Wed. Nov 25th, 2026

ആനക്ക് ഗര്‍ഭമുണ്ടെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ച കേസ് കേരളത്തില്‍ വിവാദമായിരുന്നു. ആനയെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചതായുള്ള ഈ കേസ് നിയമ വൃത്തങ്ങളില്‍ കൗതുകമുണ്ടാക്കിയിരിക്കുകയാണ്.

ഒരു ആനയെ രണ്ടുപേര്‍ക്ക് വിറ്റതിന് മലപ്പുറം മുക്കം സ്വദേശി കുളക്കാടന്‍ സുബൈറിനെതിരേ വഞ്ചനാകേസ്. സൂര്യനാരായണന്‍ എന്ന ആനയാണ് വിവാദത്തിലായത്. തിരുവനന്തപുരം വലിയവിള സ്വദേശി എച്ച്. നൂറുദ്ദീനില്‍ നിന്നും പത്തുലക്ഷം രൂപ വാങ്ങി ആനയെ 50 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കി. ഇതേ ആനയെ മറ്റൊരാള്‍ക്ക് വിറ്റതായി രേഖയുണ്ടാക്കി. ഇതിനെതിരേ നൂറുദ്ദീന്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു.

വിദേശത്തായിരുന്ന നൂറുദ്ദീന്‍ ആനക്കമ്പമുള്ളയാളാണ്. ഇതുമനസ്സിലാക്കിയ കുളക്കാടന്‍ സുബൈര്‍ നൂറുദ്ദീനില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങി ആനെയ 50 വര്‍ഷത്തിലേക്ക് പാട്ടത്തിനു നല്‍കി. നൂറുദ്ദീന്‍ വിദേശത്തായതിനാല്‍ ആനയെ പരിപാലിക്കുന്നതിന് കൊല്ലം സ്വദേശി ലിജുവിനെ സുബൈര്‍ ചുമതലപ്പെടുത്തി. വിദേശത്തു നിന്നും മടങ്ങിയെത്തിയിട്ടും ആനയെ തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് നൂറുദ്ദീന്‍ പരാതി നല്‍കിയത്.

പത്തുലക്ഷം രൂപ കൈപ്പറ്റി നാളുകള്‍ കഴിഞ്ഞിട്ടും ആനയെ നല്‍കാത്തതിനാല്‍ നൂറുദ്ദീന്‍ പലതവണ ഉടമസ്ഥനായ കുളക്കാടന്‍ സുബൈറിനെ ബന്ധപ്പെട്ടെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. പണം നല്‍കിയതിന്റെ രേഖകളും പാട്ടക്കരാറും സഹിതം പൂജപ്പുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നൂറുദ്ദീന്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി പൂജപ്പുര പോലീസിന് ഉത്തരവു നല്‍കി. കേസില്‍ അനേഷണം നടത്തിയ പോലീസ് സുബൈറിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു..