ഉന്നതാധികൃതരെ കാണുന്നത്. ശാസ്താംകോട്ട തടാകത്തിന്റെ ഇന്നത്തെ അവസ്ഥക്ക് മോചനമാകുമായിരുന്ന ബൃഹദ് പദ്ധതിയാണ് യുക്തിരഹിതമായി അധികൃതര്‍ നീട്ടിക്കൊണ്ടുപോകുന്നതെന്നും ഒരു നാടിനോട് ഒട്ടാകെ കാട്ടുന്ന വഞ്ചനയായേ ഇതിനെ കാണാനാകൂ എന്നും സമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍പിള്ള പറഞ്ഞു.