ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികളെ ഒരാളും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി (പതഞ്ജലിയുട ‘ശങ്കരി ജീൻസ്’ ഒഴികെ)
ജീന്‍സ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ എന്ന് പ്രസ്താവന നടത്തിയ കേന്ദ്ര മാനവവികസന സഹമന്ത്രി സത്യപാല്‍ സിങ് പുലിവാല് പിടിച്ചിരിക്കുകയാണ്. ജീൻസ് ധരിക്കുന്ന സ്ത്രീകൾക്കെതിരേ സത്യപാൽ സിംഗ് നടത്തിയ വിവാദ പരാമര്‍ശം ഇങ്ങനെ;
‘വിവാഹ മണ്ഡപത്തിൽ പരമ്പരാഗത വസ്ത്രമില്ലാതെ ജീൻസ് ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാൻ ആരെങ്കിലും തയാറാകുമോ’. വാർത്താ ഏജൻസിയായ എഎൻഐയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന ട്വീറ്റ് ചെയ്തത്.
ഗോരഖ്പൂരിൽ നടന്ന മഹാറാണാ പ്രതാപ് ശിക്ഷ പരിഷത്തിന്റെ സ്ഥാപന ദിനചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ ജീൻസ് പ്രസ്താവന. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

ജീന്‍സ് ധരിച്ച് ക്ഷേത്രത്തിലെ പുരോഹിതനാകുമെന്ന് ചിലര്‍ പറയുന്നുണ്ടെന്നും ആരും അത് ഇഷ്ടപ്പെടില്ലെന്നും ഒരു പെണ്‍കുട്ടി പരമ്പരാഗത വിവാഹ വസ്ത്രത്തിന് പകരം ജീന്‍സ് ധരിച്ച് മണ്ഡപത്തിലെത്തിയാല്‍ വിവാഹം കഴിക്കാന്‍ ആരെങ്കിലും തയ്യാറാകുമോയെന്നും മന്ത്രി ചോദിച്ചു. മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് ട്വിറ്ററില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബാബ രാംദേവ് ആവിഷ്കരിച്ചിരിക്കുന്നത്. സനാതനികളായ പെൺകുട്ടികൾ ഇനി മന്ത്രിയുടെ പ്രസ്താവന കേട്ട് വിവാഹം നടക്കാതിരിക്കുമോ എന്ന് പേടിച്ചു ജീൻസ് ധരിക്കാതിരിക്കേണ്ടതില്ല. പതഞ്ജലിയുടെ ‘ശങ്കരി ജീൻസ്’ ധരിച്ചാൽ മംഗല്യ ഭാഗ്യവും താനെ വരും എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.ദേശ സ്നേഹികളും സനാതനികളുമായ പുരുഷ കേസരികൾ എന്തായാലും ‘ശങ്കരി ജീൻസ്’ ധരിച്ച പെൺകുട്ടികളെ വിവാഹം കഴിക്കാതെ ഇരിക്കില്ലെന്നു പ്രത്യാശിക്കാം.
ശങ്കരി ജീൻസുമായി ഓൺലൈൻ വിപണിയിലെത്തിയിരിക്കുന്നത് യഥാർത്ഥ പതഞ്ജലി അല്ല ട്രോളർമാരാണെന്നുമാത്രം.കേന്ദ്രമന്ത്രി ട്വിറ്ററും ട്രോളും പൊങ്കാലയും ഏറ്റുവാങ്ങി മുന്നേറുകയാണ്.


