Monday, July 26, 2021

Latest Posts

കെ. പി. സി. സി മുൻനിർവാഹക സമിതിയംഗം വിശാലാക്ഷി വിരിച്ച വലയിൽ വീണത് നാനൂറിലേറെപ്പേർ

തട്ടിപ്പിനായി ആദ്യമൊരു കടലാസ് സംഘം. പിന്നെ വെച്ചടിവച്ചടി കയറ്റം, ഒടുവിൽ അടിതെറ്റി വീണപ്പോൾ വിശാലാക്ഷിക്ക് ബാദ്ധ്യതയായത് മൂന്ന് കോടി രൂപയാണ് . വേഗത്തിൽ വളരാൻ കൊതിച്ച ആ രാഷ്ട്രീയക്കാരിയുടെ ആർത്തി വലിയ വിപത്തിലാണ് കൊണ്ടെത്തിച്ചത്. ഒരു തവണ നിയമസഭയിലേക്ക് ഭാഗ്യം പരീക്ഷിച്ചിട്ടുള്ള ഈ കെ. പി. സി. സി മുൻനിർവാഹക സമിതിയംഗത്തിന്റെ തട്ടിപ്പിന് ഇരയായത് നൂറു കണക്കിന് ആൾക്കാരാണ്.

കഴിഞ്ഞ യു. ഡി .എഫ് സർക്കാരിന്റെ ആരംഭകാലത്ത് കൊല്ലം കുന്നത്തൂർ താലൂക്ക് നിവാസികളുടെ ക്ഷേമവും ഐശ്വര്യവും മുൻ നിറുത്തി കുന്നത്തൂർ താലൂക്ക് റസിഡന്റസ് വെൽഫെയർ സൊസൈറ്റിക്ക് രൂപം നൽകിയാണ് വിശാലാക്ഷി രാഷ്ട്രീയത്തിനൊപ്പം നല്ലൊരു സഹകരണപ്രസ്ഥാന നേതാവ് എന്ന നിലയിലേക്കുയർന്നത്. മറ്റ് ചില സഹകരണ സ്ഥാപനങ്ങൾക്ക് സംഭവിച്ചതു പോലെ, ആസ്തി കുന്നുകൂടിയപ്പോൾ തട്ടിപ്പിനുള്ള വിപരീത ബുദ്ധി തോന്നുകയായിരുന്നില്ല , മറിച്ച് , തുടക്കം മുതൽ ഉടനീളം തട്ടിപ്പായിരുന്നു വിശാലക്ഷി ലക്ഷ്യമിട്ടത്.

സൊസൈറ്റിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെതോടെ സ്വയം അവരോധിത പ്രസിഡന്റായി.നൂറു രൂപ മുതൽ ആയിരത്തിന്റെ വരെ ഓഹരികൾ സമാഹരിച്ചു. ജോലി നൽകാമെന്ന വാഗ്ദാനത്തിൽ പലരിൽ നിന്നും വൻ തുക നിക്ഷേപവും സ്വീകരിച്ചു.ജോലിക്ക് കോഴയില്ലാതെ ഒരു കോൺഗ്രസുകാരി നിക്ഷേപം മാത്രം സ്വീകരിച്ചതോടെ പലരുടെയും വിശ്വാസം ആർജ്ജിക്കാൻ കഴിഞ്ഞു.

വീടിനടുത്ത് ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ, നല്ല നിലയിൽ നടത്തികൊണ്ടിരുന്ന ഡി. ടി. പി സെന്റർ വിറ്റ് 13 ലക്ഷം സംഘത്തിലിട്ട യുവാവ് ഉൾപ്പടെ ജോലിക്ക് വേണ്ടി പണം നിക്ഷേപിച്ചവരുണ്ട്. സമ്പാദ്യ ശീലം മുൻനിറുത്തിയും, ചോദിക്കുന്നത് ഭരണത്തിൽ സ്വാധീനമുള്ള ആളായതിനാലും എങ്ങനെ പറ്റില്ല എന്നു പറയും എന്ന് വിചാരിച്ചും വൻ തുക നിക്ഷേപിച്ചവർ വേറെയും.

രണ്ടു വർഷം മുമ്പ് അടച്ചു പൂട്ടിയ സൊസൈറ്റിയിൽ തൊഴിൽ മോഹവുമായി പണം നിക്ഷേപിച്ച പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. സ്ഥാപനം പൊളിയുന്നത് മണത്തറിഞ്ഞ് സമ്മർദ്ദം ചെലുത്തിയും കാലു പിടിച്ചും നിക്ഷേപം ഭാഗികമായെങ്കിലും തിരികെ കിട്ടിയവരുണ്ട്.

കോൺഗ്രസിലെ നാലാം ഗ്രൂപ്പുകാരിയായ വിശാലാക്ഷി സ്വന്തം ഗ്രൂപ്പുകാരായ കുറെ പേരെയാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആക്കിയത്. ഇക്കൂട്ടത്തിൽ ഡി. സി. സി സെക്രട്ടറിമാർ മുതൽ ബൂത്ത് കമ്മിറ്റി ഭാരവാഹികൾ വരെയുണ്ട്. ഇവരെയും കൂട്ടി കാറിൽ കറങ്ങിയാണ് നിക്ഷേപ തട്ടിപ്പിനായി സമ്പന്നരിൽ നിന്ന് പണം വാങ്ങിയത് .

കൂടാതെ വൻ തുക സലയുള്ള ചിട്ടികളും സൊസൈറ്റി നടത്തി.ചിട്ടി പിടിച്ചവർക്ക് ആകർഷകമായ പലിശ വാഗ്ദാനം ചെയ്തു ആ തുകയും അവിടെ നിക്ഷേപിച്ചു. യു ഡി എഫ് ഭരണത്തിന്റെ തണലിൽ ഓഡിറ്റർമാർ പരിശോധന നടത്താൻ അറച്ച സൊസൈറ്റിയിൽ ഇടയ്ക്ക് ആരോ വഴി തെറ്റി പരിശോധനയ്ക്ക് കയറിയപ്പോൾ കോടികളുടെ വായ്പാ കുടിശിക കണ്ടു പിടിക്കുകയായിരുന്നു.

സൊസൈറ്റി നടപടികളിലേക്ക് നീങ്ങുന്നില്ലെറിഞ്ഞ് സഹകരണ വകുപ്പ് വായ്പ എടുത്തവർക്ക് നോട്ടീസ് അയച്ചു. തങ്ങൾ ലോൺ എടുത്ത കാര്യം അപ്പോഴാണ് അവർ അറിയുന്നത്. അവരെല്ലാം ഓടിപ്പാഞ്ഞ് സൊസൈറ്റിയിലെത്തി. കൂടുതൽ പരിശോധനയിൽ മനസിലായത് അംഗത്വം നൽകാൻ പലരിൽ നിന്നും വാങ്ങിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അവരറിയാതെ വൻ തുക വായ്പ എടുത്തെന്നാണ്. വായ്പ തവണകൾ തിരിച്ചടയ്ക്കാതെ ആയതോടെ സൈാസൈറ്റി പൊട്ടി. തുടർന്നു പൂട്ടു വീണു. സെക്രട്ടറിയും ഭർത്താവും കുടുങ്ങി.

സൊസൈറ്റിയിൽ പണവും പണ്ടങ്ങളും സൂക്ഷിക്കാൻ ലോക്കർ വാങ്ങിയ കമ്പനിക്ക് യഥാസമയം പണം കൊടുക്കാത്തതിനാൽ കമ്പനിക്കാർ ലോക്കർ ജപ്തി ചെയ്തു .അങ്ങനെ സ്വകാര്യ കമ്പനിയുടെ ജപ്തി നടപടിക്ക് വിധേയമായ ബാങ്ക് എന്ന ബഹുമതിയും വിശാലാക്ഷി പ്രസിഡന്റായ സൊസൈറ്റി സമ്പാദിച്ചു. സൊസൈറ്റിയുടെ സെക്രട്ടറി അനിത കുമാരിയും കേസിൽ പ്രതിയാണ്. സഹകരണ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി പ്രസിഡന്റിന് തോന്നും പോലെ പ്രവർത്തിക്കാൻ അവസരം നൽകിയതിനാണ് സെക്രട്ടറി കുടുങ്ങിയത്. പണം നിക്ഷേപിച്ച് ജോലി സമ്പാദിച്ച അനിതകുമാരിക്ക് പണിയും നഷ്ടമായി സമ്പാദ്യവും പോയി കിട്ടി. കേസിൽ പ്രതിയായത് മിച്ചം.

വിശാലാക്ഷിയുടെ ഭർത്താവ് ഗിരീഷ് ദാസ് അഭിഭാഷകനാണ്. ഇവർ രേഖാമൂലം വിവാഹം ചെയ്തിട്ടില്ലെന്നും ഇരുവരും കുറെ നാളായി ഒന്നിച്ചു കഴിയുകയാണെന്നുമാണ് പൊലീസ് പറയുന്നത്. ഇവർക്ക് കുട്ടികളില്ല. ഗിരീഷ് ദാസും കേസിൽ പ്രതിയാണ്. ഗിരീഷ് ദാസ് നെയ്യാറ്റിൻകരയിൽ ഒളിവിൽ നിന്നുകൊണ്ടു മുൻകൂർ ജാമ്യത്തിനും എഫ് .ഐ. ആർ റദ്ദ് ചെയ്യുന്നതിനുമുള്ള കരുക്കൾ നീക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. നേരത്തെ വിശാലാക്ഷി അറസ്റ്റ് ഒഴിവാക്കുന്നതിനായി ഹൈക്കോടതിയെ പല ഘട്ടങ്ങളിൽ സമീപിച്ചെങ്കിലും അനുകൂല വിധി സമ്പാദിക്കാനായില്ല.

ഇതുവരെ മൂന്നു കോടിയുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയത്. ഏകദേശം 400 പേരെങ്കിലും കബളിപ്പിക്കപ്പെട്ടെന്നാണ് വിവരം. ഇനിയും കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ അവർ പൊലീസിനെ സമീപിക്കണമെന്ന് അഭ്യർത്ഥിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കുന്നത്തൂരിൽ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസ് തുറന്ന് ഇതിനായി കാത്തിരിക്കുകയാണ്.

ഇടയ്ക്കാട് ദേവഗിരിയിൽ 25 ലക്ഷം മുടക്കി വീടു വെച്ചു.ഇടക്കാലത്ത് ക്ഷീര കർഷകയുടെ റോളിൽ പശു വളർത്തൽ കേന്ദ്രം വിജയകരമായി കൊണ്ടു പോയെങ്കിലും വഴിയിൽ ഉപേക്ഷിച്ചു. കുറെ നാൾ മുമ്പ് വാങ്ങിയ കാർ ഇപ്പോൾ കൈവശമില്ല.സൊസൈറ്റിയിൽ നിന്ന് കൈവശപ്പെടുത്തിയ പണം കണ്ടെത്താൻ സഹകരണ ഡിപ്പാർട്ട്മെന്റ് നേരത്തെ ശൂരനാട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടന്നെങ്കിലും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു.ഡിവൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിശാലാക്ഷിയെ അറസ്റ്റ് ചെയ്തത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.