സീറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രാജ്യത്തെ നിയമവ്യവസ്ഥ കര്‍ദിനാളിനു ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കര്‍ദിനാളിനെ വില്ക്കാന് ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദി. വില കുറച്ച് ഭൂമി വില്ക്കാന് കര്‍ദിനാളിനു പറ്റുമോ. ബിഷപ്പ് സഭാ സ്വത്തുക്കളുടെ സംരക്ഷകന്‍ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കനോന്‍ നിയമ പ്രകാരം ഭൂമിയിടപാട് സംബന്ധിച്ച് കര്‍ദിനാളിനെതിരെ പോപ്പിനു മാത്രമേ നടപടിയെടുക്കാന്‍ അധികാരമുള്ളൂവെന്ന് ആലേഞ്ചരിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ഇതു വരെ പോപ്പ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അഭിഭാഷകന് വാദിച്ചു. ഇതാണ് കോടതിയുടെ വിമര്‍ശനത്തിനിടയായത്. നോട്ട് നിരോധനം കാരണമാണ് ഉദ്ദേശിച്ച പണം ലഭിക്കാതെ പോയതെന്ന് ആലഞ്ചേരിയുടെ ചൂണ്ടിക്കാട്ടി.
കര്‍ദിനാളിനെതിരെ വിശ്വാസ വഞ്ചനാക്കുറ്റം സംഭവത്തില്‍ നിലനില്‍ക്കുമോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഹൈക്കോടതി അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം നടത്തിയ നീക്കമാണ് അഴിമതിയില്‍ കലാശിച്ചത്. മെഡിക്കല്‍ കോളജ് പദ്ധതിക്കെതിരെ സഭയ്ക്കുള്ളിലെ ഭൂരിഭാഗം വൈദികരും എതിര്‍ത്തിരുന്നു. ഇതു തള്ളിയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി സഭ വാങ്ങുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് പദ്ധതിയുമായുള്ള പ്രവര്‍ത്തനങ്ങളുമായി സഭാ നേതൃത്വം മുന്നോട്ടു പോയില്ല. എന്നാല്‍ മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയ ഇനത്തില്‍ എടുത്ത 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് ഈ കടം സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു വീട്ടാന്‍ വൈദിക സമിതി യോഗം തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്കൂളിനു സമീപമുള്ള 69 സെന്റ്,എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളിലുള്ള ഒരേക്കര്‍ എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്ക്കാന് തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം 27 കോടിക്കു ഭൂമി വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ സഭയ്ക്ക് ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില് 25 റബര്‍ തോട്ടവും ഇടുക്കി ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവും നല്‍കിയിരുന്നു. എന്നാല്‍ പണം എല്ലാം ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില്‍ ഒപ്പിട്ടു നല്‍കിയെന്നതാണ് മാര്‍ ആലഞ്ചേരിക്കു വിനയായത്