Fri. Nov 20th, 2026

എറണാകുളം പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വന്റിലെ കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ചതായി പരാതി. ഇരുപതോളം കുട്ടികളാണ് തങ്ങളെ കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയിരിക്കുന്നത്. കോണ്‍വെന്റില്‍ നിന്ന് ഇറക്കിവിട്ട കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചു.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് കന്യാസ്ത്രീകള്‍ ക്രൂരപീഡനം നടത്തുന്നത്. കന്യാസ്ത്രീകള്‍ ദിവസവും കുട്ടികളെ അധിക്ഷേപിക്കാറുണ്ടെന്നും,കയ്യേറ്റം ചെയ്യാറുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു. ആറിനും പന്ത്രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയാക്കിയിരിക്കുന്നത്.

കോണ്‍വെന്റില്‍ രാത്രിയില്‍ ഫാന്‍ ഇട്ടാല്‍ പോലും കന്യാസ്ത്രീകള്‍ വഴക്കുപറയാറുണ്ടെന്നും ചെറിയ തെറ്റുകള്‍ക്ക് പോലും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും കുട്ടികള്‍ പറയുന്നു. മാതാപിതാക്കള്‍ കാണാനെത്തിയപ്പോള്‍ പഠിക്കാത്ത ഇവരെ കല്യാണം കഴിപ്പിച്ച് വിട്ട്കൂടെയെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചതായും കുട്ടികള്‍ പരാതിപ്പെടുന്നു.

ഇന്നലെ രാത്രിയില്‍ കോണ്‍വെന്റില്‍ നിന്നും കുട്ടികള്‍ റോഡില്‍ ഇറങ്ങിനില്‍ക്കുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഒടുവില്‍ പൊലീസെത്തി കോണ്‍വെന്റ് അധികൃതര്‍ക്ക് താക്കീത് നല്‍കിയ ശേഷമാണ് കുട്ടികള്‍ കോണ്‍വെന്റില്‍ തിരികെ പ്രവേശിച്ചത്.