തന്റെ മകൻ മധുവിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നതാണെന്ന് അമ്മ മല്ലിയുടെ പ്രതികരണം. മാനസികാസ്വസ്ഥ്യമുള്ള തന്റെ മകനെ സ്ഥലത്തെ ഡ്രൈവർമാർ അടക്കമുള്ള ആൾക്കാരാണ് മകനെ മർദ്ദിച്ചത്. ഒമ്പത് വർഷമായി മകൻ വീട് വിട്ടിറങ്ങിയിട്ട്. എന്തെങ്കിലും രീതിയിൽ അവൻ ജീവിച്ച് പോകുമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അമ്മ ആവശ്യപ്പെട്ടു.
അതേസമയം, മധുവിനെ കൊന്നവരെ പിടിക്കുന്നത് വരെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കൾ അറിയിച്ചു. ചെറിയ മാനസിക പ്രശ്നങ്ങളുള്ള ഇയാളെ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ പിടിച്ചത് തങ്ങൾ അറിഞ്ഞിരുന്നുവെന്ന് മധുവിന്റെ ചെറിയച്ഛൻ പറഞ്ഞു. എന്നാൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുമെന്നാണ് കരുതിയിരുന്നത്. കടകളിൽ മോഷണം നടത്തിയത് ആരാണെന്ന് അറിയില്ല. എന്നാലും മധുവിനെ തല്ലിക്കൊല്ലാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മധുവിനെ വ്യക്തിപരമായി അറിയാവുന്നവരാണ് ഇയാളെ തല്ലിക്കൊന്നതെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ ആവശ്യപ്പെട്ടു.