Fri. Nov 20th, 2026

ഡിജിറ്റൽ ഇൻഡ്യ അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് . ഇത്തരത്തിലുള്ള വിശ്വാസങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കുറ്റ കൃത്യങ്ങള്‍ എല്ലാം ഞെട്ടലോടെയാണ് ലോകം കേട്ടിട്ടുള്ളത്. കാരണം രാജ്യം എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും, വികസിച്ചെന്നു പറഞ്ഞാലും നഗ്ന സന്യാസിമാരെയും, പ്രാകൃത ദൈവങ്ങളേയും വരെ ആരാധിച്ച് തല കുമ്പിട്ട് നടക്കുന്ന ഒരു ജനതയുള്ള രാജ്യത്ത് അന്ധവിശ്വാസങ്ങള്‍ ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളു. അത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നടന്ന കൊടും ക്രൂരതയുടെ കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.അന്ധവിശ്വാസത്തിന്റെ പേരില്‍ മൂന്ന് മാസം പ്രായമുളള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ബലിയര്‍പ്പിച്ച ദമ്പതികൾ പോലീസ് പിടിയിൽ.

ജനുവരി 31 ലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ചന്ദ്രഗ്രഹണത്തിനാണ് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയത്. താന്ത്രികന്റെ ഉപദേശപ്രകാരമാണ് കാര്‍ ഡ്രൈവറായ കേരുകൊണ്ട രാജേശഖറും ഭാര്യ ശ്രീലതയും ഇതിനു തുനിഞ്ഞതെന്ന് പൊലീസ് പറയുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബോയഗുഡയില്‍ യാചകരായ രക്ഷിതാക്കള്‍ക്കൊപ്പം നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുഞ്ഞിനെ രാജേശഖര്‍ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. പ്രതാപസിംഗാരത്തിനടുത്തുളള മുസി നദിക്കരയില്‍ കൊണ്ടുപോയാണ് തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം ഉടല്‍ നദിയില്‍ ഉപേക്ഷിച്ചു. തല പോളിത്തീന്‍ ബാഗിലാക്കി വീട്ടിലേയ്ക്ക് കൊണ്ടുപോയി.

‘ഭാര്യ ശ്രീലതയ്‌ക്കൊപ്പം രാജശേഖര്‍ പുലര്‍ച്ചെ മുന്ന് മണിക്ക് ”ക്ഷുദ്ര പൂജ” നടത്തി. ചില്ലുകങ്ങാറിലെ വീട്ടിലെ മുറിയിലാണ് ക്ഷുദ്രപൂജ നടത്തിയത്. അറുത്തെടുത്ത തല ബലിപീഠത്തില്‍ വച്ചാണ് ഈ ക്ഷുദ്ര പൂജ അരങ്ങേറിയത്. ഈ ക്ഷുദ്രകര്‍മ്മത്തിന് ശേഷം അറുത്തെടുത്ത തല വീടിന്റെ ടെറസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിച്ചു. ചന്ദ്രഗ്രഹണം കഴിഞ്ഞ് നാല് മണിയോടെ സൂര്യോദയ സമയത്താണ് ക്ഷുദ്രക്രീയ നടത്തിയത്. അതിന് ശേഷം സാധാരണ പോലെ രാജശേഖര്‍ തന്റെ കാറുമായി മഥപൂരിലേയ്ക്ക് പോയി. എന്തെങ്കിലും തരത്തിലുളള സംശയം ഒഴിവാക്കാനായിരുന്നു ഇത്” പൊലീസ് പറഞ്ഞു.

ഫെബ്രുവരി ഒന്നിന് രാജശേഖറിന്റെ ഭാര്യയുടെ അമ്മ തുണി പെറുക്കുന്നതിനായി ടെറസിന്റെ മുകളില്‍ കയറിയപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. പൊലീസ് രാജശേഖറിനെ സംശയിച്ചുവെങ്കിലും ശത്രുക്കളുടെയോ അയല്‍വാസികളുടെ കൈകളാണ് ഇതിന് പിന്നിലെന്ന് രാജശേഖര്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പ്രദേശവാസികളും അല്ലാത്തവരുമായി ഉപയോഗിച്ച 122 സിം കാര്‍ഡുകളിലെ കോള്‍ റെക്കോര്‍ഡ്‌സ് പൊലീസ് പരിശോധിച്ചു.ഈ സംഭവത്തിന് മുന്‍പും ശേഷവും ഉളള രേഖകളാണ് പരിശോധിച്ചത്. രാജശേഖര്‍ പറഞ്ഞ പത്ത് പേരുടെ ഉള്‍പ്പടെ സംശയത്തിന്റെ നിഴലിലായ 45 പേരാണ് പൊലീസ് പരിശോധനയില്‍ വന്നത്.

അന്വേഷണ സംഘം ഫെബ്രുവരി ഒമ്പതിന് രണ്ടാമതും രാജശേഖറിന്റെ ഒറ്റനില വീട് പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെ സൂചന ലഭിച്ചത്. രാജശഖരിന്റെ കിടപ്പു മുറിയിലെ തറയില്‍ രക്തകറയുടെ പാട് കണ്ടെത്തിയത്. ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പ്രകാരം ഈ കണ്ടെത്തിയ രക്തകറയും മുറിച്ച് മാറ്റപ്പെട്ട തലയിലെ രക്തവും തമ്മിലുളള സാമ്യം ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയെന്ന് രചകൊണ്ട പൊലീസ് കമ്മീഷണര്‍ എം.എം ഭാഗവത് പറഞ്ഞു.

ഇതേ സമയം തന്നെ, പൊലീസ് രാജശേഖറിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ആ മൊഴികളില്‍ രാജശേഖര്‍ അങ്ങേയറ്റം അന്ധവിശ്വാസിയാണെന്നും ദുര്‍മന്ത്രവാദികളെയും ആഭിചാരക്രിയകള്‍ നടത്തുന്നവരെയും സന്ദര്‍ശിക്കാറുണ്ടെന്നും അവര്‍ മൊഴി നല്‍കി. നാല് വര്‍ഷം മുമ്പ് ഭാര്യ ശ്രീലത രോഗബാധിതനായതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക ബാധ്യതയിലായതിനെ തുടര്‍ന്നാണ് രാജശേഖര്‍ ദുര്‍മന്ത്രവാദത്തിനു പിന്നാലെ പോയി തുടങ്ങിയതെന്നും മൊഴി ലഭിച്ചതായി പൊലീസ് പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് ദമ്പതികള്‍ മേഡാരത്തെ തദ്ദേശ ദൈവങ്ങളായ സാമ്മക്ക സരളാമ്മയുടെ ദര്‍ശനം തേടി പോയിരുന്നു. അവിടെ വച്ച് ദുര്‍മന്ത്രവാദിയെ കണ്ടു. പ്രശ്‌നപരിഹാരത്തിനായി പെണ്‍കുഞ്ഞിനെ നരബലി നല്‍കുകയെന്നത് ആ ദുര്‍മന്ത്രവാദിയുടെ ഉപദേശമായിരുന്നു. വീണ്ടും മറ്റ് ചില ദുര്‍മന്ത്രവാദികളെ കണ്ടുവെങ്കിലും അവരുടെ ഉപദേശങ്ങളും പരിഹാരമാര്‍ഗങ്ങളും രാജശേഖറിന് തൃപ്തി നല്‍കിയില്ല. അവസാനം രാജശേഖര്‍ ”നരബലി” അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഡി എന്‍ എ പരിശോധന ഫലവുമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ രാജശേഖര്‍ കുറ്റസമ്മതം നടത്തി. താന്ത്രികന്റെ ഉപദേശപ്രകാരം ഭാര്യയുടെ ആരോഗ്യത്തിനായി ക്ഷുദ്രപൂജ നടത്തിയതായി സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്ര, സൂര്യ പ്രകാശം 24 മണിക്കൂര്‍ നേരം പെണ്‍കുട്ടിയുടെ അറുത്തെടുത്ത തലയില്‍ പതിക്കണമെന്ന മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് തല ടെറസില്‍ സൂക്ഷിച്ചതെന്നും രാജശേഖര്‍ വ്യക്തമാക്കിയതായി പൊലീസ് പറയുന്നു

ചോദ്യം ചെയ്യലിനിടിയല്‍ രാജേശഖറിനെ കൃത്യം ചെയ്യാന്‍ താന്‍ പ്രേരിപ്പിച്ചതായി ഭാര്യ ശ്രീലത മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി, പാല്‍ക്കുപ്പി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവ കാറിന്റെ സ്റ്റെപ്പിനിയില്‍ നിന്നും കണ്ടെടുത്തു. ദമ്പതികളെ കോടതിയില്‍ ഹാജരാക്കി.