Sat. Nov 21st, 2026

ഹാദിയ കേസില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്. ഇവരുടെ വിവാഹം സാധുവാണ്. നിയമപരമായി ഹാദിയയ്ക്ക് പഠനം തുടരാം. ഭരണഘടനയുടെ 226ാം അനുഛേദം അനുസരിച്ച് ഒരു ഹേബിയസ് കോര്‍പസ് പരിഗണിച്ചാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. ആ വിധി തെറ്റാണ്. അതുകൊണ്ട് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

വിവാഹം അസാധുവാക്കിയതില്‍ യാതൊരു ന്യായീകരണവുമില്ലെന്നു സുപ്രീം കോടതി കണ്ടെത്തി. പ്രായപൂര്‍ത്തിയ ആയ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം അസാധുവാക്കാന്‍ എന്താണ് കാരണം? സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ഇരുവരും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനൊപ്പം കോടതിയുടെ കണ്ടെത്തലുകള്‍ എല്ലാം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ എന്‍.ഐ.എ അന്വേഷണം തുടരുന്നതില്‍ കോടതി ഇടപെട്ടിട്ടില്ല. എന്‍.ഐ.എയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. ആവശ്യമെങ്കില്‍ കേസെടുക്കുന്നതിന് എന്‍.ഐ.എയ്ക്ക് തടസ്സമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവും ഭീകരബന്ധവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യവും പരിശോധിക്കാം. എന്നാല്‍ ഇവരുടെ വിവാഹം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിധിയില്‍ പറയുന്നു.

ഹേബിയസ് കോര്‍പസ് പരിഗണിച്ച് വിവാഹം അസാധുവാക്കാന്‍ കഴിയുമോ എന്നതാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹാദിയ, പിതാവ് അശോകന്‍, ഷെഫിന്‍ ജെഹാന്‍ എന്നിവരുടെ വിശദമായ വാദം കോടതി കേട്ടിരുന്നു. വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് തുറന്നകോടതിയില്‍ പ്രസ്താവിക്കുക. വിധിയുടെ പൂര്‍ണ്ണരൂപം പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും വിവാഹം കഴിച്ചതെന്നും അതിന് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തനിക്കുണ്ടെന്നും തനിക്ക് ഷെഫിന്‍ ജെഹാന് ഒപ്പം പോകണമെന്നും ഹാദിയ കോടതിയില്‍ വാദിച്ചിരുന്നു. വീട്ടുതടങ്കലില്‍ പീഡനമേറ്റുവെന്നും ഇസ്ലാംമതം ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും പിതാവ് അശോകന്‍ അടക്കമുള്ളവര്‍ക്കെതിരെ ഹാദിയ ഉന്നയിച്ചിരുന്നു.

എന്നാല്‍ മകള്‍ മതംമാറിയതല്ല, ഭീകരവാദ ബന്ധമുള്ളയാളെ വിവാഹം ചെയ്തതിനെയാണ് എതിര്‍ത്തതെന്ന് അശോകന്‍ ചൂണ്ടിക്കാട്ടി. ഹാദിയയെ ഫാസില്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കാനും യെമനിലേക്ക് കടത്താനും ശ്രമം നടന്നു. കൂട്ടുകാരിയുടെ ഇടപെടലാണ് ഈ നീക്കം പൊളിച്ചതെന്നും അശോകന്‍ പറഞ്ഞിരുന്നു.
ഷെഫിന്‍ ജെഹാന് ഭീകരബന്ധമുണ്ടെന്നും അത് കോടതി പരിശോധിക്കണമെന്നുമാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്