പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ ദമ്പതികള്‍ക്ക് എട്ടുവര്‍ഷമായി ഊരുവിലക്കും സഞ്ചാരസ്വതാന്ത്ര്യവും നിഷേധിച്ചതായി പരാതി. സുഭിക്ഷ എബി, എല്‍ ഡോറെദോ എന്ന യുവതിയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സുഭിക്ഷ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിച്ച് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. പ്രണയിച്ച് അന്യമതസ്ഥനെ വിവാഹം കഴിച്ചതില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സ്വന്തം വീടിനു മുമ്പിലൂടെ പോകുന്നതന് വിലക്കാണെന്ന് യുവതി പറയുന്നു.
താനും ഭര്‍ത്താവ് എബിയും കോഴിക്കോട് ചാത്തമംഗംലത്തുള്ള ഉള്‍നാടന്‍ ഗ്രാമമായ സങ്കേതത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വിഭാഗം സദാചാരവാദികള്‍ വണ്ടി തടയുകയും, വഴിയിലൂടെ സഞ്ചരിച്ചതിന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ കുറിപ്പില്‍ പറയുന്നു. ഈ വഴിയില്‍ തന്നെയാണ് അമ്മയുടെ വീട്. കഴിഞ്ഞ ഏഴര വര്‍ഷമായി അവിടെ കയറാന്‍ പറ്റിയിട്ടില്ലെന്നും യുവതി പറയുന്നു.
സുഭിക്ഷ എബി, എല്‍ ഡോറെദോ യുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
മറ്റെങ്ങും അല്ല, പ്രബുദ്ധ കേരളത്തിൽ തന്നെ !!
അന്യമതത്തിൽ പെട്ട പുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിൽ 8 വർഷമായി ഊരു വിലക്കും ഇപ്പോൾ സഞ്ചാര സ്വാതന്ത്ര്യ നിഷേധവും.
**
കഴിഞ്ഞ ദിവസം ആണ്, ഞാനും എന്റെ ഭർത്താവ് എബിയും
കോഴിക്കോട്, ചാത്തമംഗലം, എന്ന സ്ഥലത്തിന്റെ ഉൾ റൂട്ട് ആയിട്ടുള്ള ‘സങ്കേതം’ എന്ന സ്ഥലത്തുകൂടി വേളല്ലശ്ശേരി യിലേക്ക്കുള്ള ഷോർട്ട് കട്ട് റോഡിലൂടെ പോവുകയായിരുന്നു….
വളരെ മനോഹരമായ,പരന്ന് കിടക്കുന്ന വയലും,കുറേ ദേശാട നകിളികളും ഉള്ള വയൽത്തീരത്തുകൂടിയാണ് വെള്ളാളശ്ശേരി-സങ്കേതം റോഡ് പോകുന്നത്.
എന്നാൽ ഈ പ്രകൃതി ഭംഗിയെക്കാൾ ഈ വഴിയോട് എനിക്കൊരു വൈകാരിക ബന്ധം കൂടി ഉണ്ട്.
ആ റോഡരികിൽ തന്നെയാണ് എന്റെ അമ്മയുടെ തറവാട് വീടും, മാമന്റെ വീടും.ഈ വഴിയിലൂടെ ഞാൻ പോയിട്ട് ഏഴര വർഷത്തോളമായി….!ഇടവഴിയെല്ലാം റോഡായി…കുഞ്ഞുനാളിൽ കളിച്ചുനടന്നതും,വലുതായി, അമ്മഛൻ മരിക്കും വരെ കൈ വിരൽ പിടിച്ച് നടന്നതും….,അങ്ങനെ എനിക്ക് ഒരുപാട് ഓർമ്മകളുള്ള സ്ഥലം കൂടിയാണ് ഈ വഴി..!)
അ
ഈ റോഡിലൂടെ Dio യിൽ പോരൂ മ്പോൾ വീടിന്റെ മുന്നിൽ മാമൻ ആരോടോ സംസാരിക്കുന്നത് മിന്നായം പോലെ ഒന്ന് കണ്ടു.കുറെ ദൂരം കഴിഞ്ഞപ്പോൾ ഒരു ബുള്ളറ്റ് പന്തിയല്ലാത്തൊരു വരവ് പോലെ തോന്നി..എബി വണ്ടി ഒന്ന് സ്ലോ ആക്കി….ബുള്ളറ്റ് ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ പോവാൻ പറ്റാത്ത വിധം ക്രോസ്സ് ആയി ഞങ്ങളെ വഴി തടഞ്ഞു നിർത്തി…പിന്നീടുണ്ടായത് സദാചാര പോലീസിന്റെ രീതിയായിരുന്നു…രോഷത്തോടെ ചോദ്യം ചെയ്യുന്ന സ്വരത്തോടെ,
വന്നയാൾ :നിങ്ങൾ എവിടുന്നാ വരുന്നേ?
എബി :കോഴിക്കോട് നിന്ന്.
എങ്ങോട്ടാപോകുന്നേ..?
എബി:മുക്കത്തേക്ക്,
ഈ വഴി വരേണ്ട കാര്യമെന്താ?
എബി :കാണാൻ നല്ല സ്ഥലമുള്ളതുകൊണ്ടാണ് ഈ വഴി വന്നത്…
അതിന് ഈ വഴിക്ക് തന്നെ വരണോ..?
എബി :അതെന്താ ഈവഴിക്ക് വരരുത് ന്നെങ്ങാനും ഉണ്ടോ..?നല്ല സ്ഥലമാണ്,കുറച്ച് നല്ല ഫോട്ടോ എടുക്കാമെന്നു വച്ചു.
ഫോട്ടോ എടുക്കാൻ നിങ്ങൾ ഫോട്ടോ ഗ്രാഫർ ആണോ?
എബി :അതെ..
“ഇവിടെ പലജാതി ആൾക്കാർ വരുകയും,പോവുകയും ചെയ്യാറുണ്ട്.ഞങ്ങൾ ഈ നാട്ടിൽ സംശയാസ്പദമായി ആരെ കണ്ടാലും ചോദ്യം ചെയ്യും.”
അപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ പയ്യൻ തറവാട് വീടിന്റെ അടുത്തുള്ളതാണ്.എന്റെ മാമൻ ഇവന്റെ അടുത്താണ് നേരത്തെ സംസാരിച്ചിരുന്നത്.
ഞാൻ അവനോട് പരിചയ ഭാവത്തിൽ കുഞ്ചു അല്ലെ ?എന്ന് ചോദിച്ചു!
ഒരു പരിച്ചയഭാവവും ഇല്ലാതെ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞ മറുപടി,
ആണെങ്കിൽ..!ആരായാലും ഇന്നു കാറങ്ങിയപോലെ ഇനി ഈ നാട്ടിൽ നിങ്ങളെയെങ്ങാനും ഇനി കറ ങ്ങുന്നത് കാണരുത്..!ഈ സ്ഥലം അത്ര നല്ലതല്ല..!
ഈ സംസാരം ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാനും കുറച്ച് ഗൗരവത്തോടെ ചോദിച്ചു..!
ഈ വഴി,പബ്ലിക് വഴിയല്ലേ..?ആരുടേയും പ്രൈവറ്റ് വേ.. അല്ലല്ലോ..? ഒരു പബ്ലിക് വേ.. യിലൂടെ പോകരുത് എന്ന് പറയാൻ നിങ്ങൾക്കെന്താ അവകാശം?
അതിനു അവൻ തന്ന മറുപടി..ഏ തു വഴിയായാലും ഈ നാട്ടിലെ കാര്യം ഞങ്ങളാ തീരുമാനിക്കുന്നത്,ഇനി മേലിൽ രണ്ടിനേം ഈ വഴി കണ്ടാൽ നേരെ പാടിന് ഇതിലൂടെ പോവില്ലാ…!
മരിയാദയ്ക്കല്ലെങ്കി ജീവനോടെ ഇവിടുന്ന് പോവാൻ പറ്റില്ല!എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി.ഇനിയും ഇതുവഴി തന്നെ വരുമെന്ന് പറഞ്ഞാ ഞങ്ങൾ പോന്നത്…!
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനു വീട്ടുകാർ എന്നെ ഒഴിവാക്കിയിട്ട് ഇപ്പൊ ‘എട്ട്’ വർഷമാകുന്നു…ഒരു പരാതിയും ഇല്ല! *സ്വന്തം നാട്ടിൽ എനിക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല.! * അന്യ മതസ്ഥനെ വിവാഹം കഴിച്ചത്തിന്റെ പേരിൽ എന്നോട് പലരും വർഗ്ഗീമായി പെരുമാറുന്നു..,പക്ഷേ… *എനിക്കിഷ്ടമുള്ള വഴിയിലൂടെ നടക്കാനുള്ള അല്ലെങ്കിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചാൽ ഞാൻ എന്ത് ചെയ്യണം…??
കുന്നമംഗലം സ്റ്റേഷനിൽ പരാതി കൊടുത്തിട്ടാണ് ഇന്നലെ ഞങ്ങൾ അവിടെ നിന്നും പോന്നത്.