Thu. Mar 28th, 2024

ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബോ​ധ​ര​ഹി​ത​രാ​ക്കി അ​മ്മ​യെ​യും മ​ക​ളെ​യും കൊ​ള്ള​യ​ടി​ച്ചു. പി​റ​വം അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ (60), മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ (24) എ​ന്നി​വ​രാ​ണ് ട്രെയിനിൽ ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ഇ​രു​വ​രു​ടെ​യും പ​ത്ത​ര​പ​വ​ൻ സ്വ​ർ​ണം, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ, ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വയാണ് കവർച്ചാ സംഘം കൊള്ളയടിച്ചത്.

സെ​ക്ക​ൻ​ഡ​റാ​ബാ​ദി​ൽ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മ​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാങ്ങുന്നതിനായാണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും​യാ​ത്ര പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ എട്ടാം നമ്പർ സ്ലീപ്പർ കമ്പാർട്ട്മെന്റിലായിരുന്നു ഇ​രു​വ​രും ക​യ​റി​യ​ത്. ആ​ലു​വ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​റ്റു​ക​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ർ പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി.

കോ​ട്ട​യ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്രെ​യി​നി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ട്രെ​യി​ൻ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ര​ണ്ടു​പേ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ടി​ടി​ഇ​യാ​ണ് ക​ണ്ടെത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കുകയായിരുന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടും ശ​നി​യാ​ഴ്ച രാ​വി​ലെ​യും ഇ​ത​ര​സം​സ്ഥാ​ന സം​ഘം അ​മ്മ​ക്കും മ​ക​ൾ​ക്കും ട്രെ​യി​നി​ൽ​നി​ന്നും ചാ​യ വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. ട്രെ​യി​ൻ സേ​ല​ത്തു​നി​ന്നും പു​റ​പ്പെ​ട്ട ശേ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ​ അടുത്തിരുന്നവർ ചാ​യ വാ​ങ്ങി ന​ൽ​കി​, തുടർന്ന് ചാ​യ കു​ടി​ച്ച് അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം ഇ​രു​വ​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യതായി ഇവർ വ്യക്തമാക്കി.