പ്രതിമ തകര്‍ക്കൽ സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന് വി.എസ് അച്യുതാനന്ദന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ഇ.എം.എസ്സിന്റെയും എ.കെ.ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും’ എന്ന് താന്‍ പ്രസ്താവിച്ചതായാണ് നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല. തികച്ചും വാസ്തവ വിരുദ്ധവും ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ആരും വിശ്വസിക്കരുത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി.എസ് അഭ്യര്‍ത്ഥിച്ചു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് സംഘപരിവാര്‍ വ്യാപക അക്രമം അഴിച്ചു വിട്ടിരുന്നത്. ലെനിന്റെ പ്രതിമ തകര്‍ത്തത് വലിയ വിവാദമാവുകയും പിന്നീട് സംഘപരിവാര്‍ തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി വിഎസ്സിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായത്