Fri. Nov 20th, 2026

കോസ്‌മോഫ്രില്‍ കണ്ണട വച്ച് ശ്രീകുമാറിനെ കളിപ്പി ച്ച ഗേളിയെ ഓർമ്മയില്ലാത്തവരായി ആരുമുണ്ടാകില്ല. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ നദിയ മൊയ്തുവും മോഹന്‍ലാലും ചേർന്നാണ്‌ അത് അഭിനയിച്ചു പൊലിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രം നദിയ മൊയ്തുവിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം തമിഴ്, തെലുങ്ക്, ഭാഷകളിലും മലയാളത്തിലും അവര്‍ സജീവമായിരുന്നു.

https://www.youtube.com/watch?v=NO2k8utKjng

മലയാളത്തില്‍ പ്രധാനമായും മമ്മൂട്ടി, റഹ്മാന്‍, ശങ്കര്‍ എന്നിവരോടൊപ്പം വേഷമിട്ട നദിയ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പഞ്ചാഗ്നി’യില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചുവെങ്കിലും അതില്‍ ലാലിന്‍റെ നായിക ഗീതയായിരുന്നു. ഇപ്പോഴിതാ 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ വീണ്ടുമെത്തുന്നു, അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ‘നീരാളി’യിലൂടെ.ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് നദിയ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നീരാളി. ചിത്രത്തില്‍ മോഹന്‍ലാലിനൊടൊപ്പം സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മുംബൈയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം മെയ് 4 ന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാജു തോമസാണ് ‘നീരാളി’യുടെ തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്. സന്തോഷ്‌ തുണ്ടിയിലാണ് ക്യാമറ.