Sat. Nov 21st, 2026

ചൊവ്വാഴ്ച രാവിലെ സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എെ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രൻ. മാദ്ധ്യമ വിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പ്പൂരല്ല തിരുവനന്തപുരമെന്ന് അദ്ദേഹം വിമർശിച്ചു.മാധ്യമങ്ങളെ തടഞ്ഞതിനെ പന്ന്യൻ രവീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം സുധീരൻ എന്നിവരും വിമർശിച്ചു.

സർക്കാർ വിമർശനങ്ങൾക്ക് മുന്നിൽ ചൂളുന്നതെന്തിനാണെന്ന് സി.പി.എെ നേതാവ് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങളെ അനുവദിക്കാതിരുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് വി.എം സുധീരൻ ആരോപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നാക്രമണമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സെക്രട്ടറിയേറ്റിൽ മാദ്ധ്യമങ്ങളെ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. സുരക്ഷാ കാരണങ്ങൾ ഉള്ളതിനാലാണ് മാദ്ധ്യമ പ്രവർത്തകരുടെ വാഹനം സെക്രട്ടറിയേറ്റിൽ പ്രവേശിപ്പിക്കാതിരുന്നതെന്നും മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കില്ലായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനെത്തുന്നതിനു മുൻപാണ് മാദ്ധ്യമങ്ങളെ തടഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നിൽക്കാൻ മാദ്ധ്യമപ്രവർത്തകരെ സാധാരണ അനുവദിക്കാറുണ്ട്. എന്നാൽ ചൊവ്വാഴ്ച രാവിലെ എത്തിയപ്പോൾ മാധ്യമങ്ങളെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.