കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്തത്തെ വെല്ലുവിളിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി സഭാധികാരത്തിനെതിരെ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നേൽ അന്തരിച്ചു. 85 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് ഭരണങ്ങാനത്തെ വീട്ടുവളപ്പിൽ നടത്തും.
മദ്രാസ് പ്രസിഡൻസി കോളജിൽനിന്നു സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദമെടുത്ത ജോസഫ് പുലിക്കുന്നേൽ 1958 മുതൽ 1967 വരെ കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. ആരെയും കൂസാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനശൈലി കോളജിൽ നിന്നു പുറത്താക്കുന്നതിൽ വരെ എത്തിച്ചു. 1975ൽ അദ്ദേഹം ആരംഭിച്ച ‘ഓശാന’ മാസിക സഭാവിമർശനമാണ് ലക്ഷ്യമിട്ടത്. പാലായിലെ ഒരു വാടകമുറിയിൽ പൊൻകുന്നം വർക്കി അദ്ധ്യക്ഷനായ യോഗത്തിൽ പ്രൊഫ. ജോസഫ് മുണ്ടശേരിയാണ് ഓശാന ആദ്യമായി പുറത്തിറക്കിയക്ത്.
സഭയുടെ നിയമക്കുരുക്കുകളിൽ പെട്ട വിവാഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും കാർമികനായും പുലിക്കുന്നേൽ ശ്രദ്ധ നേടി. 2008ൽ ഭാര്യ കൊച്ചുറാണി മരിച്ചപ്പോൾ അവർക്ക് ഇടമറ്റത്തെ സ്വന്തം മണ്ണിൽ ചിതയൊരുക്കി ദഹിപ്പിക്കാനും അദ്ദേഹം തുനിഞ്ഞു. ആ മണ്ണിൽ തന്നെയും ദഹിപ്പിക്കണമെന്ന് മരണപത്രത്തിൽ എഴുതിയ പുലിക്കുന്നേൽ, തന്റെ ശേഷക്രിയകൾ എങ്ങനെ വേണമെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് അച്ചടിച്ചു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയും ചെയ്തിരുന്നു.
1960ൽ കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടിവിലുണ്ടായിരുന്ന ജോസഫ് പുലിക്കുന്നേൽ 1964ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965ൽ കല്പറ്റ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കാവാലം മുണ്ടകപ്പള്ളിയിൽ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കൾ: റഷീമ, റീനിമ, പരേതയായ രാഗിമ, രാജു, രതിമ.മരുമക്കൾ: ജോർജ് വാഴേപ്പറമ്പിൽ (ചങ്ങനാശേരി), മഠത്തിൽപറമ്പിൽ അശോക് എം. ചെറിയാൻ (എറണാകുളം), അഡ്വ. കെ.സി. ജോസഫ് കിഴക്കേൽ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി (കോട്ടയം).

