Sun. Nov 22nd, 2026

കോണ്‍ഗ്രസ് നേതാക്കളുമായി കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. 2012 മുതല്‍ ഇത്തരം അനുഭവങ്ങളുണ്ട്. താന്‍ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും നേരിടുന്ന വിഷയമാണിതെന്നും രമ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകള്‍ ഇടുക എന്നത് സ്ഥിരം രീതിയാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും തെല്ലും മനോബലം തകര്‍ക്കില്ലെന്നും രമ സൗത്ത്‌ലൈവിനോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുകയും അവര്‍ പൊതുരംഗത്ത് വരണം എന്ന് പറയുകയും ചെയ്യുന്ന പുരോഗമനവാദികളായ ആളുകളുള്ള സി.പി.ഐ.എമ്മാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നതാണ് വിഷയം. അവരുടെ സംഘടനയ്‌ക്കെതിരെ പറയുമ്പോള്‍ സ്ത്രീയും പുരുഷനുമില്ല. സ്ത്രീയാണെങ്കിലും അവര്‍ ഒരു പരിഗണനയും നല്‍കുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളില്‍ നിന്ന് മനസിലാകുന്നത്. തങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ ഏത് വിധേനെയും കായികമായും മാനസികമായും അടിച്ചമര്‍ത്തണമെന്നാണ് അവര്‍ കരുതുന്നതെന്നും രമ പറഞ്ഞു.

പൊലീസിലോ സൈബര്‍ സെല്ലിലോ പരാതി കൊടുക്കുന്നില്ലെന്നും രമ പറഞ്ഞു. പരാതി കൊടുത്തിട്ട കാര്യമില്ല. മുന്‍പ് പ്രത്യക്ഷമായി ഇത്തരം ആക്രമണമുണ്ടായിട്ടും തനിക്കെതിരെ വന്ന വാര്‍ത്തയ്‌ക്കെതിരെ പരാതി കൊടുത്തിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സൈബര്‍ ഇടങ്ങളിലോ വാര്‍ത്തകളിലോ അല്ലാതെ നേരിട്ട് അധിക്ഷേപങ്ങളും അനുഭവങ്ങളുമുണ്ടായിട്ടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആശയപരമായി നേരിടാതെ അശ്ലീല പരാമര്‍ശങ്ങളുമായി സൈബറിടം നിറയ്ക്കുകയായിരുന്നു സഖാക്കള്‍. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയോടുള്ള കലി അടങ്ങാതെ സിപിഐഎം സൈബര്‍ സഖാക്കള്‍ അശ്ലീല കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് . വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങള്‍ക്കെതിരെ നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്ക്കെതിരായുള്ള അശ്ലീല സൈബര്‍ ആക്രമണം രൂക്ഷണമായത്.

യു.ഡി.എഫ്, ആര്‍.എം.പി.ഐ, സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതില്‍ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമുള്ള രമയുടെ ചിത്രങ്ങള്‍ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് വന്നത്.

വാലന്റെയിന്‍സ് ഡേയായായ കഴിഞ്ഞ 14 യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം കറങ്ങുന്ന ആര്‍.എം.പി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലിട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.സി.വേണുഗോപാല്‍ എം.പി, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു, കെ.എസ് ഹരിഹരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബര്‍മീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിക്കുന്നത്.

കെകെ രമയ്ക്കെതിരെ അധിക്ഷേപവുമായി സിപിഐഎം നേതാവ് സിക ഗുപ്തനും രംഗത്ത് എത്തിയിട്ടുണ്ട്. സ്വന്തം ഭര്‍ത്താവ് മരിച്ചാലും സിപിഐഎമ്മിന് ഒരടികൊടുക്കണം എന്നാലോചിക്കുന്ന സ്ത്രീയുടെ മനസ്സ് ചാണകക്കുഴിയെക്കാള്‍ വൃത്തികെട്ടതാണെന്ന് ഗുപ്തന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചു.
കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെകെ രമയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമിച്ചവര്‍ തിരശീലയ്ക്ക് പിന്നിലാണ്. ആര്‍എംപി തന്നെയാണോ ടിപി കൊലക്കേസില്‍ എന്ന് അന്വേഷിക്കേണ്ടതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്

14ന് ഓര്‍ക്കാട്ടേരിയിലെ ആര്‍.എം.പി.ഐ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ കെ.കെ രമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 100 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തു. സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ്, പടയങ്കണ്ടി രവീന്ദ്രന്‍, പി. രാജന്‍, ഞാറ്റോത്ത് ബാലകൃഷ്ണന്‍, ഇല്ലത്ത് ദാമോദരന്‍ എന്നിവരുള്‍പ്പെയുള്ളവര്‍ക്കെതിരെയായിരുന്നു കേസ് എടുത്ത്.