Fri. Nov 20th, 2026

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദീകന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍ (44) ആണ് കീഴടങ്ങിയത്. വൈക്കം കോടതിയിലായിരുന്നു കീഴടങ്ങല്‍.

ബംഗ്ലാദേശില്‍ ജനിച്ച് ബ്രിട്ടണില്‍ താമസിക്കുന്ന 42 വയസ്സുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കടുത്തുരുത്തി പോലീസിനാണ് ഇതുസംബന്ധിച്ച പരാതി കിട്ടിയത്.

വികാരിയുടെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം ഏഴിനാണ് യുവതി സുഹൃത്തുമൊത്ത് കല്ലറയില്‍ എത്തിയത്. കല്ലറയില്‍ വൈദീകന്റെ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിനു പുറമേ 16,000 രൂപയും ഏഴരപ്പവനോളം സ്വര്‍ണ്ണവും വൈദീകന്‍ തട്ടിയെടുത്തതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇതിനിടെ, കുമരകത്തെ റിസോര്‍ട്ടില്‍ കുളിക്കാന്‍ കയറിയ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദീകന്‍ മുങ്ങുകയായിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങിയ യുവതി ബഹളം വച്ചപ്പോള്‍ ഹോട്ടലുകാര്‍ വൈദീകരനെ വിളിച്ചുവെങ്കിലും ഉടന്‍ വരാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി പോലീസില്‍ സമീപിക്കുകയായിരുന്നു.