Tue. Nov 24th, 2026

അധ്യാപകരുടെ അഴിമതി ചൂണ്ടിക്കാട്ടിയ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനെതിരെ പ്രിന്‍സിപ്പാളിന്റെ പ്രതികാര നടപടി. ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലെ സുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാനായ അനന്തു രമേശനെയാണ് കോളെജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അനന്തുവിനെ ഫെബ്രുവരി ഒന്‍പതു മുതല്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നു കാണിച്ച് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്നാണ് ഉത്തരവിലെ ആരോപണം. സസ്‌പെന്‍ഷന്‍ കാലാവധി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥികളുടെ കോളേജ് ടൂര്‍ പാക്കേജ് ടെന്‍ഡറിലെ അഴിമതിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തതാണ് പ്രതികാര നടപടിക്കു കാരണമെന്ന് പുറത്താക്കപ്പെട്ട അനന്തു രമേശന്‍ പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ചെങ്കിലും ഇത് അംഗീകരിക്കാതെ ബികോം ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപികയുടെ സുഹൃത്തിന് ടെന്‍ഡര്‍ നല്‍കാനായിരുന്നു നീക്കം. ഇതിനെതിരെ ബി കോം വിദ്യാര്‍ത്ഥികള്‍ തുടങ്ങി വച്ച സമരം പിന്നീട് കോളേജ് യൂണിയന്‍ ഏറ്റെടുക്കുകയായിരുന്നു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വിഷയത്തിന് പരിഹാരം കാണാന്‍ ഇടപെട്ടതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതന്ന് അനന്തു പറഞ്ഞു.

എ.ബി.വി.പിയുടെ ശക്തികേന്ദ്രമായിരുന്ന ചേര്‍ത്തല എന്‍.എസ.്എസ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കോളേജ് യൂണിയന്‍ ഫണ്ടില്‍ പ്രിന്‍സിപ്പാള്‍ തിരിമറികാട്ടിയതായും ആക്ഷേപമുണ്ട്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും കോളേജില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ എബിവിപിക്കാരനായ അക്രമിയെ സംരക്ഷിക്കുകയും പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയുമാണ് പ്രിന്‍സിപ്പാള്‍ ചെയ്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.