ഹോർലിക്സിലും തിരിമറി. ഒന്നും രണ്ടും കുപ്പിയുടെ തിരിമറിയല്ല, മൂന്നര ലക്ഷം രൂപയുടെ തിരിമറിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വലിയതുറ സപ്ളൈകോ ഗോഡൗണിൽ നടന്നതായാണ് വിജിലൻസ് കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ സപ്ളൈകോയുടെ ഷോപ്പുകളിൽ നിന്നും ഹോർലിക്സ് എത്തിച്ച് തടിയൂരാനും തട്ടിപ്പുനടത്തിയവർ ശ്രമിച്ചു.ഗോഡൗണിൽ നടന്ന വിജിലൻസ് പരിശോധനയിൽ ഇക്കാര്യവും കണ്ടെത്തി.
പീപ്പിൾസ് ബസാർ, ഹൈപ്പർ മാർക്കറ്റ് എന്നിവടങ്ങളിലെ സ്റ്റോക്ക് ഗോഡൗണിൽ എത്തിക്കാറില്ല. അവിടെ സാധനം വാങ്ങുന്നതു അവിടുത്തെ മാനേജർ നേരിട്ടാണ്. കമ്പനികൾ അവരുടെ ഉൽപ്പന്നം അവിടെ നേരിട്ടെത്തിക്കും. കേടായ സാധനവും കാലാവധി കഴിഞ്ഞ സാധനവും തൊട്ടടുത്ത മാസത്തെ ബില്ലിൽ കമ്പനി കുറവു ചെയ്തു കൊടുക്കുകയും ചെയ്യും. അവിടെ നിന്ന് ആ ഉൽപ്പന്നം കമ്പനി നേരിട്ടാണു തിരിച്ചെടുക്കുന്നതും. എന്നാൽ മൂന്നു ലക്ഷം രൂപയുടെ തിരിമറി ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ പഴവങ്ങാടിയിലെ പീപ്പിൾസ് ബസാർ, വഴുതക്കാടുള്ള ഹൈപ്പർ മാർക്കറ്റ് എന്നിവടങ്ങളിൽ നിന്നുൾപ്പെടെ ഏഴു മാവേലി വിൽപ്പന കേന്ദ്രങ്ങളിൽ നിന്നാണു പഴയ സ്റ്റോക്ക് വലിയതുറയിൽ എത്തിച്ചു. സംഭവം അറിഞ്ഞതോടെ സപ്ളൈകോ വിജിലൻസ് എസ്.പി ബി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പകൽ മുഴുവൻ ഇവിടെ പരശോധന നടത്തി. സ്റ്റോക്ക് എത്തിച്ച കാര്യം തെളിഞ്ഞാൽ വിൽപ്പന കേന്ദ്രങ്ങളിലെ മാനേജർമാരും കേസിൽ കുടുങ്ങും. ഇവരിൽ ചിലരെ ഇന്നലെ ചോദ്യം ചെയ്തു.
ഭരണകക്ഷിയുടെ തൊഴിലാളി യൂണിയന്റെ ഒരു നേതാവ് തന്റെ സ്വാധീനം ഉപയോഗിച്ചാണ് പഴയ സ്റ്റോക്ക് ഗോഡൗണിൽ എത്തിച്ചതെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. 15നാണു വിജിലൻസിന്റെ ഫ്ളൈയംഗ് സ്ക്വാഡ് വലിയതുറയിൽ പരശോധനയിലാണ് സ്റ്റോക്കിൽ മൂന്നര ലക്ഷം രൂപയുടെ ഹോർലിക്സിന്റെ കുറവു കണ്ടെത്തിയത്. വിൽപ്പന കേന്ദ്രങ്ങളിൽ നിന്നു പകരമെത്തിച്ച സ്റ്റോക്കെല്ലാം പഴയതെന്നു സൂചന. 2015ലും 2016ലുമൊക്കെ കലാവധി കഴിഞ്ഞതും കൂട്ടത്തിലുണ്ടായിരുന്നു.