Tue. Jul 28th, 2026

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആഭരണ വ്യാപാരി നീരവ് മോഡിയുടെ വസതിയിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മുംബൈ കലാ ഘോഡയിലെ ഷോറൂമിലും സൂറത്തിലെ മൂന്ന് കേന്ദ്രങ്ങളിലും മുംബൈയില്‍ നാലിടത്തും ഡല്‍ഹിയില്‍ രണ്ടിടത്തും റെയ്ഡ് നടക്കുന്നുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോഡി, എന്‍.പി.ബ, ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. തട്ടിപ്പിനെ കുറിച്ച് സെബിയും അന്വേഷണം ആരംഭിച്ചു. നക്ഷത്ര, ഗീതാജ്ഞലി, ജിന്നി ആഭരണശാലകളിലും അവയുടെ പങ്കാളികളെയും കുറിച്ചാണ് അന്വേഷണം. ഈ ആഭരണ ശാലകളുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ഇവ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നിരുന്നോ എന്നാണ് അന്വേഷണം.

അതേസമയം, പിഎന്‍ബിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് ആക്‌സിസ് ബാങ്കും വ്യക്തമാക്കി. ഡോളര്‍ ആയാണ് വായ്പ നല്‍കിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബോണ്ടുകള്‍ കാണിച്ച് മൂന്നു ബാങ്കുകളില്‍ നിന്ന് നീരവ് മോഡി വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 8.47% ഇടിവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് 7,000 കോടിയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്ക്. നീരവ് മോഡിയുടെ ഗീതാഞ്ജലി ജെംസിന്റെ ഓഹരി മൂല്യത്തില്‍ 19% ഇടിവ് വന്നു.

തട്ടിപ്പിലെ പ്രധാനിയായ ഗീതാജ്ഞലി ജെംസ് ആഭരണശാല ഉടമ നീരവ് മോഡി എവിടെയാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇയാള്‍ രാജ്യം വിട്ടിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.