Thu. Mar 28th, 2024

സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ജീവനക്കാര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് തൊഴില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാതല തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും, കേസ് ജനുവരി 15 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും, കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

സംസ്ഥാനത്തെ വസ്ത്രവില്പന ശാലകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.കട തുറക്കുന്നതു മുതല്‍ അടയ്ക്കുന്നതുവരെ സ്ത്രീ ജീവനക്കാരെ ഒരേ നില്‍പ്പ് നിര്‍ത്തുന്നത് ക്രൂരതയാണെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

കേരളത്തില്‍ കോടികളുടെ വസ്ത്രവ്യാപാരം നടത്തുന്ന ടെക്‌സറ്റൈല്‍ ഷോപ്പുകള്‍ ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ ജീവനോ സ്വത്തിനോ യാതൊരുവിധത്തിലുള്ള ഉത്തരവാദിത്വവും കാണിക്കുന്നില്ല. . കച്ചവടം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് ജീവനക്കാരോടുള്ള പെരുമാറ്റത്തില്‍ നിന്നും മുമ്പ് പലതവണ വെളിച്ചത്തു വന്നിട്ടുള്ളതാണ്.യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നതിനുള്ള തെളിവുകളും പുറത്തു വന്നിരുന്നു.അതായാത് ഈ വസ്ത്രസ്ഥാപനങ്ങളില്‍ വരുന്ന ഉപഭോക്താവിന്റെ സുരക്ഷയില്‍ പോലും ഇവര്‍ ശ്രദ്ധാലുക്കളല്ല എന്നര്‍ത്ഥം.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വസ്ത്രശാലകളിലും അവരുടെ ഗോഡൗണുകളിലും അഗ്നിസുരക്ഷ, ആരോഗ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി മുതലായ കാര്യങ്ങളിലും വീഴ്ചയുണ്ടെന്ന പരാതിയെ തുടര്‍ന്നു വിജിലന്‍സ് നടത്തിയ പരിശോധനയിലും വമ്പന്‍ സ്ഥാപനങ്ങളുടെ കള്ളത്തരങ്ങള്‍ പുറത്തുവന്നിരുന്നതാണ്.

വസ്ത്രവ്യാപാരശാലകളിലെ ശോചനീയമായ ജോലി സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ കേരള സര്‍ക്കാരിന് ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ വസ്ത്രവ്യാപാര ശാലകളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധനകള്‍ നടത്തിയത്.

തിരുവനന്തപുരത്തെ രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ്, കല്യാണ്‍ സാരീസ്, പോത്തീസ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നിര്‍മാണത്തിലെ കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് (കെ എം ബിആര്‍) ന്റെ ലംഘനം ഉള്ളതായും അഗ്നിസുരക്ഷ മാര്‍ഗങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുന്നില്ല എന്നും തൊഴിലാളികള്‍ക്കാവശ്യമായ ഇരിപ്പിടങ്ങള്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടില്ല എന്നുമുള്ള അതീവഗൗരവതരമായ കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇക്കാലമത്രയും ചട്ടങ്ങളും നിയമങ്ങളും തെറ്റിച്ചും ജീവനക്കാരോടു മനുഷ്യത്വരഹിതമായി പെരുമാറിയും ലാഭം കൊയ്തു മുന്നേറുന്ന കച്ചവടസ്ഥാപനങ്ങളോട് ഭരണകൂടം എന്തു ചെയ്തു?

തിരുവനന്തപുരത്തെ പോത്തീസ് ടെക്‌സറ്റയില്‍സിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം നടന്നിട്ട് അധികകാലമായില്ല. മനുഷ്യജീവന് ആപത്തൊന്നും സംഭവിച്ചില്ലെങ്കിലും ഇത്തരം അപകടങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന മുന്നറിയിപ്പാണത്. അങ്ങനെയൊന്നു സംഭവിക്കുന്നത് തടയാന്‍ തക്ക പ്രതിരോധമാര്‍ഗങ്ങളൊന്നും ലക്ഷങ്ങളുടെ ബിസിനസ് നടത്തുന്ന സ്ഥാപനങ്ങള്‍ ഒരുക്കിയിട്ടില്ല. എന്നാല്‍ നിരുത്തരവാദപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേവലം ഒരു നോട്ടീസ് അയക്കുന്നതില്‍ കൂടുതലായി മാതൃകപരമായ മറ്റൊരു ശിക്ഷാനടപടികളും കൈക്കൊണ്ടിട്ടില്ല.

വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതരമായ ഒരു കാര്യം ജീവനക്കാര്‍ക്ക് മനുഷ്യത്വപരമായ അവകാശങ്ങള്‍ ലഭിക്കുന്നില്ലായെന്നതാണ്. എന്നാല്‍ ഈ സത്യം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആണോ ആദ്യമായി കണ്ടെത്തിയത്? വസ്ത്രശാലകളിലെ സ്ത്രീജീവനക്കാര്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ ഇതിനെല്ലാം മുന്നേ കേരളത്തില്‍ ഉയര്‍ന്നു വന്ന വിഷയമാണ്. തൃശൂര്‍ കല്യാണ്‍ സാരീസില്‍ മാസങ്ങളോളം നീണ്ട തൊഴിലാളി സമരം എന്തിനു വേണ്ടിയായിരുന്നു? അസംഘടിത മേഖലയില്‍ തൊഴില്‍ എടുക്കുന്നൂവെന്ന കാരണത്താല്‍ സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാതെയും മാനേജ്‌മെന്റിന്റെ പീഢനങ്ങള്‍ ഏറ്റുവാങ്ങിയും ജീവിത പരാധീനതകള്‍ കൊണ്ട് ചെയ്യുന്ന തൊഴില്‍ എന്ത് ത്യാഗം സഹിച്ചും മുന്നോട്ടുകൊണ്ടുപോകാന്‍ വിധിക്കപ്പെട്ട സെയ്ല്‍സ് ഗേള്‍സിന്റെ അതിജീവനത്തിന്റെ പോരാട്ടമായിരുന്നു ഇരിപ്പു സമരം.

എന്നാല്‍ തികച്ചും ന്യായമെന്നു മനസിലാക്കാന്‍ പ്രയാസമില്ലാതിരുന്ന തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ ഭരണകൂടമോ തയ്യാറാകാതിരുന്നതും പരസ്യത്തിൽ നിന്ന് കിട്ടുന്ന ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കി ‘കല്യാണ്‍’ എന്നെഴുതാനോ പറയാനോ ധൈര്യം വരാത്ത മാധ്യമങ്ങള്‍ മൗനം പാലിച്ചതും ഇരിപ്പുസമരം മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ സമരം അവസാനിച്ചെങ്കിലും തൊഴിലാളികള്‍ വിജയിച്ചോ? ആരും പിന്നെ അവരെക്കുറിച്ച് അന്വേഷിച്ചുപോലുമില്ല.

ഇതിനു പിന്നാലെയായിരുന്നു ആലപ്പുഴ സീമാസിലെ വനിത തൊഴിലാളികളുടെ സമരം. ജീവിതപ്രാരാബ്ദങ്ങള്‍ക്കൊണ്ട് എല്ലാ കഷ്ടപ്പാടുകളും സഹിച്ച് സാമാന്യമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുമ്പോഴും നിര്‍ബന്ധിത തൊഴിലെടുപ്പിന് വിധേരായി മാറിയിരുന്ന സ്ത്രീകള്‍ എന്തുകൊണ്ട് സമരത്തിലേക്ക് നീങ്ങിയെന്നതിന്റെ കാരണം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.

അമ്പതോളം സ്ത്രീ ജീവനക്കാര്‍ (സെയില്‍ ഗേള്‍സ് മുതല്‍ സ്വീപ്പര്‍മാരെ) തൊഴിലെടുക്കുന്നിടമായിരുന്നു സീമാസ്. അവരില്‍ ഭൂരിപക്ഷവും സെയില്‍സ് ഗേള്‍സ് എന്ന ലേബലില്‍ ജോലി നോക്കുന്നവരും. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറോളം നിന്നു കൊണ്ടു തന്നെ തങ്ങളുടെ ഡ്യൂട്ടി ചെയ്യേണ്ടി വന്നിരുന്ന ഈ സ്ത്രീകള്‍ക്ക് സ്ഥാപനത്തില്‍ നിന്നുണ്ടായിക്കൊണ്ടിരുന്നത് ഒട്ടും ആശാസ്യകരമാല്ലാത്ത അനുഭവങ്ങള്‍. രാവിലെ 9.15 ന് എല്ലാ ജീവനക്കാരും പഞ്ച് ചെയ്ത് അകത്തു കയറിയിരിക്കണം. താമസിക്കുന്നവര്‍ക്ക് ഫൈന്‍. രാവിലെ തുടങ്ങുന്ന ജോലി രാത്രി എട്ടരയ്ക്ക് കട ക്ലോസ് ചെയ്താലും അവസാനിക്കില്ല.

അടുക്കിപ്പെറുക്കലും മറ്റുമായി പിന്നെയും ഒന്നൊന്നര മണിക്കൂര്‍ കൂടി ജോലിയുണ്ട്. ഉത്സവ സീസണുകളിലാണെങ്കില്‍ ഡ്യൂട്ടി ടൈം പിന്നെയും കൂടും. പത്തരവരെയെങ്കിലും ജോലി നോക്കേണ്ട അവസ്ഥവരെ ഉണ്ടാകും. ഉച്ചയ്ക്ക് കിട്ടുന്ന അരമണിക്കൂറാണ് ഇവരുടെ റെസ്റ്റ് ടൈം. അത് ഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഒന്നാം നിലയില്‍ ജോലി ചെയ്യുന്നവര്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലേണ്ടത് അഞ്ചാം നിലയില്‍. പടി കയറി തന്നെ പോകണം, ലിഫ്റ്റ് ഉപയോഗിച്ചാല്‍ അഞ്ഞൂറു രൂപയാണ് ഫൈന്‍. ഓട്ടപ്പാച്ചിലാണ് ഭക്ഷണം കഴിക്കാന്‍. ഇതിനിടയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കോ മറ്റോ പോയി താമസിച്ചാല്‍ അതിനും ഫൈന്‍ അടയ്ക്കണം.

ആകെയുള്ളത് 4 ശൗചാലയങ്ങള്‍. ജോലിക്കിടയില്‍ രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാലോ! അപ്പോഴും അടയ്ക്കണം നൂറുരൂപാവീതം ഫൈന്‍. ആളെണ്ണം കൂടുന്നതിനനുസരിച്ച് തുകയും കൂടും. പന്ത്രണ്ടു മണിക്കൂറോളം ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ ഒരു സ്റ്റൂള്‍ പോലും ഇട്ടിട്ടില്ല. ഇരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നു. സ്ത്രീകളാണെന്ന പരിഗണനപോലും അവരോട് കാണിച്ചിരുന്നില്ല.

ശമ്പളവും ഭക്ഷണവും താമസസൗകര്യവുമാണ് എല്ലാ സ്ഥാപനങ്ങളും തൊഴില്‍ദാതാക്കള്‍ക്ക് നല്‍കുന്ന വാഗ്ദാനം. സീമാസിലെ സമരനാളുകളില്‍ ഒരു സെയില്‍ ഗേള്‍സ് ശമ്പളത്തെ കുറിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു;

അഞ്ചുവര്‍ഷമായി ഈ സ്ഥാപനം ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. അന്നുതൊട്ട് ഇവിടെ ജോലി നോക്കുന്ന സെയില്‍സ് ഗേള്‍സിനുപോലും ഇപ്പോഴും കിട്ടുന്നത് 7,500 രൂപ! പി എഫ്, ഇ എസ് ഐ എന്നിവ പിടിച്ചു കഴിഞ്ഞാല്‍ കൈയില്‍ കിട്ടുന്നത് അതിലും ചെറിയ തുക. പി എഫ്, ഇ എസ് ഐ എന്നീ അവകാശങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കുന്നുമില്ല. അതുമല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി ഈയിനത്തില്‍ പിടിക്കുന്ന തുകയ്ക്ക് രസീതൊന്നും തൊഴിലാളികള്‍ക്ക് നല്‍കുന്നുമില്ല. ഏറ്റവും കൂടിയ ശമ്പളം 7,500 ആകുമ്പോള്‍ പുതിയതായി വരുന്നവരുടെ കാര്യം പറയണ്ടല്ലോ.

നാലായിരത്തിനും അയ്യായിരത്തിനും ഇടയിലാണ് അവരുടെ ശമ്പളം. ഒരു ദിവസത്തിന്റെ പകുതിയോളം കഠിനമായ ജോലിയെടുക്കുന്നതിനാണ് ഈ കൂലിയെന്ന് ഓര്‍ക്കണം. മാസത്തില്‍ മുപ്പതു ദിവസത്തോളം ഇവര്‍ക്ക് ജോലിക്കു വരേണ്ടി വരും. ലീവ് എന്നതൊക്കെ കിട്ടിയാല്‍ കിട്ടുന്ന മഹാഭാഗ്യം! ഞായര്‍ പോലും ജോലിക്കു വരേണ്ട അവസ്ഥ. കുടുംബവും കുട്ടികളുമൊക്കെയുള്ളവര്‍ക്ക് പോലും ഇതില്‍ നിന്നും മോചനമില്ല. പ്രത്യേക അവസരങ്ങളില്‍ ഓവര്‍ടൈം ചെയ്യേണ്ട ജോലിക്ക് ഒരുപൈസപോലും കൂടുതല്‍ നല്‍കില്ല. അതേസമയം ജീവനക്കാര്‍ക്ക് നല്‍കുന്ന യൂണിഫോമിനും ടാഗിനും വരെ കാശ് അവരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുകയും ചെയ്യും.

ബോണസ് എന്നത് ശമ്പളത്തിന്റെ പകുതിമാത്രം. ഏറ്റവും കൂടിയ തുക നാലായിരം. പെരുന്നാള്‍ പ്രമാണിച്ചു മുസ്ലിം സമുദായത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടികള്‍ക്കുപോലും ഒരു രൂപ അധികം കൊടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. നോമ്പ് പിടിച്ചിരുന്നവര്‍ വൈകുന്നേരം നോമ്പ് വീടാന്‍ ആയി ഒരു തുള്ളി വെള്ളം കുടിക്കണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ടുവരണമായിരുന്നു.

ഇനി താമസസൗകര്യത്തെ കുറിച്ച് പറയാനുള്ളതോ; ഞങ്ങള്‍ പതിമൂന്നുപേര്‍ ഈ സ്ഥാപനത്തിന്റെ തന്നെ ഏറ്റവും മുകളിലത്തെ നിലയിലാണ് താമസം. ഹോസ്റ്റല്‍ എന്നാണ് മനേജ്‌മെന്റ് പറയുന്നതെങ്കിലും ഒരു കുടുസു മുറിയില്‍ അഞ്ച് കട്ടിലിട്ട് അതിലാണ് ഞങ്ങള്‍ പതിമൂന്നുപേര്‍ കഴിയുന്നത്. പലരും തറയില്‍ കിടന്ന് ഉറങ്ങേണ്ട അവസ്ഥയില്‍. കാറ്റും മഴയും വന്നാല്‍ പിന്നെ ഉറക്കം ഇല്ല, അഴുക്കുവെള്ളം ഒഴുകി തറയില്‍ വരും. കുറെ പരാതി പറഞ്ഞപ്പോള്‍ തറ സിമന്റ് ചെയ്തു. എന്നിട്ടും വെള്ളമൊഴുകി വരുന്നത് തുടരുന്നു. ഒരിക്കല്‍ ഈക്കാര്യം പരാതി പെട്ടപ്പോള്‍ വാര്‍ഡന്‍ തിരിച്ചു പറഞ്ഞത്, അത് നീ കോരിയൊഴിക്കുന്നതായിരിക്കും എന്നാണ്. ഇവിടെയുള്ളത് ആകെ നാലു ശൗചാലയങ്ങളാണ്. കുളിക്കാനും മലമൂത്രവിസ്സര്‍ജനത്തിനായുമെല്ലാം അതാണ് ഉപയോഗിക്കേണ്ടത്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാര്‍ക്കുമായി ആകെയുള്ളതാണ് ഈ നാലു ശൗചാലയങ്ങള്‍. ഇതിനോടു ചേര്‍ന്നാണ് ഞങ്ങളുടെ കിച്ചന്‍. ആഹാരം പാകം ചെയ്യുന്ന സമയമാണെങ്കില്‍ പുക മുഴുവന്‍ ഞങ്ങളുടെ മുറിയിലാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം നേരിടുന്നത്. ഭക്ഷണവും പലപ്പോഴും പഴകിയതാണ് കിട്ടുന്നത്. ഒന്നുരണ്ടുമാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു.

ആലപ്പുഴ സീമാസിലെ സമരത്തിന് സി ഐടിയുവിന്റെ പിന്തുണ കിട്ടി അതിനു കാരണം സമരത്തിനിറങ്ങിയ തൊഴിലാളികള്‍ സി ഐടിയുവില്‍ അംഗത്വം എടുത്തൂവെന്നതാണ്. കൂടാതെ ഇന്നത്തെ ധനമന്ത്രിയായ ടി എം തോമസ് ഐസക്ക് സീമാസിലെ സമരത്തിനൊപ്പം നിന്നിരുന്നു. തൃശൂര്‍ കല്യാണ്‍ സാരീസിലെ സമരത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവഗണിച്ചെങ്കില്‍ ആലപ്പുഴയില്‍ അങ്ങനെയുണ്ടായില്ല. അതിനു കാരണം ഉണ്ടെങ്കില്‍ കൂടി തൊഴിലാളികളുടെ ആവശ്യങ്ങള്‍ കരാര്‍ പ്രകാരം അംഗീകരിക്കാന്‍ ഉടമകള്‍ തയ്യാറായി.

ഈ സമരത്തിന്റെ സമയത്ത് തന്നെ നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത സ്ഥാപനത്തിന്റെ മറ്റ് ഷോറൂമകളില്‍ അടക്കം കേരളത്തിലെ ഏതാണ്ടെല്ലാം തുണിക്കടകളിലും ഇതേ പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞതാണ്. കേരളത്തില്‍ എത്ര ഷോപ്പുകള്‍ കാണും, അവിടെയെല്ലാം എത്രയോ വനിതകള്‍ തൊഴില്‍ എടുക്കുന്നുണ്ടാകും. ഒന്നുറപ്പ് പറയാം, ഇവിടങ്ങളിലെല്ലാം കല്യാണിലും സീമാസിലും നേരിടേണ്ടി വന്ന അതേ മനുഷ്യാവകാശധ്വംസനങ്ങള്‍ തൊഴിലാളികള്‍ നേരിടുന്നുണ്ടാകും. ഒരു വിജിലന്‍സ് അന്വേഷണത്തിന്റെയും ആവശ്യമില്ലാതെ തിരിച്ചറിയാവുന്ന കാര്യങ്ങളാണതെല്ലാം.

പല കാലങ്ങളായി ഈ തൊഴില്‍ ചൂഷണങ്ങളെ കുറിച്ച് ഭരണകൂടത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. അസംഘടിതരായി പോയ ഒരു കൂട്ടം തൊഴിലാളികളെ അവഗണിച്ചും അവരെ നിരന്തരം ദ്രോഹിച്ചും നാട്ടിലെ നിയമങ്ങളും ചട്ടങ്ങളും തെറ്റിച്ച് ലാഭക്കൊതിയന്മാരായി വളര്‍ന്നു വരുന്ന വന്‍കിട സ്ഥാപനങ്ങളോടു കണ്ണടച്ചും ഉറക്കം നടിക്കുന്ന ഭരണസംവിധാനങ്ങള്‍ ഇത്തരം ഓര്‍മപ്പെടുത്തലുകളില്‍ ഉണരാതിരിക്കുവോളം അര്‍ഹരായവര്‍ക്കു നീതി നിഷേധിക്കപ്പെട്ടുകണ്ടേയിരിക്കും.