Sun. Nov 22nd, 2026

രാജ്യത്ത് പെൺ ഭ്രൂണ ഹത്യകൾ പെരുകുന്നത് വർത്തയാകുമ്പോൾ കൂടുതൽ പെൺകുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള ഉദ്ദേശത്തോടെ ഇതാ ആണോ പെണ്ണോ എന്ന് നേരത്തേ തീരുമാനിക്കാനുള്ള സംവിധാനവുമായി സംസ്ഥാന സർക്കാർ.പക്ഷെ മനുഷ്യന്റെ കാര്യത്തിൽ അല്ലെന്നു മാത്രം. കാലിത്തൊഴുത്തിലെ പുതിയ കിടാവ് ആണോ പെണ്ണോ എന്നോർത്ത് ഇനി ടെൻഷൻ വേണ്ട. ആരെ വേണമെന്ന് വീട്ടുകാർക്ക് നേരത്തേ തീരുമാനിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് ക്ഷീരകർഷകർക്കായി കൃത്യതയുള്ള കൃത്രിമ ബീജം ഇറക്കുമതി ചെയ്യുന്നത്.

ലിംഗനിർണയം നടത്തിയ, അമേരിക്കൻ കമ്പനിയുടെ ബീജമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ആദ്യഘട്ടത്തിൽ 15,000 ഡോസ് എത്തിക്കഴിഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം നാളെ കായംകുളത്തു നടക്കും. മൃഗസംരക്ഷണ വകുപ്പിന്റെ 420 കേന്ദ്രങ്ങളിലൂടെയാണ് കർഷകർക്ക് സൗജന്യമായി ബീജം വിതരണം ചെയ്യുന്നത്.

കിടാവ് കാളയോ, പശുവോ എന്നത് ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം പശുവിന്റെ ഗർഭകാല’ ആശങ്കകളിലൊന്നാണ്. പുതിയ ബീജം കുത്തിവച്ചാൽ 90 ശതമാനത്തിലേറെ ലിംഗനിർണയം സാദ്ധ്യമാണ്. മൂന്നു ഡോസെങ്കിലും കുത്തിവയ്ക്കേണ്ടി വരും. സാധാരണ ഗതിയിൽ രണ്ട്, രണ്ടര ഡോസിനുള്ളിൽ പശുക്കളിൽ ഗർഭധാരണം നടക്കുന്നതാണ്. എക്സ്, വൈ ക്രോമസോമുകൾ ചേരുമ്പോഴാണ് കാളക്കിടാവിന് സാദ്ധ്യതയുള്ളത്. വൈ ക്രോമസോമുകൾ ഒഴിവാക്കിയ ബീജമാണ് മൃഗസംരക്ഷണ വകുപ്പ് ഇറക്കുമതി ചെയ്തിട്ടുള്ളത്.

എന്നാൽ ഇത് എടങ്ങേറാകുമോ എന്ന ആശങ്കയും ചിലർക്കുണ്ട്. പശുക്കിടാവ് വേണമെന്നാണ് പൊതുവേ ക്ഷീര കർഷകരുടെയും ആഗ്രഹം. അതിനാൽ പശുക്കുട്ടികൾ മാത്രം ജനിക്കുന്ന കൃത്രിമ ഇറക്കുമതി ബീജത്തിന് ആവശ്യക്കാരേറും. ഫലമോ? നമ്മുടെ നാട്ടിൽ കാളകൾ ഇല്ലാതാവുകയും ബീജത്തിന് പൂർണമായും വിദേശത്തെ ആശ്രയിക്കേണ്ട സ്ഥിതി വരികയും ചെയ്യും. പ്രകൃതിവിരുദ്ധമായ ഒരു പ്രക്രിയയായി ഇതിനെ കാണേണ്ടതായും വരും.

ആശങ്ക വേണ്ടെന്നാണ് സർക്കാർ പറയുന്നത്.പശുക്കുട്ടികൾ മാത്രം ജനിച്ചാൽ എക്കാലവും അമേരിക്കയെ ആശ്രയിക്കേണ്ടി വരുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ബീജം ഇറക്കുമതി ചെലവേറിയതായതിനാൽ വിതരണം വ്യാപകമാക്കാനാവില്ല. നിലവിലെ അവസ്ഥയിൽ നിന്ന് പശുക്കുട്ടികളുടെ എണ്ണം കുറച്ചു കൂട്ടുക മാത്രമാണ് ലക്ഷ്യം.

അമേരിക്കൻ കമ്പനിയായ;സെക്സിംഗ് ടെക്നോളജി’യാണ് കൃത്രിമ ബീജത്തിന്റെ നിർമ്മാതാക്കൾ. നിർമ്മാണത്തിന് ഇവർക്ക് പേറ്റന്റുമുണ്ട്. ഫ്രാൻസ്, ആസ്ട്രേലിയ, കാനഡ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ കമ്പനിക്ക് ഫ്രാഞ്ചൈസികളുണ്ട്. മൃഗസംരക്ഷണ വകുപ്പ് കൃത്രിമ ബീജത്തിനായി ആഗോള ടെൻഡർ വിളിച്ചപ്പോൾ ഫ്രാൻസിലെയും കാനഡയിലെയും ഫ്രാഞ്ചൈസികളാണ് പങ്കെടുത്തത്. ഇതിൽ കുറഞ്ഞ തുക (2.10 കോടി) ആവശ്യപ്പെട്ടത് കനേഡിയൻ ഫ്രാഞ്ചൈസിയാണ്. ബീജം ഇന്ത്യയിലെത്തുമ്പോൾ ഡോസിന് 1,400 രൂപ ചെലവാകും. പഞ്ചാബ്, ജാർഖണ്ഡ് സംസ്ഥാനങ്ങളും ലിംഗനിർണയം നടത്തിയ കൃത്രിമ ബീജം ഇറക്കുമതി ചെയ്യുന്നുണ്ട്. ബീജസങ്കലനം സൗജന്യമായി നടത്തുന്നതിനാൽ കേരളത്തിലെ ക്ഷീരകർഷകർക്ക് തത്കാലം സാമ്പത്തിക പ്രയാസം നേരിടേണ്ടിവരില്ല.

മൃഗസംരക്ഷണ വകുപ്പിനും കർഷകർക്കും ഏറെ പ്രതീക്ഷയേകുന്ന കാൽവയ്പാണിത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ”എന്ന് ഡോ. ജോസ് എം.ഡി, മൃഗസംരക്ഷണ വകുപ്പ്) പറയുന്നു.