എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ സമയവും തേടി. എന്നാല്‍ നാളെ ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ മറ്റന്നാളത്തേക്ക് മാറ്റിവച്ചത്. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാന്‍ എന്‍സിപി നേതൃത്വം തീരുമാനിച്ചത്. ശശീന്ദ്രനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സിപിഐഎമ്മിനും എല്‍ഡിഎഫിനും എതിരഭിപ്രായമില്ലായിരുന്നു
കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ഇടതുപക്ഷ മനസ്സുകളില്‍ വലിയ മുറിവേല്‍പ്പിച്ച് അതിനു മീതെയാണ് ഇപ്പോള്‍ എ.കെ ശശീന്ദ്രന് ഇടതു നേതൃത്വം ചുവപ്പ് ‘പരവതാനി’ വിരിച്ച് മന്ത്രിയാക്കുന്നത്.എന്തിന് വേണ്ടിയാണ് ഈ അരുതാത്ത നടപടി ചെയ്തതെന്നതിന് സി.പി.എമ്മും ഇടത് നേതാക്കളും നാളെ പശ്ചാത്തപിക്കേണ്ടി വരും തീര്‍ച്ച.
ഏതെങ്കിലും നേതാക്കളുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ നടപ്പാക്കാന്‍ ഇരിക്കുന്ന തസ്തികകള്‍ ദുരുപയോഗം ചെയ്താല്‍ അതിന് തിരിച്ചടികളും സുനിശ്ചിതമാണ്.വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നും, മറ്റു ബൂർഷ്വാ പാര്‍ട്ടികളെ പോലെയല്ല ഈ പാര്‍ട്ടിയെന്നുമൊക്കെ ഇനി സി.പി.എം- സി.പി.ഐ നേതാക്കള്‍ ദയവ് ചെയ്ത് പറഞ്ഞേക്കരുത്.
എന്ത്, കമ്യൂണിസ്റ്റ് / ഇടതുപക്ഷ മൂല്യങ്ങള്‍ നിലനിര്‍ത്താനാണ് നിങ്ങള്‍ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ?
ഭാര്യയും മകനുമൊക്കെയുള്ള ഇടതുപക്ഷ സര്‍ക്കാറിലെ വയോധികനായ ഒരു മന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഫോണ്‍ കെണി സംഭാഷണത്തെ തുടര്‍ന്ന് പുറത്തു വന്നത്.
അത് കേരളം കേട്ടതാണ്. അശ്ലീല ശബ്ദം തന്റേതല്ലന്ന് തെളിയിച്ച് കുരുക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് അഗ്‌നിശുദ്ധി വരുത്തിയാണ് ശശീന്ദ്രന്‍ തിരിച്ചു വന്നതെങ്കില്‍ അതിനൊരു അന്തസ്സുണ്ടാകുമായിരുന്നു.ഇവിടെ പരാതിക്കാരിയെ കൊണ്ട് പരാതി പിന്‍വലിപ്പിച്ച് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്ന ആ ബൂർഷ്വാ ഏര്‍പ്പാടിന് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയും ഇപ്പോള്‍ കുട പിടിച്ചിരിക്കുകയാണ്.
സി.പി.എം ഒരു തീരുമാനമെടുക്കാതെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് എത്തില്ലന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതു കൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു പ്രതികരണവും നടത്തുന്നത്.അല്ലാതെ, വീരവാദം പ്രസംഗത്തില്‍ മാത്രം കാണിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശശീന്ദ്രനെ പിന്തുണച്ചത് കൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനത്ത് എത്തുന്നതെന്ന് വിശ്വസിച്ചിട്ടല്ല.
നിരവധി ആരോപണങ്ങള്‍ നേരിടുമ്പോഴും മറ്റു പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ചില മൂല്യങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുണ്ട്.. സി.പി.എമ്മിനുണ്ട്.. എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിഷ്പക്ഷ ജനത ഇപ്പോഴും കേരളത്തിലുണ്ട്.അവരുടെ കൂടി വോട്ടിന്റെ ബലത്തിലാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്.
പാര്‍ട്ടി നേതാവിന്റെ മകനെ മുന്‍നിര്‍ത്തി മാധ്യമങ്ങളും പ്രതിപക്ഷവും സി.പി.എമ്മിനെ ‘വേട്ടയാടുമ്പോള്‍’ എരിതീയില്‍ വീണ്ടും എണ്ണ ഒഴിക്കാന്‍ ഒന്നാന്തരം ഒരു ആയുധമാണ് സി.പി.എം നേതൃത്വം പ്രതിപക്ഷത്തിന് നല്‍കിയിരിക്കുന്നത്.
‘എന്തിനാണ് സഖാവെ ഇത്തരം ആരോപണത്തില്‍പ്പെട്ട് സര്‍ക്കാറിനെ നാറ്റിച്ചവരെ വീണ്ടും മന്ത്രിയാക്കുന്നതെന്ന്’ ഒരു സാധാരണ വോട്ടര്‍ സി.പി.എം പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ എന്ത് മറുപടി പറയും. ?
ഫോണില്‍ അശ്ലീലം സംസാരിച്ചത് താനല്ലന്ന് ശശീന്ദ്രന്‍ പോലും ഇതുവരെ ഉറപ്പിച്ച് പറയാത്തിടത്ത് അതിനെ എങ്ങനെ സഖാക്കള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയും.
യു.ഡി.എഫ് സര്‍ക്കാറിനെ ദുര്‍ഗന്ധം കൊണ്ട് നാറുന്ന സര്‍ക്കാറായി തിരഞ്ഞെടുപ്പ് വേളയില്‍ പരസ്യത്തിലൂടെ ചിത്രീകരിക്കുകയും പ്രസംഗങ്ങളിലൂടെ ആഞ്ഞടിക്കുകയും ചെയ്ത സി.പി.എം നേതൃത്വം മറുപടി പറയണം.. ഇപ്പോള്‍ എവിടെ നിന്നാണ് ‘ആ’ ദുര്‍ഗന്ധം വന്ന് തുടങ്ങിയതെന്നതിന്..
ഉപതിരഞ്ഞെടുപ്പ് ആസന്നമായ ചെങ്ങന്നൂരില്‍ സര്‍ക്കാറിനെയും ഇടതുപക്ഷത്തെയും അടിക്കാന്‍ ഒന്നാന്തരം ഒരു വടിയാണ് പ്രതിപക്ഷത്തെ സംബന്ധിച്ച് ശശീന്ദ്രന്റെ മന്ത്രി പദവി.ഇനി സരിത എന്ന വാക്ക് പോലും ഏതെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പറയാന്‍ പറ്റുമോ ?
‘പൂച്ചക്കുട്ടികള്‍’ തന്നെയല്ലേ നാളെ സരിതമാരായി മാറുകയെന്ന് ജനങ്ങള്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറുപടിയുണ്ടാകില്ല.ഒരു സ്ത്രീ വിചാരിച്ചാല്‍ ‘എങ്ങനെയും’ മന്ത്രിയെ സ്വാധീനിക്കാന്‍ പറ്റുമെന്നതും അതീവ ഗൗരവമുള്ള കാര്യം തന്നെയാണ്.
ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുമെന്ന് വാഗ്ദാനം നല്‍കി വോട്ട് വാങ്ങി അധികാരത്തില്‍ വന്ന ഒരു ഇടതു മന്ത്രിയുടെ ഭാഗത്ത് നിന്നാണ് ഗുരുതരമായ ഈ പിഴവുണ്ടായിരിക്കുന്നത്.ധാര്‍മ്മികത ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിനും നഷ്ടപ്പെടുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
ഒരു ബസ്സില്‍ കയറ്റാന്‍ പോലും സംസ്ഥാനത്ത് ആളില്ലന്ന് രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല സി.പി.എം പ്രവര്‍ത്തകര്‍ പോലും പറയുന്ന എന്‍.സി.പിക്ക് മന്ത്രി സ്ഥാനം നല്‍കുന്നതിനു വേണ്ടി എന്തിന് സി.പി.എം ഇത്ര വലിയ സാഹസത്തിന് മുതിര്‍ന്നതെന്നതിന് അധികം താമസിയാതെ തന്നെ ഉത്തരവും ‘ലഭിക്കും’