Mon. Nov 23rd, 2026

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നടപടി ധിക്കരിക്കപ്പെടേണ്ടതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. കരുനാഗപ്പള്ളി സബ് കോടിതിയായാലും അഹമ്മദാബാദിലെ ജില്ലാ കോടതിയിയായലും ഭരണഘടന വിരുദ്ധമായ ഉത്തരവുകള്‍ നല്‍കുന്നത് അങ്ങേയറ്റം അപലപനീലമാണ്. ഈ പ്രവണത സുപ്രീംകോടതി ഇടപെട്ട് തിരുത്തണം. ഭരണഘടനയെ വെല്ലുവിളിക്കുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പരിധിയും പരിമിതിയുമില്ലാത്ത ഉത്തരവാണ് കോടതിയുടേത്. തിരുവന്തപുരം പ്രസ് ക്ലബ് എങ്ങനെയാണ് കരുനാഗപ്പള്ളി സബ് കോടതിയുടെ പരിധിയില്‍ വരുന്നതെന്ന് അദേഹം ചോദിച്ചു.

ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസിനെ കുറിച്ച് യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നാളെ നടക്കാനിരിക്കെയാണ് വാര്‍ത്ത വിലക്കി തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി നോട്ടീസയച്ചത്.

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് കരുനാഗപ്പളളി സബ്‌കോടതിയുടെ ഉത്തരവ്. ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.