ഒരു ഏലസ്സോ ചരടോ ദേഹത്ത് ഇല്ലാത്ത ആളുകൾ ചുരുക്കമാണ്. കണ്ടതിനും കേട്ടതിനുമൊക്കെ ജ്യോത്സ്യന്റെ അടുത്തേക്ക് ഓടുന്നവരെ സഹായിക്കാനായി ഇതാ ഓൺ ലൈനിലും വിവിധ യന്ത്രങ്ങൾ സുലഭം.
റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ പിഴവ് പറ്റാതിരിയ്‌ക്കാന്‍ ഐഎസ്‌ആര്‍ഓയിലെ ശാസ്‌ത്രജ്ഞര്‍ പോലും വിശ്വാസമര്‍പ്പിക്കുന്നത് ശാസ്‌ത്രത്തില്‍ മാത്രമല്ല, തിരുപ്പതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകളില്‍ കൂടിയാണ് എന്ന് നമുക്കറിയാമല്ലോ? ശാസ്‌ത്രലോകത്ത് എത്ര മുന്നേറിയാലും ദൈവത്തെ വിട്ടൊരു കളിയ്‌ക്ക് നമ്മുടെ ശാസ്‌ത്രജ്ഞര്‍ ഇന്നും തയാറാല്ല.
റോക്കറ്റിന്റെ മാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും പൂജിക്കുകയും ചെയ്തത് നാം വാർത്തകളിൽ കണ്ടതാണ് . പി.എസ്.എല്‍.വി സി.12 വിക്ഷേപിച്ചശേഷം ഓഷ്യന്‍സാറ്റിനായി തയ്യാറാക്കിയ വിക്ഷേപണ റോക്കറ്റിന് സി 13 എന്ന പേര് നല്‍കാതെ പി.എസ്.എല്‍.വി സി 14 എന്നാണ് പേരിട്ടത്. 13 എന്ന നമ്പര്‍ അശുഭമാണെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചതിനാലാണ് ഈ ചാട്ടം നടത്തിയത്. പി.എസ്.എല്‍.വി സി 13 എന്നൊരു റോക്കറ്റ് ഇല്ലെന്നും മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തിയിരുന്നു.
ഓഷ്യന്‍സാറ്റിന്റെ അരയില്‍ “ആറ്റുകാല്‍ രാധാകൃഷ്ണന്‍” വക ഒരു “ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം” കൂടെ കെട്ടിയായിരുന്നു വിക്ഷേപിച്ചതെന്നു പറയപ്പെടുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഓൺലൈൻ ആക്റ്റിവിസ്റ്റുകളെ സഹായിക്കാനായി പ്രമുഖ ഡിങ്കോയിസ്റ്റ് താന്ത്രികൻ സജീഷ് കുട്ടനെല്ലൂർ ലൈക്ക് ആകർഷണ ഭൈരവ യന്ത്രവുമായി വിപണിയിലേക്ക്.ഇതിനു പുറമെ വേറെയും ചില യന്ത്രങ്ങൾ വിപണിയിൽ ഇറക്കിയിട്ടുണ്ടെന്നു യന്തിരനായ സജീഷ് നിന്തിരുവടികൾ സാക്ഷ്യപ്പെടുത്തുന്നു. മണി ഓർഡർ അയച്ചാൽ യന്ത്രങ്ങൾ വീട്ടിലെത്തിച്ചുതരുമെന്നാണ് ദൃശ്യ, ശ്രാവ്യ, പത്ര, മാധ്യമങ്ങളിൽ നൽകിയിട്ടുള്ള പരസ്യങ്ങളിലെ അവകാശ വാദം.
എന്നാൽ ഇദ്ദേഹത്തിന് ഡിങ്കമതവുമായി ബന്ധമൊന്നും ഇല്ലെന്നും ഇത്തരം കുതന്ത്ര യന്ത്രങ്ങൾ എല്ലാം വിശുദ്ധ ബാലമംഗളത്തിന് എതിരാണെന്നുമാണ് പങ്കിലക്കാട്ടിലെ ഡിങ്കമതത്തിൻറെ ഔദ്യോഗിക വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.ഡിങ്കയാണമാസത്തോടനുബന്ധിച്ചു അന്ധവിശ്വാസത്തട്ടിപ്പുകളുമായി ചിലർ പങ്കിലക്കാട്ടിൽ തമ്പടിച്ചിട്ടുണ്ടെന്നും. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും പങ്കിലക്കാട് ദേവസ്വം ട്രസ്റ്റ് അറിയിച്ചു .
കാശിയമ്മേ….തായേ …ഇനി നീയേ തുണ ….!
ദാ പുതിയൊരു അവതാരം പത്രത്തിലൊക്കെ പരസ്യം കൊടുത്ത് ഇറങ്ങിയിരിക്കുന്നത് കണ്ടില്ലേ.അശരണരും ആലംബഹീനരുമായ ഭക്ത ശിരോമണികൾക്ക് ഇണയകാനും തുണയാകാനും സാക്ഷാൽ കൊടുങ്ങല്ലൂരമ്മ കാശിയമ്മയായ് ഭൂമിയിൽ അവതരിച്ചിരിക്കുന്നു…


