കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഹരികുമാർ വിജയലക്ഷ്മി രചിച്ച ‘Sree Narayana Guru An Apostle of Humanism’എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം 14 -1 -2017 ഞായറാഴ്ച 4 പി എം ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ നടക്കും.പ്രമുഖ കവി പ്രൊഫ. വി.മധുസൂദനൻ നായർക്ക് ആദ്യ പ്രതി നൽകി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പുസ്തകത്തിൻറെ പ്രകാശന കർമ്മം നിർവഹിക്കും.
കൊളോണിയല്‍ പണ്ഡിത കേന്ദ്രങ്ങള്‍ ദൃഢീകരിച്ചെടുത്ത ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയാണ് ഹിന്ദുത്വവാദികളുടെ പ്രത്യയശാസ്ത്രം തന്നെ. ബ്രാഹ്മണാധിപത്യവും സഹസ്രാബ്ദങ്ങളിലൂടെ അതിവിടെ ഊട്ടിവളര്‍ത്തിയ ജാതി ഉച്ചനീചത്വങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാതെ അധഃസ്ഥിത ജനസമൂഹങ്ങള്‍ക്ക് സ്വതന്ത്ര പൗരന്മാരായി ജിവിക്കാനാകില്ല. ഈ തിരിച്ചറിവാണ് നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളെയാകെ ജാതിവ്യവസ്ഥക്കെതിരായ പോരാട്ടങ്ങളിലേക്ക് എത്തിച്ചത്. ജാതിമത ഭേദങ്ങളില്ലാത്ത ഒരു സംസ്‌കാരത്തെയാണ് ശ്രീനാരായണഗുരു ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.
ജാതി രാക്ഷസന്റെ ക്രൂര താണ്ഡവങ്ങളില്‍ സാമൂഹിക ജീവിതമാകെ ദുരന്തപൂരിതമായിത്തീര്‍ന്ന ഒരു ചരിത്ര സന്ധിയിലാണ് ഈ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം ഉയര്‍ന്നുവന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവര്‍ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ മുന്നണിയിലേക്ക് ചേക്കേറിയിരിക്കുന്ന സവിശേഷമായ കേരളീയ സാഹചര്യം കൂടി പുസ്തകത്തിൽ വിലയിരുത്തുന്നുണ്ട്.
മലയാള ഭാഷ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് ശ്രീനാരായണ ഗുരു എന്ന മലയാളിയെക്കുറിച്ചെഴുതാൻ ആണെങ്കിലും ശ്രീനാരായണ ഗുരുവിനെ തികച്ചും വ്യത്യസ്ത കോണിലൂടെ പഠിക്കാൻ ശ്രമിക്കുന്ന ഈ ഇംഗ്ലീഷ് പുസ്തകം കൈരളി ബുക്സ് തന്നെയാണ് വിതരണം ചെയ്യുന്നത്’ന്യൂസ് ഗിൽ’, ‘ഡെയിലി റിപ്പോർട്സ്’ തുടങ്ങിയ ഓൺലൈൻ പോർട്ടലുകളിലും ചില ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച ലേഖകൻറെ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ലേഖനങ്ങളുടെയും പഠനങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷയാണ് പുസ്തകരൂപത്തിൽ ആക്കിയിട്ടുള്ളത്.പുസ്തകത്തിനു വേണ്ടി എഴുതിയ മറ്റു ചില ലേഖനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്..227 പേജ് ഉള്ള പുസ്തകത്തിന് 200 രൂപയാണ് വില.

