കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്താനത്തിന് എതിരല്ലെന്നും ജനാധിപത്യ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരുടെ സംഗമമാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് വഴങ്ങുന്നവരല്ല സാഹിത്യകാരന്‍മാര്‍. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചാല്‍ അതിന് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പണം നല്‍കിയെന്ന് പറഞ്ഞാല്‍ അത് ജനങ്ങളുടെ പറഞ്ഞാല്‍ അത് ജനങ്ങളുടെ നികുതി പണമാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സംഭാവനയല്ല. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി എന്നതിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രചാരകരാകാന്‍ സാഹിത്യമേള ഉദ്ദേശിക്കുന്നില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിമര്‍ശകര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ല. എല്ലാ അഭിപ്രായങ്ങളും സാഹിത്യോല്‍സവത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനവും പി.എസ് ശ്രീധരന്‍പിള്ളയും ഉള്‍പ്പെടെയുള്ളവര്‍ സഹിത്യോല്‍സവത്തില്‍ പങ്കെടുത്തവരാണെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇടത് അനുകൂലികളായ സാഹിത്യകാരന്‍മാരെ മാത്രം ക്ഷണിച്ചുവെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. എ.കെ.ജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയ എഴുത്തുകാര്‍ മാത്രം പോര സാഹിത്യോല്‍സവത്തില്‍ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. സാഹിത്യോല്‍സവത്തില്‍ ഇടതു വലത് വേര്‍തിരിവ് ശരിയല്ലെന്നും എല്ലാത്തരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടിരുന്നു.
