Wednesday, July 28, 2021

Latest Posts

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഭക്ഷ്യമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഭക്ഷ്യമന്ത്രിയുമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം.അസുഖം കൂടുതലായതോടെ ഇദ്ദേഹത്തെ രാവിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഉച്ചക്ക് 12:15 നായിരുന്നു അന്ത്യം. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രി എന്ന പേരുകേട്ട വ്യക്തിയായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍.

1957ല്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. ആദ്യ നിയമസഭയിലേക്ക് കൊട്ടാരക്കരയില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 6 തവണ എം എല്‍ എ യും 3 തവണ മന്ത്രിയുമായിട്ടുണ്ട്.

67ല്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായി. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അഞ്ചാം കേരള നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഒഫ് ചെയര്‍മാന്‍ ആയിരുന്നു.

1980 81ല്‍ ഭക്ഷ്യ, പൊതുവിതരണ, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 1987- 91ല്‍ ഭക്ഷ്യപൊതുവിതരണം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996- 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം, വിനോദസഞ്ചാരവികസനം, നിയമം,മൃഗസംരക്ഷണം ക്ഷീരവികസനം, ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഉപജ്ഞാതാവാണ് അദ്ദേഹം. വെള്ളിയാഴച വൈകിട്ട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

കേരളത്തിന് നികത്താനാകാത്ത നഷ്ടം: കാനം

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ഇ ചന്ദ്രശേഖരൻ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഉത്തമനായ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും ജനാധിപത്യ വിശ്വാസികൾക്കും നികത്താനാകാത്ത നഷ്ടമാണെന്നും കാനം അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ചന്ദ്രശേഖരൻ നായരുടെ ദേഹവിയോഗത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പാർട്ടി പങ്ക് ചേരുന്നു.

കൈവച്ച മേഖലകളിൽ എല്ലാം ഒരു ഉത്തമ കമ്യൂണിസ്റ്റിന്റെ ആദർശവും അന്തസ്സും ഉയർത്തിപിടിച്ചുകൊണ്ട് നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ്കാർക്ക് എന്നും ആവേശം നൽകുന്ന മാതൃകയായിരിക്കുമെന്നും കാനം പറഞ്ഞു.

ജീവിത രേഖ

ഇടയിലഴികത്ത്, ഈശ്വരപിള്ള ചന്ദ്രശേഖരന്‍ നായര്‍ എന്ന ഇ ചന്ദ്രശേഖരന്‍ നായര്‍  തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ ജന്മങ്ങളില്‍ ഒരാളാണ്. വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ സഖാവ് ചന്ദ്രശേഖരന്‍ നായര്‍, ആറര പതിറ്റാണ്ടായി സിപിഐയുടെ വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുകയായിരുന്നു.

1928 ഡിസംബര്‍ രണ്ടിനാണ് സഖാവിന്റെ ജനനം. പിതാവ് കൊല്ലം, എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ള എന്ന ഈശ്വരപിള്ള വക്കീല്‍, ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. കൊല്ലം, ഇരുമ്പനങ്ങാട്, മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയാണ് മാതാവ്.

കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ തിരുമുല്‍പ്പാടിന്റെ കീഴിലായിരുന്നു സംസ്‌കൃത പഠനം.

ഇഎസ്എല്‍സിക്ക് ശേഷം ചങ്ങനാശേരി എസ്ബി കോളജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തിലും എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമത്തിലും ബിരുദം നേടി.

ബിരുദപഠനത്തിനും നിയമപഠനത്തിനും ഇടയ്ക്ക് ചെറിയൊരു കാലം പിതാവ് സ്ഥാപിച്ച ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ഗണിതാധ്യാപകനായും സേവനമനുഷ്ഠിച്ചു. നിയമപഠനത്തിന് ശേഷവും അധ്യാപകവൃത്തി തുടര്‍ന്നിരുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍, തൊള്ളായിരത്തി അന്‍പത്തിരണ്ടില്‍ അംഗമായ സഖാവ് ചന്ദ്രശേഖരന്‍ നായര്‍, പാര്‍ട്ടി കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തൊള്ളായിരത്തി അന്‍പത്തിയേഴിലും അറുപത്തിയേഴിലും കൊട്ടാരക്കരയില്‍ നിന്നും എഴുപത്തിയേഴിലും എണ്‍പതിലും ചടയമംഗലത്തുനിന്നും എണ്‍പത്തിയേഴില്‍ പത്തനാപുരത്തുനിന്നും തൊണ്ണൂറ്റിആറില്‍ കരുനാഗപള്ളിയില്‍ നിന്നുമടക്കം പത്തൊന്‍പത് വര്‍ഷം കേരള നിയമസഭയില്‍ അംഗമായിരുന്നു. മുഖ്യമന്ത്രി സി അച്യുതമേനോന് നിയമസഭാംഗമാകുന്നതിന് തൊള്ളായിരത്തി എഴുപതില്‍ കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

തൊള്ളായിരത്തിഅന്‍പത്തിയേഴില്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. അറുപത്തിയേഴില്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെയും സര്‍വകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു. സി എച്ച് മുഹമ്മദ് കോയയുടെ അഭാവത്തില്‍ സര്‍വകലാശാല ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അധ്യക്ഷന്‍ ഇ ചന്ദ്രശേഖരന്‍ നായരായിരുന്നു. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. തൊള്ളായിരത്തി എഴുപത്തിയേഴ്എഴുപത്തിഒന്‍പതില്‍, അഞ്ചാം കേരള നിയമസഭയില്‍ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു.

അഞ്ചാം കേരള നിയമസഭയുടെ ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. തൊള്ളായിരത്തി എണ്‍പതില്‍ നിയമസഭ വിഷയനിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെയും തൊണ്ണൂറ്റിഒന്‍പതില്‍ നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി ചെയര്‍മാനും ചന്ദ്രശേഖരന്‍ നായരായിരുന്നു.

1980-81ല്‍ ഭക്ഷ്യപൊതുവിതരണ ഭവന നിര്‍മാണ വകുപ്പു മന്ത്രിയായി. 1987-91ല്‍ ഭക്ഷ്യപൊതുവിതരണം മൃഗസംരക്ഷണം ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി. 1996-2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യംവിനോദസഞ്ചാര വികസനംനിയമംമൃഗസംരക്ഷണംക്ഷീരവികസനംക്ഷീരവികസന സഹകരണസംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു.

കേരളവികസന മാതൃക ഇനി എങ്ങോട്ട്? ഹിന്ദുമതം, ഹിന്ദുത്വം, ചിതറിയ ഓര്‍മകള്‍, മറക്കാത്ത ഓര്‍മകള്‍ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമിയുടെ കെ ആര്‍ നമ്പൂതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ‘ജനയുഗ’ത്തിന്റെ മാനേജിങ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖരന്‍ നായര്‍, 2007 മുതല്‍ ജനയുഗം ദിനപത്രത്തില്‍ ‘ഇടപെടല്‍’ എന്ന പംക്തി എഴുതുന്നു. മലയാള മനോരമ ദിനപത്രത്തിലും കുറച്ചുകാലം ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു.

നാല് പതിറ്റാണ്ടോളം കാലം സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ച ഇ ചന്ദ്രശേഖരന്‍ നായര്‍ സഹകരണ ബാങ്കിങ് രംഗത്തെ കുലപതിയാണ്. കേരളത്തില്‍ ഇന്ന് കാണുന്ന സഹകരണ ബാങ്കിങ് മേഖലയുടെ ശ്രദ്ധേയമായ പല നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടെയും ആശ്രയമായിമാറുകയും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭരണകൂടത്തിന് സഹായഉപകരണമാവുകയുംചെയ്ത മാവേലിസ്‌റ്റോര്‍ ഇ ചന്ദ്രശേഖരന്‍നായരുടെ സൃഷ്ടിയാണ്.

സംസ്ഥാനത്ത് സഹകരണ നിക്ഷേപസമാഹരണത്തിന് 1976ല്‍ തുടക്കം കുറിച്ചത് ഇ ചന്ദ്രശേഖരന്‍ നായര്‍, സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നപ്പോഴാണ്. 1957 മുതല്‍ മൂന്ന് പതിറ്റാണ്ടുകാലം കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം 1969 മുതല്‍ അഞ്ച് വര്‍ഷക്കാലം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. 1973 മുതല്‍ 1980 ല്‍ മന്ത്രിയാവും വരെ സംസ്ഥാന സഹകരണത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ ആള്‍ ഇന്ത്യ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്റെ ചെയര്‍മാന്‍, നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ വൈസ് പ്രസിഡന്റ്, പ്രാഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ കേന്ദ്രകമ്മിറ്റി അംഗം, റസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ദേശീയ ഗ്രാമീണ വികസന ബാങ്ക് (നബാര്‍ഡ്) രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയിലെ ഏക അനൗദ്യോഗിക അംഗം ഇ ചന്ദ്രശേഖരന്‍ നായര്‍ ആയിരുന്നു. സഹകരണ സംഘങ്ങളെ സഹകരണബാങ്കായി ഉയര്‍ത്തി സഹകരണബാങ്കിങ് മേഖലയ്ക്ക് രൂപം നല്‍കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഇന്ന് സാധാരണ ജങ്ങള്‍ക്ക് കൈത്താങ്ങായി മാറിയ സഹകരണ ബാങ്കിങ് മേഖല ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്.

1975 ല്‍ ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. അതുതന്നെ നിക്ഷേപമായിരുന്നില്ല. വായ്പ നല്‍കുമ്പോള്‍ നിര്‍ബന്ധിത നിക്ഷേപമായി ത്രിഫ്റ്റ് ഡെപ്പോസിറ്റ് മാറ്റിയെടുക്കുന്നതായിരുന്നു. 1976ല്‍ നിക്ഷേപ സമാഹരണമായി ലക്ഷ്യമിട്ടിരുന്നത് 20 കോടി രൂപാണ്. ആദ്യനിക്ഷേപ സമാഹരണത്തില്‍ 26 കോടി രൂപ പിരിഞ്ഞുകിട്ടി. ഇന്നിപ്പോള്‍ ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ ശരാശരി നിക്ഷേപം 40 കോടിയോളം രൂപയായി ഉയര്‍ന്നത്, ഇ ചന്ദ്രശേഖരന്‍ നായരുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ്.

സംസ്ഥാനത്തിന്റെ ഗ്രാമീണ വികസനത്തില്‍ അതിപ്രധാനമായ പങ്ക് വഹിക്കുന്ന ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ സംഭാവനയാണ്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രശേഖരന്‍ നായര്‍ ചെയര്‍മാനായി നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഇത് ഉണ്ടായത്. സംസ്ഥാനത്തിന്റെ കാര്‍ഷികോല്‍പ്പാദന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് രൂപം നല്‍കിയത്. ചന്ദ്രശേഖരന്‍ നായര്‍ നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്റെ വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ കോഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍ ശങ്കരനാരായണന്‍ തമ്പി സ്മാരകപുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സഖാവ് ഇ ചന്ദ്രശേഖരന്‍ നായരെ തേടിയെത്തി.

രാഷ്ട്രീയ ഏകത അവാര്‍ഡ്1998, ഇഫ്‌കോ(ഐഎഫ്എഫ്‌സിഒ)യുടെ 201213 ലെ സഹകാരിതാ രത്‌നാ അവാര്‍ഡ്, മസ്‌കറ്റ് മൈത്രിയുടെ അച്യുതമേനോന്‍ അവാര്‍ഡ്2012, വി കെ രാജന്‍ പുരസ്‌കാരം2015, പ്രൊ. കെ എം ചാണ്ടി അവാര്‍ഡ്2000, എസ് കരുണാകര കുറുപ്പ് സ്മാരക പൊതുപ്രവര്‍ത്തക അവാര്‍ഡ്2011, കല്ലാട്ട് സ്മാരക പുരസ്‌കാരം2015, ബി വിജയകുമാര്‍ അവാര്‍ഡ്2010, പി ആര്‍ നമ്പ്യാര്‍ പുരസ്‌കാരം2013, സി അച്യുതമേനോന്‍ സ്മാരക പുരസ്‌കാരം2009, നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡ്2009, ടി എ മജീദ് അവാര്‍ഡ്2015, പികെവി പുരസ്‌കാരം2013, എംആര്‍ജി ഫൗണ്ടേഷന്‍ അവാര്‍ഡ്2006, ആര്‍ ഗംഗപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ്, വി സദാനന്ദന്‍ അവാര്‍ഡ്, ഗള്‍ഫ് മലയാളി അവാര്‍ഡ്, സഹകാര്‍മിത്ര ദേശീയ പുരസ്‌കാരം2016 തുടങ്ങി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചു.കേരള നിയമസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചന്ദ്രശേഖരന്‍ നായരെ ആദരിച്ചിരുന്നു.

സമൂഹനന്മ ജീവിതലക്ഷ്യമാക്കി പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന ഉത്തമകമ്മ്യൂണിസ്റ്റിനെയാണ് നാടിന് നഷ്ടമായത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.