Sun. Apr 14th, 2024

1888 മാർച്ച് 10 ന് (മാർച്ച് 11 വെളുപ്പിന് 3 മണിക്ക്) ആയിരുന്നു ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ധിക്കാര പ്രതിഷ്ഠ നടത്തിയത്. 10 ന് തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി

1888 ലെ ശിവരാത്രി ദിവസമാണ് കേരളത്തിലെ കീഴാള ജനതയുടെ ചരിത്ര നിർമ്മിതിക്ക് കാരണമായിത്തീർന്ന അരുവിപ്പുറം പ്രതിഷ്ഠ നടന്നത്. നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍ മുങ്ങി നാരായണ ഗുരു എടുത്തു വച്ച കല്ല് കേരള നവോഥാനത്തിന്റെ ആധാര ശിലയായി മാറുകയായിരുന്നു. പ്രതിഷ്ഠയേക്കാള്‍ പ്രധാനം ആ പ്രതിഷ്ഠയ്ക്ക് ശേഷം അദ്ദേഹം അവിടെ എഴുതി വെച്ച സന്ദേശമായിരുന്നു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം”

അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുമ്പും പിമ്പും ചെറുതും വലുതുമായ കീഴാള മുന്നേറ്റങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കേരള നവേത്ഥാനത്തിന് ഒരു അജണ്ട നിശ്ചയിക്കുകയായിരുന്നു ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും അതിന് ശേഷം നല്കിയ സന്ദേശത്തിലൂടെയും ചെയ്തത്. എന്നാൽ മലയാളി എങ്ങോട്ടാണ് മാറിയത് എന്നത് ഒരു പുനര്‍ വിചിന്തനം അർഹിക്കുന്ന ദിനം കൂടിയാണ് ഇന്ന്.


നവോത്ഥാന കാലഘട്ടത്തില്‍ നാം പടിയടച്ച് പിണ്ഡം വച്ചതിനെയെല്ലാം പുനരുജ്ജീവിപ്പിക്കുന്ന റിവൈവലിസത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേരളത്തില്‍ നടന്ന നവോത്ഥാന സമരങ്ങളൊക്കെയും വഴി നടക്കാനും വിദ്യ നേടാനും തുണിയുടുക്കാനും മനുഷ്യനായി ജീവിക്കാനും വേണ്ടി അവര്ണ്ണര്‍ സവർണ്ണ ഹിന്ദുവിനെതിരെ നടത്തിയവയായിരുന്നു എന്നും മറന്നുപോകരുത്. മാറുമറച്ച ചാന്നാര്‍ സ്ത്രീകളുടെ മുലഞെട്ടുകളില്‍ വെള്ളക്കയും ചിരട്ടയും പിടിപ്പിച്ചവര്‍, മൂക്കൂത്തി കലാപത്തിന് നേതൃത്വം കൊടുത്ത ആറാട്ടുപുഴ വേലായുധപ്പണിക്കരെ വെട്ടി അരിഞ്ഞ് വേമ്പനാട്ടുകായലില്‍ തള്ളിയവര്‍, ചേർത്തലയിലെ നങ്ങേലിയുടെ മുലക്കരം വാങ്ങാന്‍ ചെന്നവര്‍ അരുവിപ്പുറത്തും അന്നെത്തിയിരുന്നു ‘ഈഴവനെന്താ ഇത് പ്രതിഷ്ഠിക്കാന്‍ അധികാരം എന്ന ചോദ്യവുമായി.

ഇന്ന് പുനരുത്ഥാന വാദികൾക്കൊപ്പം കൂടി നവോത്ഥാനപാരമ്പര്യമുള്ള സംഘടനയുടെ തലപ്പത്തുള്ളവര്‍ ചെയ്യുന്നത് നാരായണഗുരുവിന്റേയും അയ്യങ്കാളിയുടേയും പണ്ഡിറ്റ് കറുപ്പന്റേയുമെല്ലാം നവോത്ഥാന മൂല്യങ്ങള്‍ക്ക് നേരെ കാർക്കിച്ചു തുപ്പുകയാണ് എന്ന് നാം ഈ ദിനത്തില്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. 

മനുഷ്യമനോധര്‍മത്തിന്റെ അടിസ്ഥാനപീഠത്തിൽ നടത്തിയ പ്രതിഷ്ഠ

പാരമ്പര്യ പ്രതിഷ്ഠാ രീതികളെ തീര്‍ത്തും തള്ളിക്കളഞ്ഞ് മനുഷ്യമനോധര്‍മത്തിന്റെ അടിസ്ഥാനപീഠത്തിലാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. താന്ത്രിക സമ്പ്രദായമനുസരിച്ച് ദേവപ്രതിഷ്ഠ നടത്തുന്ന പീഠത്തിന് ചില സവിശേഷ ഗുണങ്ങളുണ്ടായിരിക്കേണ്ടതുണ്ട്. വിഗ്രഹത്തിനും അത്തരം നിബന്ധനകള്‍ തന്ത്രശാസ്ത്ര പ്രതിപാദിതങ്ങളാണ്. പ്രതിഷ്ഠകന്‍ ശുദ്ധ ആര്യത്വത്തിന്റെ പരകോടിയില്‍ ജ്വലിക്കുന്നവന്‍ ആയിരിക്കേണ്ടതുണ്ട്. എന്നാല്‍ പ്രതിഷ്ഠയുടെയും പ്രതിഷ്ഠാനത്തിന്റെയും പ്രതിഷ്ഠകന്റെയും കാര്യത്തില്‍ അത്തരം സവര്‍ണ താന്ത്രികതയുടെ മാമൂലുകളെ നാരായണഗുരു തീര്‍ത്തും അവഗണിക്കയാണ് ചെയ്തത്.


അരുവിപ്പുറത്ത് നെയ്യാറ്റിലെ ‘ശങ്കരന്‍കുഴി’ എന്നറിയപ്പെട്ടിരുന്ന ഒരു ചെറിയ കയത്തില്‍ മുങ്ങിയാണ് ഗുരു പ്രതിഷ്ഠക്കാവശ്യമായ ശിലാരൂപം കണ്ടെടുത്തത്. ‘ശങ്കരന്‍ കുഴി’ എന്ന് ആ കയത്തിനു പേരുണ്ടായത് അതില്‍ ഒരു ശിവലിംഗം കിടപ്പുണ്ട് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. ശങ്കരന്‍കുഴിയില്‍ മുങ്ങിയ നാരായണഗുരു മണിക്കൂറുകള്‍ കഴിഞ്ഞാണത്രെ ജലോപരിതലത്തില്‍ ഉയര്‍ന്നുവന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ശിവലിംഗ രൂപത്തോട് സാമ്യമുള്ള ഒരു ശിലാഖണ്ഡം ഉണ്ടായിരുന്നു. ഗുരുവിന്റെ ചില ജീവചരിത്രകാരന്മാര്‍ നല്‍കുന്ന വിവരണമനുസരിച്ച് പ്രതിഷ്ഠ നടത്തുന്ന സമയത്ത് ഗുരുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. ഒരുപക്ഷേ താന്‍ നിര്‍വഹിക്കുന്ന ഈ വിപ്ലവകരമായ ദൗത്യത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ചോര്‍ത്തുള്ള കണ്ണീരായിരിക്കാം അന്ന് നാരായണഗുരുവിന്റെ കവിളുകളിലൂടെ ചാലിട്ടൊഴുകിയത്.

കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ വാർത്ത പരന്നത് രണ്ടാഴ്ചക്കുള്ളിൽ

എന്തായാലും ഗുരു പ്രതിഷ്ഠ നടത്തുകതന്നെ ചെയ്തു. അവര്‍ണവും സ്വതന്ത്രവുമായ രീതിയില്‍ യാതൊരു തന്ത്രശാസ്ത്രത്തിന്റെയും ചങ്ങലക്കെട്ടുകളില്ലാത്ത ഒരു പ്രതിഷ്ഠാ കര്‍തൃത്വം! നാരായണഗുരുവിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് വളരെ വേഗത്തില്‍ തന്നെ അന്നത്തെ കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെയുള്ള മലയാള നാട്ടില്‍ വാമൊഴി വാര്‍ത്താ വിതരണം നടക്കുകയുണ്ടായി. ജാതീയതയുടെയും ഉച്ചനീചത്തങ്ങളുടെയും ചപ്പുചവറുകള്‍ തിങ്ങിവിങ്ങിക്കിടന്നിരുന്ന പ്രാക്തന കേരളത്തിന്റെ വേനല്‍പ്പറമ്പിലേക്ക് ഉതിര്‍ന്നുവീണ വിപ്ലവത്തിന്റെ ഒരു തീപ്പൊരിയായിരുന്നു നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠാ കര്‍മം.

കാതങ്ങളും മൈലുകളും അപ്പുറത്തുള്ള തുളുനാട്ടിലെ ബ്രാഹ്മണര്‍ക്കിടയിലേക്ക് പോലും ‘അരുവിപ്പുറത്തെ നാരായണന്റെ ധിക്കാരപ്രതിഷ്ഠ’യെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും ചേര്‍ന്ന വാര്‍ത്ത എത്തിയത് വിവരവിതരണ ഉപാധികള്‍ ഒട്ടുമില്ലാത്ത അക്കാലത്ത് കേവലം രണ്ടാഴ്ച മാത്രം കൊണ്ടായിരുന്നു എന്നതില്‍ നിന്നുതന്നെ അതെത്രമാത്രം തീവ്രവേഗതയില്‍ സഞ്ചരിച്ച ഒരു വാര്‍ത്തയായിരുന്നു എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്.ഗുരുവിന്റെ ‘നമ്മുടെ ശിവന്‍’ പ്രയോഗത്തിൻറെ അർത്ഥം

അരുവിപ്പുറത്ത് നാരായണഗുരു നടത്തിയ പ്രതിഷ്ഠ ‘ശിവന്റേതല്ല’ എന്നും, അബ്രാഹ്മണനും അവര്‍ണനുമായ അദ്ദേഹത്തിന് ശിവപ്രതിഷ്ഠ നടത്തുവാന്‍ അധികാരവും അവകാശവും ഇല്ലെന്നുമുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ട് സവര്‍ണര്‍ രംഗത്തുവരികയുണ്ടായി. ഇത്തരം വാദഗതികള്‍ക്ക് മറുപടിയായാണ് നാരായണഗുരു തന്റെ സുപ്രസിദ്ധമായ ‘നമ്മുടെ ശിവന്‍’ എന്ന പ്രയോഗം കൊണ്ടുവന്നത്. ‘അതിനു നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനേയാണല്ലോ’ എന്നായിരുന്നു ഗുരുവിന്റെ പ്രതികരണം. അതില്‍ എല്ലാം ഉള്ളടങ്ങിയിരുന്നു. സവര്‍ണവര്‍ഗത്തിന്റെയോ പരമ്പരാഗത താന്ത്രികതയുടെയോ, ഉച്ചനീചത്തങ്ങളാല്‍ ചുറ്റുമതിലുകള്‍ തീര്‍ത്തുവച്ചിട്ടുള്ള വര്‍ണാശ്രമ ഹിന്ദുത്വത്തിന്റെയോ ശിവനെയല്ല താന്‍ പ്രതിഷ്ഠിച്ചത് എന്നും, എല്ലാ വിഭാഗം മനുഷ്യരുടെയും മനസിലേക്ക് ഒരേപോലെ കടന്നുചെല്ലുവാന്‍ ത്രാണിയുളളതും സ്വതന്ത്രമായ ആശയപീഠത്തിലിരിക്കുന്നതുമായ വിശാലബോധത്തെയാണ് താനിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമായിരുന്നു ഗുരുവിന്റെ ‘നമ്മുടെ ശിവന്‍’ പ്രയോഗത്തിനര്‍ഥം.

ഈ അര്‍ഥത്തെ വ്യക്തമാക്കിക്കൊണ്ടാണ് ‘അരുവിപ്പുറം പരിപാലനയോഗ’ത്തിന്റെ പ്രവര്‍ത്തകര്‍ അവിടത്തെ ചുമരില്‍ ഗുരുവിന്റെ തന്നെ നിര്‍ദേശപ്രകാരം ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്നെഴുതിവച്ചത്. ജാതിഭേദവും മതദ്വേഷവും ഇല്ലാതാക്കുക, സോദരത്വം സ്ഥാപിച്ചുകൊണ്ട് മനുഷ്യമാനവികതയെ ഉജ്ജ്വലമാക്കുക, കേരളീയ സമൂഹത്തെ ഒരു മാതൃകാ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്നിങ്ങനെയുള്ള മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഒരു വിപ്ലവപ്രവര്‍ത്തനമാണ് താന്‍ അരുവിപ്പുറത്ത് നിര്‍വഹിച്ചത് എന്ന് ഗുരു അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി ഈ ചുവരെഴുത്തിലൂടെ. കേവലം ഒരു അമ്പലമോ കോവിലോ പണിതുയര്‍ത്തി വിളക്കുവച്ചു പൂജിക്കാന്‍ അവര്‍ണര്‍ക്കവസരം സൃഷ്ടിക്കുക എന്നതിനുമപ്പുറം വിശാലമായ ലക്ഷ്യങ്ങള്‍ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുണ്ടായിരുന്നതിന്റെ തെളിവും ആ ചുവരെഴുത്തു തന്നെയാണ്.അവർണ്ണന്റെ മറവികൾ 

സവർണ്ണ ക്ഷേത്രങ്ങളിലെ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ അവർണ്ണൻ മറന്നുപോകുന്ന ഒരു ദിനം കൂടിയാണ് ഇത്. ഇതുപോലൊരു ശിവരാത്രിദിനമാണ് “ദൈവാധീനം ജഗത് സർവ്വം,മന്ത്രാധീനം തു ദൈവതം,തൻമന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം”എന്ന ശതപത ബ്രാമണത്തെ ചോദ്യം ചെയ്തുകൊണ്ട് അരുവിപ്പുറത്ത് പ്രതിഷ്‌ഠയുണ്ടായത്. AD/ BC എന്നിങ്ങനെ ചരിത്രത്തെ വേർതിരിക്കുമ്പോലെ അരുവിപ്പുറം പ്രതിഷ്ഠക്കു മുൻപും പിമ്പുമായി അവർണ്ണന്റെ ചരിത്രം വേർതിരിക്കപ്പെട്ട ദിവസം.

പക്ഷേ മറവി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, 1936 നവംബർ 12നു ക്ഷേത്രപ്രവേശന വിളംബരം നടന്ന ശേഷം 1937 ലെ ശിവരാത്രിക്ക് അരുവിപ്പുറത്തേക്കാരും തിരിഞ്ഞുനോക്കിയില്ല എന്നതും ചരിത്രം. അന്നവിടെ ശാന്തിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈഴവർ സവർണ്ണക്ഷേത്രങ്ങളിലേക്ക് പ്രവേശനം കിട്ടുംവരെയുള്ള മുട്ടുശാന്തി മാത്രമായിട്ടായിരുന്നു നാരായണ ഗുരുവിൻറെ പ്രതിഷ്ഠകളെ കണ്ടത്.അവർ അന്നുവരെ തങ്ങൾക്കു പ്രവേശനം നിരസിച്ച വൈക്കത്തേയും ഏറ്റുമാനൂരത്തെയുമെല്ലാം ശിവനെത്തേടി ഓടി….

അറിയില്ലാത്ത ഏതോ ബ്രാഹ്മണൻ പ്രതിഷ്ഠിച്ച വൈക്കത്തേയും ഏറ്റുമാനൂരത്തെയും ശിവൻറെ അത്രക്കങ്ങു വരുമോ ഈഴവനായ നാരായണൻറെ പ്രതിഷ്‌ഠ? എന്നവർക്ക് സന്ദേഹം ഉണ്ടായിരുന്നു. അതാണ് ഈഴവനും നാരായണഗുരുവും തമ്മിൽ ഉള്ള ബന്ധം!

കാരണം കഴിഞ്ഞ ജന്മത്തെ സദ്പ്രവൃത്തികളുടെ ഫലമാണ് ഈ ജന്മത്തെ ബ്രാഹ്മണ ജനനം എന്നാണ് ഗീത ഉൾപ്പെടെയുള്ള എല്ലാ സ്മൃതികളും പഠിപ്പിക്കുന്നത്. ഈ ജന്മത്തിൽ ശൂദ്രത്വം അംഗീകരിച്ച് സ്വധർമ്മങ്ങൾ അനുഷ്ഠിച്ച് ജീവിച്ചാൽ സുരേഷ്ഗോപിയെപ്പോലെ അടുത്തജന്മം ബ്രാഹ്മണനായി ജനിച്ച് ശബരിമല താന്ത്രിയാകാം എന്നൊരു പ്രലോഭനവും നൽകുന്നുണ്ട്. അതനുസരിച്ച് ഹിന്ദുവിശ്വാസപ്രകാരം കഴിഞ്ഞജൻമം ദുഷ്കർമ്മങ്ങൾ ചെയ്ത്, തങ്ങൾക്കിടയിൽവന്ന് ഈഴവനായി ജനിച്ച നാരായണൻറെ പ്രതിഷ്ഠ എങ്ങനെയാണ് ഈഴവന് ബ്രഹ്മാണന്റെ പ്രതിഷ്ഠയോളം വരിക എന്നവർ അന്നേ പ്രൂവ് ചെയ്തതാണ്!

എന്തായാലും ക്ഷേത്ര പ്രവേശന വിളംബരത്തന് മുൻപ് തന്നെ 1928 ൽ ശ്രീനാരായണ ഗുരു സമാധി ആയതു നന്നായി. ഇല്ലെങ്കിൽ 1937 ൽ തൻറെ പ്രസ്ഥാനത്തിൻറെ പതനം കണ്ട് അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനെ !